അനി മങ്കിൻ്റെ പ്രൊഡക്ഷനിൽ Dr.മഞ്ജു വി മധു സംവിധാനം ചെയ്യുന്ന ഡോക്മെൻററി ഫിലിം.


കേരളത്തിലെ അനുഷ്ഠാന കലാരൂപമായ കുത്തിയോട്ടപ്പാട്ടുകളെക്കുറിച്ച് ഒരു മികച്ച ഡോക്യുമെൻററി അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു. കുത്തിയോട്ട പാട്ടുകളിൽ പഠനം നടത്തുന്ന എറണാകുളം മഹാരാജാസ് കോളേജ് മലയാള വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ. മഞ്ജു വി. മധുവാണ് ഈ ഡോക്യുമെൻററിയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ‘കുത്തിയോട്ട പാട്ടുകൾ കേരളത്തിൻ്റെ മാതൃദേവതാരാധനയുമായി ബന്ധപ്പെട്ടാണ് പ്രചാരം നേടിയത്.ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കുത്തിയോട്ടവും കെട്ടുകാഴ്ചകളും ലോകപ്രശസ്തമാണല്ലോ. അതീവ മനോഹരമായ ദൃശ്യ ഭംഗിയോടെ കുത്തിയോട്ട പാട്ടും ചുവടുകളും ചെട്ടികുളങ്ങര ക്ഷേത്രവും എല്ലാം ഈ ഡോക്യുമെൻററിയിൽ ചേർത്തു വെച്ചിരിക്കുന്നു.
പ്രൊഫസർ അലിയാരുടെ കമന്ററി ഡോക്യുമെന്ററിയുടെ പ്രധാന സവിശേഷതയാണ്. ഡോ. രാഘവൻ പയ്യനാട്, ഡോ.സജിത്ത് ഏവൂരേത്ത് ,പ്രശസ്തരായ കുത്തിയോട്ട ഗുരുക്കന്മാർ എന്നിവർ ഇതിൽ സംസാരിക്കുന്നു. പ്രധാനപ്പെട്ട കുത്തിയോട്ടപ്പാട്ടുകൾ ആശയ സഹിതം ഡോക്യുമെൻ്ററിയിൽ വിശദമാക്കുന്നുമുണ്ട് ‘കുത്തിയോട്ടപ്പാട്ടിന്റെ വാമൊഴി ,വരമൊഴി പാരമ്പര്യത്തെക്കുറിച്ചും പ്രാദേശികചരിത്ര സ്വഭാവത്തെക്കുറിച്ചും ദൃശ്യ ചാരുതയോടെ ഈ ഡോക്യുമെൻ്ററിയിൽ അവതരിപ്പിക്കാൻ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. സാംസ്കാരിക കേരളത്തിന് കുത്തിയോട്ട പാട്ടുകളെക്കുറിച്ചുള്ള ഈ ഡോക്യുമെൻററി ഒരു മുതൽക്കൂട്ടാകും എന്ന കാര്യത്തിൽ സംശയമില്ല .