INDIA NEWSTOP NEWS

പ്രധാനമന്ത്രി മോദി ജപ്പാനിലെ സെമികണ്ടക്ടർ കേന്ദ്രം സന്ദർശിച്ചു; സഹകരണത്തിന് ഊന്നൽ

സെൻഡായ്, മിയാഗി പ്രിഫെക്ചർ: ഓഗസ്റ്റ് 31, 2025: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബയ്ക്കൊപ്പം മിയാഗി പ്രിഫെക്ചറിലെ സെൻഡായ് സന്ദർശിച്ചു. അവിടെ വെച്ച്, ഇരു നേതാക്കളും സെമികണ്ടക്ടർ രംഗത്തെ പ്രമുഖ ജാപ്പനീസ് കമ്പനിയായ ടോക്കിയോ ഇലക്ട്രോൺ മിയാഗി ലിമിറ്റഡ് (ടിഇഎൽ മിയാഗി) സന്ദർശിച്ചു. ആഗോള സെമികണ്ടക്ടർ വിതരണ ശൃംഖലയിലെ ടിഇഎല്ലിന്റെ പങ്ക്, അതിന്റെ അത്യാധുനിക നിർമ്മാണ ശേഷി, ഇന്ത്യയുമായി നിലവിലുള്ളതും ആസൂത്രണം ചെയ്യുന്നതുമായ സഹകരണങ്ങൾ എന്നിവയെക്കുറിച്ച് പ്രധാനമന്ത്രിക്ക് വിശദീകരണം നൽകി.

ഈ ഫാക്ടറി സന്ദർശനം, സെമികണ്ടക്ടർ വിതരണ ശൃംഖല, ഫാബ്രിക്കേഷൻ, ടെസ്റ്റിംഗ് എന്നീ മേഖലകളിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന സഹകരണ സാധ്യതകളെക്കുറിച്ച് നേതാക്കൾക്ക് വ്യക്തമായ ധാരണ നൽകി. ഇന്ത്യയുടെ വളർന്നുവരുന്ന സെമികണ്ടക്ടർ നിർമ്മാണ മേഖലയും ജപ്പാന്റെ സാങ്കേതിക ശക്തിയും തമ്മിലുള്ള പൊരുത്തം ഈ സന്ദർശനം എടുത്തുകാട്ടി. ജപ്പാൻ–ഇന്ത്യ സെമികണ്ടക്ടർ വിതരണ ശൃംഖലാ പങ്കാളിത്തത്തെക്കുറിച്ചുള്ള സഹകരണ ഉടമ്പടി, ഇന്ത്യ–ജപ്പാൻ വ്യാവസായിക മത്സരശേഷി പങ്കാളിത്തം, സാമ്പത്തിക സുരക്ഷാ ചർച്ചകൾ എന്നിവ അടിസ്ഥാനമാക്കി ഈ മേഖലയിലെ സഹകരണം കൂടുതൽ ആഴത്തിലാക്കാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് വീണ്ടും ഉറപ്പിച്ചു.

പ്രധാനമന്ത്രി മോദിയുടെയും പ്രധാനമന്ത്രി ഇഷിബയുടെയും ഈ സംയുക്ത സന്ദർശനം, ശക്തവും, വിശ്വസനീയവുമായ സെമികണ്ടക്ടർ വിതരണ ശൃംഖല വികസിപ്പിക്കുന്നതിൽ ഇന്ത്യയുടെയും ജപ്പാന്റെയും പൊതുവായ കാഴ്ചപ്പാട് ഊട്ടിയുറപ്പിക്കുന്നതായിരുന്നു. സന്ദർശനത്തിൽ ഒപ്പം ചേർന്നതിന് പ്രധാനമന്ത്രി ഇഷിബയോട് പ്രധാനമന്ത്രി മോദി നന്ദി അറിയിക്കുകയും, ഈ തന്ത്രപ്രധാനമായ മേഖലയിൽ ജപ്പാനുമായി ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യ തയ്യാറാണെന്ന് വീണ്ടും ഉറപ്പിക്കുകയും ചെയ്തു.

സെൻഡായിൽ വെച്ച് പ്രധാനമന്ത്രി ഇഷിബ, പ്രധാനമന്ത്രി മോദിക്ക് ഉച്ചഭക്ഷണം ഒരുക്കി. മിയാഗി പ്രിഫെക്ചർ ഗവർണറും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
With input from PMINDIA

For more details: The Indian Messenger

Related Articles

Back to top button