ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ പിതാവ് ഷിബു സോറൻ അന്തരിച്ചു

ന്യൂഡൽഹി: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രിയും ഝാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെഎംഎം) സ്ഥാപകനുമായ ഷിബു സോറൻ (81) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം തിങ്കളാഴ്ച ഡൽഹിയിലെ ആശുപത്രിയിൽ വെച്ചായിരുന്നു. നിലവിൽ രാജ്യസഭാ എം.പിയാണ്.
‘ദിശോം ഗുരു ‘Dishoom Guru’ (Great Leader) നമ്മെ വിട്ടുപോയി. ഇന്ന് ഞാൻ ശൂന്യനായിരിക്കുന്നു’, ഷിബു സോറന്റെ മകനും നിലവിലെ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ പിതാവിന്റെ മരണവാർത്ത അറിയിച്ചുകൊണ്ട് പറഞ്ഞു. ‘ദിശോം ഗുരു’ (മഹാനായ നേതാവ്) എന്ന് അനുയായികൾ വിളിച്ചിരുന്ന ഷിബു സോറൻ ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വമായിരുന്നു. മൂന്ന് തവണ ഝാർഖണ്ഡ് മുഖ്യമന്ത്രിയായും കേന്ദ്രമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1944 ജനുവരി 11-ന് ഇന്നത്തെ ഝാർഖണ്ഡിലെ നെംറ ഗ്രാമത്തിലെ ഒരു സന്താൾ ആദിവാസി കുടുംബത്തിലാണ് സോറൻ ജനിച്ചത്. ആദിവാസി അവകാശങ്ങൾക്കായി നിലകൊണ്ട അദ്ദേഹം ഒരു ജനകീയ നേതാവായി ഉയർന്നു. ആദിവാസികളുടെ ഭൂമി അവകാശങ്ങൾക്കുവേണ്ടി പോരാടിക്കൊണ്ടാണ് അദ്ദേഹം രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.
ഝാർഖണ്ഡ് മുക്തി മോർച്ചയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ ഷിബു സോറൻ ഏകദേശം നാല് പതിറ്റാണ്ടോളം പാർട്ടിയെ നയിച്ചു. 1987-ൽ പാർട്ടിയുടെ ചുമതലയേറ്റ അദ്ദേഹം 2025 ഏപ്രിൽ വരെ അതിന്റെ പ്രസിഡന്റായി തുടർന്നു. ഒരു പ്രത്യേക ഝാർഖണ്ഡ് സംസ്ഥാനത്തിനുവേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന നേതാവാണ് അദ്ദേഹം. രാഷ്ട്രീയ പ്രതിസന്ധികളെ തുടർന്ന് ഒരു തവണ പോലും അഞ്ച് വർഷം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും മൂന്ന് തവണ (2005 മാർച്ചിൽ, 2008 ഓഗസ്റ്റ് മുതൽ 2009 ജനുവരി വരെ, 2009 ഡിസംബർ മുതൽ 2010 മെയ് വരെ) അദ്ദേഹം മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. 2005-ൽ ഭൂരിപക്ഷം ലഭിക്കാത്തതുകൊണ്ട് അദ്ദേഹത്തിന്റെ ആദ്യ ടേം വെറും ഒമ്പത് ദിവസമേ നീണ്ടുനിന്നുള്ളൂ.
2004-നും 2006-നും ഇടയിൽ മൂന്ന് തവണ കേന്ദ്ര കൽക്കരി മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ആറ് തവണ ലോക്‌സഭാ എം.പി.യായിരുന്ന അദ്ദേഹം 1980 മുതൽ 2005 വരെ സഭയെ പ്രതിനിധീകരിച്ചു. മൂന്ന് തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഷിബു സോറന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി മോദി അനുശോചിച്ചു
ഷിബു സോറന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. രാഷ്ട്രീയ മേഖലകളിൽനിന്നും മറ്റു നിരവധി പ്രമുഖർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.
ജനങ്ങളോടുള്ള സോറന്റെ അചഞ്ചലമായ സമർപ്പണം പ്രധാനമന്ത്രി മോദി അനുസ്മരിക്കുകയും, അധഃസ്ഥിതരുടെ ഉന്നമനത്തിനായി പ്രതിജ്ഞാബദ്ധനായ ഒരു നേതാവാണ് അദ്ദേഹമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
“ജനങ്ങളോട് അചഞ്ചലമായ സമർപ്പണത്തോടെ പൊതുജീവിതത്തിൽ ഉയർന്നുവന്ന ഒരു അടിത്തട്ടിലുള്ള നേതാവായിരുന്നു ശ്രീ ഷിബു സോറൻ. ആദിവാസി സമൂഹങ്ങളെയും ദരിദ്രരെയും അധഃസ്ഥിതരെയും ശാക്തീകരിക്കുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ അതിയായ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും എന്റെ ചിന്തകൾ പങ്കുവെക്കുന്നു. ഝാർഖണ്ഡ് മുഖ്യമന്ത്രി ശ്രീ ഹേമന്ത് സോറനുമായി സംസാരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. ഓം ശാന്തി,” പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
With input from Indiatoday