INDIA NEWS

ഇന്ത്യൻ രാഷ്ട്രപതി ഫിലിപ്പീൻസ് പ്രസിഡന്റിന് ആതിഥേയത്വം വഹിച്ചു

ഫിലിപ്പീൻസ് ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് പോളിസി, വിഷൻ മഹാസാഗർ, ഇൻഡോ-പസഫിക് വിഷൻ എന്നിവയിലെ ഒരു പ്രധാന പങ്കാളിയെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു, റിപ്പബ്ലിക് ഓഫ് ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് റൊമുവാൾഡെസ് മാർക്കോസ് ജൂനിയറിനെ ഇന്ന് (2025 ഓഗസ്റ്റ് 5) രാഷ്ട്രപതി ഭവനിൽ സ്വീകരിച്ചു. അദ്ദേഹത്തിന് ആദരസൂചകമായി ഒരു വിരുന്നും ഒരുക്കിയിരുന്നു.

ഫെർഡിനാൻഡ് റൊമുവാൾഡെസ് മാർക്കോസ് ജൂനിയറിന്റെ ഇന്ത്യയിലെ ആദ്യ ഔദ്യോഗിക സന്ദർശനത്തെ സ്വാഗതം ചെയ്തുകൊണ്ട്, ഇന്ത്യയും ഫിലിപ്പീൻസും തമ്മിലുള്ള സൗഹൃദം പുരാതനമായ ബന്ധങ്ങൾ, ചരിത്രപരമായ പാരമ്പര്യങ്ങൾ, പൊതുവായ മൂല്യങ്ങൾ എന്നിവയിൽ അധിഷ്ഠിതമാണെന്ന് രാഷ്ട്രപതി പറഞ്ഞു

ഉയർന്ന തലത്തിലുള്ള സഹകരണം, വളർന്നുവരുന്ന വ്യാപാര-വാണിജ്യ ബന്ധങ്ങൾ, പ്രതിരോധ-സുരക്ഷാ സഹകരണം, ആരോഗ്യ-ഫാർമസ്യൂട്ടിക്കൽസ്, കൃഷി, ഡിജിറ്റൽ-സാമ്പത്തിക സാങ്കേതികവിദ്യകൾ, സംസ്കാരം, ടൂറിസം, ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ എന്നിവയിലുള്ള സഹകരണത്തിൽ അവർ സന്തോഷം രേഖപ്പെടുത്തി. ഉഭയകക്ഷി ബന്ധങ്ങളെ ‘തന്ത്രപരമായ പങ്കാളിത്ത’മായി ഉയർത്തിയത് ഈ സഹകരണത്തിന് കൂടുതൽ കരുത്തുപകരുമെന്നും അവർ കൂട്ടിച്ചേർത്തു.

ഇന്ത്യ-ഫിലിപ്പീൻസ് പങ്കാളിത്തം ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് മാത്രമല്ല, ഈ മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും ഒരു മുതൽക്കൂട്ടാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് പോളിസി, മഹാസാഗർ വിഷൻ, ഇൻഡോ-പസഫിക് സമീപനം എന്നിവയിലെ ഒരു പ്രധാന പങ്കാളിയാണ് ഫിലിപ്പീൻസ്. അടുത്ത വർഷം ആസിയാൻ ചെയർമാൻ സ്ഥാനം വഹിക്കുന്ന ഫിലിപ്പീൻസിന് അവർ ആശംസകൾ അറിയിച്ചു.

പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചതിനും ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിനും ഫിലിപ്പീൻസ് സർക്കാരിന് രാഷ്ട്രപതി നന്ദി പറഞ്ഞു.

പ്രാദേശിക സമൂഹങ്ങൾക്ക് നേരിട്ട് പ്രയോജനം ചെയ്യുന്ന ക്വിക്ക് ഇംപാക്ട് പ്രോജക്റ്റുകൾ ഉൾപ്പെടെ, ഫിലിപ്പീൻസുമായി വികസന സഹകരണം തുടരാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും രാഷ്ട്രപതി ആവർത്തിച്ചു.

മാനുഷിക സഹായം, ദുരന്ത നിവാരണം, തിരച്ചിൽ, രക്ഷാപ്രവർത്തനം തുടങ്ങിയ സമുദ്രമേഖലകളിലെ പൊതുവായ താൽപ്പര്യങ്ങളും ആശങ്കകളും ഇരു രാജ്യങ്ങൾക്കുമുണ്ടെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഈ മേഖലകളിൽ പങ്കാളികളെന്ന നിലയിൽ ഇരു രാജ്യങ്ങൾക്കും പരസ്പരം ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിക്കും.

നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാർഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട ഈ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും ഇരു നേതാക്കളും സമ്മതിച്ചു.

With input from PIB

Related Articles

Back to top button