ASTROLOGYINDIA NEWSKERALA NEWS

അഴീക്കൽ പൂക്കോട്ട് ബലിതർപ്പണ ചടങ്ങ് നടന്നു

ഓച്ചിറ: അഴീക്കൽ പൂക്കോട്ട് ക്ഷേത്രത്തിൻ്റെ നേതൃത്വത്തിൽ ഭദ്രൻ മുക്കിൽ നടന്ന ബലിതർപ്പണ ചടങ്ങില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

കര്‍ക്കടക മാസത്തിലെ അമാവാസി ദിനത്തിലാണ് കര്‍ക്കടക വാവ് ബലി ആചരിക്കുന്നത്. പലവിധത്തിലുള്ള അനുഷ്ഠാനങ്ങളും ആചാരങ്ങളും ഒത്തുചേര്‍ന്നാണ് ബലിതര്‍പ്പണം നടത്തുന്നത്. ശ്രാദ്ധകര്‍മ്മങ്ങള്‍ നടത്താന്‍ ഇല്ലം, വല്ലം, നെല്ലി എന്നിടങ്ങള്‍ ഉത്തമമാണെന്ന് വിശ്വസിച്ചുപോരുന്നു. ഇല്ലം എന്നു പറഞ്ഞാല്‍ സ്വന്തം വീട്, വല്ലം എന്നു പറഞ്ഞാല്‍ തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്ത് സ്ഥിതിചെയ്യുന്ന പരശുരാമക്ഷേത്രം, നെല്ലി എന്നു പറയുന്നത് വയനാട് ജില്ലയിലെ ബ്രഹ്മഗിരി മലനിരകളിലെ കമ്പമല, കരിമല, വരഡിഗ മലകള്‍ എന്നിവയാല്‍ ചുറ്റപ്പെട്ട മഹാവിഷ്ണു മുഖ്യപ്രതിഷ്ഠയായ തിരുനെല്ലി ക്ഷേത്രമാണ്. ബലിതര്‍പ്പണം നമ്മുടെ വീടുകളിനടുത്തുള്ള ക്ഷേത്രങ്ങളിലോ നദിക്കരയിലോ നമുക്ക് സ്വസ്ഥമായി ഇടുവാനും സാധിക്കും. അതിനും വിധിയുണ്ട്.

ബലിതര്‍പ്പണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടതും ഗൗരവമുള്ളതുമായ കാര്യം സങ്കല്‍പ്പമാണ്. ബലി ആരംഭിക്കുന്നതിനുമുമ്പ് നമ്മള്‍ പൂര്‍വ്വികരെ മനസ്സില്‍ സ്മരിച്ച് കൊണ്ട് സങ്കല്‍പ്പം എടുക്കുന്നതിന് അതീവ പ്രാധാന്യമുണ്ട്. ഈ സങ്കല്‍പ്പത്തിന്റെ ദൃഢതയുടെ അടിസ്ഥാനത്തിലാണ് പിതൃക്കള്‍ ബലി സ്വീകരിക്കുന്നതെന്ന് മനസ്സിലാക്കണം. അതുകൊണ്ട് തന്നെ ചൊല്ലുന്ന മന്ത്രങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കുവാന്‍ നമ്മള്‍ നിര്‍ബന്ധമായും തയ്യാറാകണം. എന്തിനുവേണ്ടിയാണ് ബലി ഇടുന്നത്, എന്താണ് പ്രാര്‍ത്ഥനാ സങ്കല്‍പം എന്നിവയെകുറിച്ച് പൂര്‍ണ്ണമായ ധാരണ നമുക്കുണ്ടാവണം എന്നതാണ് മുഖ്യം. ഭാരതത്തില്‍ മാത്രമല്ല പിതൃതര്‍പ്പണം നടത്തുന്നത്. ബുദ്ധമത രാജ്യങ്ങളിലെല്ലാം തന്നെ ഇത്തരത്തിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ ഇപ്പോഴും പിന്‍തുടരുന്നത് കാണാം. ജപ്പാനില്‍ പിതൃബലിയെ ‘ഛയീ’ എന്നാണ് വിളിക്കുന്നത്. സംതൃപ്തിയേകുന്ന ഭക്ഷണദാനം എന്നര്‍ത്ഥത്തിലാണ് പിതൃതര്‍പ്പണം അറിയപ്പെടുന്നത്. എള്ളും ജലവും ചേര്‍ന്ന അര്‍പ്പണത്തെയാണ് തര്‍പ്പണം എന്നു പറയപ്പെടുന്നത്.

