ഉത്തർപ്രദേശിലെ ഫത്തേപ്പൂരിൽ ചരിത്രപരമായ ശവകുടീരം ഹിന്ദു സംഘടനകൾ നശിപ്പിച്ചതിനെ തുടർന്ന് സംഘർഷാവസ്ഥ ഉടലെടുത്തു.

ലഖ്നൗ: ഉത്തർപ്രദേശിലെ ഫത്തേപ്പൂർ ജില്ലയിൽ തിങ്കളാഴ്ച ചില ഹിന്ദു സംഘടനകളിൽപ്പെട്ടവർ സദർ തഹസീലിലെ അബു നഗർ, റെഡിയ പ്രദേശത്തുള്ള ഒരു ശവകുടീരം തകർത്തതോടെയാണ് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായത്. ഒരു ക്ഷേത്രം പൊളിച്ചാണ് ഈ കെട്ടിടം നിർമ്മിച്ചതെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
ഇത് കൂടുതൽ സംഘർഷങ്ങൾക്ക് ഇടയാക്കാതിരിക്കാൻ, ജില്ലാ ഭരണകൂടം തർക്ക സ്ഥലത്തിന് ചുറ്റും ബാരിക്കേഡുകൾ സ്ഥാപിച്ച് വൻ പോലീസ് സേനയെയും പിഎസി സംഘത്തെയും വിന്യസിച്ചു. പ്രാദേശിക വൃത്തങ്ങൾ പറയുന്നതനുസരിച്ച്, തിങ്കളാഴ്ച രാവിലെ 10 മണിയോടെ വിവിധ ഹിന്ദു സംഘടനകളിൽപ്പെട്ട 2,000-ത്തിലധികം ആളുകൾ ഈദ്ഗാഹിന്റെ പരിസരത്തുള്ള ശവകുടീരത്തിന് ചുറ്റും തടിച്ചുകൂടി. ഇവിടെ പോലീസ് നേരത്തെ തന്നെ നിലയുറപ്പിച്ചിരുന്നു.
സർക്കാർ രേഖകളിൽ ഖസ്ര നമ്പർ 753 പ്രകാരം മഖ്ബറ മാംഗി (ദേശീയ സ്വത്ത്) എന്ന് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ള ഈ കെട്ടിടത്തെ ചൊല്ലിയാണ് തർക്കം ഉടലെടുത്തത്. ഈ ശവകുടീരം ആയിരം വർഷം പഴക്കമുള്ള ഠാക്കൂർജി (ശ്രീകൃഷ്ണൻ), ശിവൻ എന്നിവർക്ക് സമർപ്പിച്ച ക്ഷേത്രമായിരുന്നുവെന്ന് മാത് മന്ദിർ സംരക്ഷണ് സംഘർഷ് സമിതി, ബജ്റംഗ്ദൾ, ഹിന്ദു മഹാസഭ തുടങ്ങിയ സംഘടനകൾ ആരോപിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.
‘ജയ് ശ്രീറാം’ വിളികളുമായി കാവി പതാകയേന്തിയെത്തിയ വലിയൊരു ജനക്കൂട്ടം ശവകുടീരത്തിന് ചുറ്റും കൂടി. ഈ ശവകുടീരം യഥാർത്ഥത്തിൽ ഒരു ക്ഷേത്രമായിരുന്നുവെന്ന് ആരോപിച്ച് മാത് മന്ദിർ സംഘർഷ് സമിതിയിലെ അംഗങ്ങൾ വെള്ളിയാഴ്ച ഫത്തേപ്പൂർ ജില്ലാ മജിസ്ട്രേറ്റ് രവീന്ദ്ര സിംഗിന് ഒരു നിവേദനം നൽകിയിരുന്നതായും പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു.
With input from TNIE