INDIA NEWSKERALA NEWS

പ്രതീക്ഷയുടെ പുനർനിർമ്മാണം: മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിന് ഒരു വർഷം, മാതൃകാ ഭവനം പൂർത്തിയാകുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിന് ഒരാണ്ട് പൂർത്തിയാകുമ്പോൾ അതിജീവിതർക്കായി ഒരുക്കുന്ന ടൗൺഷിപ്പിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. എൽസ്റ്റൺ എസ്റ്റേറ്റിൽ 410 വീടുകളിൽ 1662 പേർക്കാണ് തണലൊരുങ്ങുന്നത്. മാർച്ച് 27ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടതിനു ശേഷം അഞ്ച് മാസം കഴിയുമ്പോൾ മാതൃകാ വീടിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. വീടിന്റെ പെയിന്റിംഗ് പണി നടക്കുന്നു. മഴ തടസം സൃഷ്ടിച്ചില്ലെങ്കിൽ ഈ മാസം വീടിന്റെ പണി പൂത്തിയാകും. അഞ്ച് സോണുകളിലായി നിർമ്മിക്കുന്ന 410 വീടുകളിൽ ആദ്യ സോണിൽ 140, രണ്ടാം സോണിൽ 51, മൂന്നാം സോണിൽ 55, നാലാം സോണിൽ 51, അഞ്ചാം സോണിൽ 113 എന്നിങ്ങനെയാണ് വീടുകളുണ്ടാവുക. പ്രകൃതി ദുരന്തങ്ങൾ അതിജീവിക്കാൻ സാധിക്കും വിധം 1000 ചതുരശ്രയടിയിൽ ഒറ്റ നിലയിൽ പണിയുന്ന കെട്ടിടം ഭാവിയിൽ ഇരു നില നിർമ്മിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികൾ, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോർ ഏരിയ എന്നിവ വീടിന്റെ ഭാഗമാണ്.വീടുകൾക്ക് പുറമെ പൊതു റോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവയും ടൗൺഷിപ്പിൽ ഉണ്ടാവും. ആരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി, ഫാർമസി, പരിശോധന-വാക്‌സിനേഷൻ-ഒബ്‌സർവേഷൻ മുറികൾ, ഒപി, ടിക്കറ്റ് കൗണ്ടർ സൗകര്യങ്ങൾ സജ്ജീകരിക്കും. പൊതു മാർക്കറ്റിൽ കടകൾ, സ്റ്റാളുകൾ, ഓപ്പൺ മാർക്കറ്റ്, കുട്ടികൾക്ക് കളി സ്ഥലം, പാർക്കിങ് എന്നിവ ഒരുക്കും. മർട്ടി പർപ്പസ് ഹാൾ, കളി സ്ഥലം, ലൈബ്രറി, സ്‌പോട്‌സ് ക്ലബ്ബ്, ഓപ്പൺ എയർ തിയേറ്റർ എന്നിവ കമ്മ്യൂണിറ്റി സെന്ററിൽ നിർമ്മിക്കും.ഏപ്രിൽ 11ന് എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുത്തതിന്റെ തൊട്ടടുത്ത ദിവസം മുതൽ വീട് നിർമാണം സർക്കാർ ആരംഭിച്ചിരുന്നു. കൽപ്പറ്റ വില്ലേജിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ ബ്ലോക്ക് 19, റീ സർവ്വെ നമ്പർ 88 ലെ 64.4705 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്. എൽസ്റ്റൺ എസ്റ്റേറ്റിൽ ടൗൺഷിപ്പ് നിർമ്മാണത്തിനായി 43.77 കോടി രൂപ ഹൈക്കോടതി രജിസ്ട്രാർ ജനറലിന്റെ അക്കൗണ്ടിൽ കെട്ടിവെച്ചാണ് സർക്കാർ ഭൂമി ഏറ്റെടുത്തത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 26 കോടി രൂപ ആദ്യം കെട്ടിവെച്ചു. എന്നാൽ എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകൾ സുപ്രീം കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ അധിക നഷ്ടപരിഹാര തുകയായ 17.77 കോടി രൂപ കൂടി കോടതിയിൽ കെട്ടിവെച്ചു. ദുരന്തത്തിൽ മരണപ്പെട്ട 298 പേരിൽ 220 പേരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി സംസ്ഥാന ദുരന്ത നിവാരണ നിധി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയിൽ നിന്ന് ആറ് ലക്ഷം വീതം 13.21 കോടി (132190000) രൂപ വിതരണം ചെയ്തു. അടിയന്തര മരണാനന്തര ധനസഹായമായി 1036 കുടുംബങ്ങൾക്ക് 10000 രൂപ വീതം 1.03 (10360000) കോടി രൂപയും നൽകി.അതിജീവിതർക്ക് താത്ക്കാലിക ജീവനോപാധിയായി സംസ്ഥാന സർക്കാർ 11087 ഗുണഭോക്താക്കൾക്ക് ആറ് ഘട്ടങ്ങളിലായി നൽകിയത് 10.09 (10,09,98,000) കോടി രൂപയാണ്. ദുരന്തം നടന്ന ഒരാഴ്ചയ്ക്കകം ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ 10 പേർക്ക് 5,54,000 രൂപയും ഒരാഴ്ചയിൽ കൂടുതൽ പരിക്കേറ്റ് ചികിത്സയിലുണ്ടായ 27 പേർക്ക് 17,82,000 രൂപയും അടിയന്തര സഹായമായി നൽകി. അപ്രതീക്ഷിത ദുരന്തത്തിൽ തൊഴിലും ജീവനോപാധിയും നഷ്ടമായവർക്ക് ഒരു കുടുംബത്തിലെ മുതിർന്ന രണ്ടു വ്യക്തികൾക്ക് ദിവസം 300 രൂപ പ്രകാരം 18000 രൂപ വീതം നൽകുന്നുണ്ട്. താത്ക്കാലിക പുനരധിവാസ സംവിധാനത്തിന്റെ ഭാഗമായി 2024 ഓഗസ്റ്റ് മുതൽ 2025 ജൂൺ വരെ വാടക ഇനത്തിൽ 4.3 കോടി (4,34,14,200) രൂപ നൽകി. 795 കുടുംബങ്ങൾക്കാണ് താത്ക്കാലിക പുനരധിവാസം ഒരുക്കിയത്.

With input from KeralaNews

Related Articles

Back to top button