
കൊച്ചി: മലയാള സിനിമ കാത്തിരിക്കുന്ന മമ്മൂട്ടി-മോഹൻലാൽ ചിത്രം ‘പേട്രിയറ്റിന്’ (Patriot) തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് (FEUOK) ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി. നിർമ്മാതാവ് ആന്റോ ജോസഫും ഫിയോക്ക് ഭാരവാഹികളും നടത്തിയ ചർച്ചയിലാണ് റിലീസിനെ ചൊല്ലിയുള്ള തർക്കങ്ങൾക്ക് പരിഹാരമായത്. ഇതോടെ മെയ് 1-ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. സിനിമയുടെ ലാഭവിഹിതം പങ്കുവെക്കുന്നതിനെ ചൊല്ലിയുണ്ടായ അഭിപ്രായ വ്യത്യാസമാണ് വിലക്കിലേക്ക് നയിച്ചിരുന്നത്.
സാധാരണയായി സിനിമ റിലീസ് ചെയ്ത് ആദ്യ ആഴ്ചയിൽ 60:40 (നിർമ്മാതാവിന് 60, തിയറ്ററിന് 40 ശതമാനം) എന്ന നിലയിലും രണ്ടാം ആഴ്ചയിൽ അത് 55:45 എന്ന നിലയിലുമാണ് ലാഭവിഹിതം കൈമാറാറുള്ളത്. എന്നാൽ ‘പേട്രിയറ്റിന്’ ആദ്യ രണ്ട് ആഴ്ചയും 60 ശതമാനം വിഹിതം വേണമെന്ന നിർമ്മാതാക്കളുടെ ആവശ്യം തിയറ്റർ ഉടമകൾ തള്ളിയിരുന്നു. ചർച്ചയെത്തുടർന്ന് നിലവിലുള്ള പൊതു മാനദണ്ഡം (ആദ്യ ആഴ്ച 60%, രണ്ടാം ആഴ്ച 55%) പിന്തുടരാൻ ഇരുപക്ഷവും തീരുമാനിച്ചു.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘പേട്രിയറ്റ്’ 18 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മലയാളത്തിലെ രണ്ട് ഇതിഹാസ താരങ്ങളെ ഒന്നിപ്പിക്കുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ഇന്ത്യയെ കൂടാതെ ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യു.എ.ഇ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്. മെയ് ഒന്നിന് ചിത്രം പരമാവധി തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ ഫിയോക്ക് തിയറ്റർ ഉടമകളോട് നിർദ്ദേശിച്ചിട്ടുണ്ട്. (KFN)
For more details: The Indian Messenger