ഐതിഹ്യം

മരിച്ചവര്‍ ചന്ദ്രന്റെ അന്ധകാരമാനമായ ഭാഗത്തുള്ള പിതൃലോകത്തേക്ക് ഉയര്‍ത്തപ്പെടുന്നു എന്നാണ് സങ്കല്പം. പിതൃലോകത്ത് വസു, രുദ്ര, ആദിത്യ എന്നീ മൂന്നുതരം ദേവതകള്‍ ഉണ്ട്. ഇവര്‍ തര്‍പ്പണം സ്വീകരിച്ച് അതാത് പിതൃക്കള്‍ക്കെത്തിയ്ക്കുകയും അത് മോക്ഷ പ്രാപ്തിക്ക് പാഥേയമായി ഭവിക്കുകയും ചെയ്യുന്നു. തര്‍പ്പണം ആണ് പിതൃക്കള്‍ക്കുള്ള ഏക ഭക്ഷണം എന്നും അത് ലഭിക്കാത്ത സാഹചര്യത്തില്‍ പിതൃക്കള്‍ മറ്റ് ജന്മമെടുക്കുമെന്നും അവരുടെ ശാപം വരുംതലമുറകളെ ബാധിക്കുമെന്നും വിശ്വസിക്കുന്നു. രാമായണത്തില്‍ പിതാവായ ദശരഥനും പക്ഷിശ്രേഷ്ഠനായ ജടായുവിനും ശ്രീരാമന്‍ ബലിതര്‍പ്പണം ചെയ്തതായി പരാമര്‍ശിക്കുന്നുണ്ട്. അതുപോലെ തന്നെ രാവണന് സഹോദരന്‍ വിഭീഷണനും ബലിതര്‍പ്പണം ചെയ്തിട്ടുണ്ട്. ഓടപ്പിണ്ണാക്കില്‍ തേന്‍ചേര്‍ത്തുണ്ടാക്കിയ അന്നംകൊണ്ടാണ് രാമന്‍ ദശരഥനുവേണ്ടി ബലിതര്‍പ്പണം ചെയ്തത്. ശ്രീരാമന്‍ വനവാസ കാലത്ത് ദശരഥന് കേരളത്തില്‍ പമ്പാനദിയില്‍ പിതൃതര്‍പ്പണം നടത്തിയെന്നും ഐതിഹ്യമുണ്ട്. മരിച്ചുപോയവര്‍ക്കുവേണ്ടി ബലിതര്‍പ്പണം തുടങ്ങിയ ആചാരങ്ങള്‍ ചെയ്യേണ്ടത് ഉറ്റവരുടെ കടമ തന്നെയാണ് എന്ന് രാമായണം സൂചിപ്പിക്കുന്നു. ആദിശങ്കരാചാര്യ സ്വാമികള്‍ തന്റെ മാതാവിന്റെ ശ്രാദ്ധം അര്‍പ്പിക്കാനായി തിരുവല്ലത്ത് എത്തിയെന്നും പിതൃകര്‍മ്മത്തിനായി ശ്രീ ബ്രഹ്മാവിനെയും ശ്രാദ്ധം ഊട്ടുന്നതിനായി മഹാവിഷ്ണുവിനെയും ഏകോദിഷ്ഠസ്ഥാനം പറ്റുന്നതിനായി അശ്വിനി ദേവകള്‍ക്ക് വേണ്ടി പരമശിവനേയും ധ്യാനിച്ചു പ്രത്യക്ഷപ്പെടുത്തിയതായും വിശ്വസിക്കുന്നു. ശ്രാദ്ധം കഴിഞ്ഞ് സമീപത്തുള്ള ആറിന്റെ വക്കത്ത് പിണ്ഡം ഒഴുക്കുന്നതിനായി എത്തിയപ്പോള്‍ ചതുര്‍ബാഹുവായ മത്സ്യമൂര്‍ത്തിയുടെ രൂപത്തില്‍ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടുവെന്നും, തൃക്കൈകളാല്‍ പിണ്ഡം സ്വീകരിച്ചുവെന്നും, ആ മൂര്‍ത്തിയെ ക്ഷേത്രത്തില്‍ ജഗദ്ഗുരു തന്നെ പ്രതിഷ്ഠിച്ചുവെന്നുമാണ് വിശ്വസിക്കുന്നത്. ദാനക്രിയകള്‍ക്കുശേഷം ശ്രീപരശുരാമസ്വാമിയെ വടക്ക് ദര്‍ശനമാക്കി പ്രതിഷ്ഠിക്കുകയും ബ്രഹ്മദേവനെ ആചാര്യനായി മധ്യഭാഗത്തും പ്രതിഷ്ഠിച്ച ശേഷം സ്വാമികള്‍ ഇവിടെ നിന്നും യാത്രയായി എന്നാണ് ഐതിഹ്യം.

Related Articles

Back to top button