പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ എംപിമാർക്കായി പുതുതായി നിർമ്മിച്ച ഫ്ലാറ്റുകൾ ഉദ്ഘാടനം ചെയ്തു

ന്യൂഡൽഹിയിലെ ബാബാ ഖരക് സിംഗ് മാർഗിൽ എംപിമാർക്കായി പുതുതായി നിർമ്മിച്ച 184 ടൈപ്പ്-VII മൾട്ടി സ്റ്റോറി ഫ്ലാറ്റുകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംസാരിക്കവെ, താൻ അടുത്തിടെ കർത്തവ്യ പാതയിലെ കോമൺ സെൻട്രൽ സെക്രട്ടേറിയറ്റ്, അഥവാ കർത്തവ്യ ഭവൻ ഉദ്ഘാടനം ചെയ്തിരുന്നു എന്നും, ഇന്ന് പാർലമെന്റ് അംഗങ്ങൾക്കായി പുതുതായി നിർമ്മിച്ച ഒരു റെസിഡൻഷ്യൽ കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്യാൻ അവസരം ലഭിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ നാല് മഹാനദികളുടെ പേരിലുള്ള ഈ കെട്ടിടങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു – കൃഷ്ണ, ഗോദാവരി, കോസി, ഹൂഗ്ലി. ദശലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നൽകുന്ന ഈ നദികൾ, ഇപ്പോൾ ജനപ്രതിനിധികളുടെ ജീവിതത്തിൽ സന്തോഷത്തിന്റെ ഒരു പുതിയ പ്രവാഹത്തിന് പ്രചോദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. നദികൾക്ക് പേരിടുന്ന ഈ പാരമ്പര്യം രാജ്യത്തെ ഐക്യത്തിന്റെ ഒരു ചരടിൽ ബന്ധിപ്പിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ കെട്ടിട സമുച്ചയം ഡൽഹിയിലെ എംപിമാരുടെ ജീവിതം എളുപ്പമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ എംപിമാർക്ക് ഗവൺമെന്റ് ഭവനങ്ങൾ ലഭ്യമാക്കുന്നത് ഇനി വർധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി എല്ലാ പാർലമെന്റ് അംഗങ്ങൾക്കും ആശംസകൾ അറിയിച്ചു. ഫ്ലാറ്റുകളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന എഞ്ചിനീയർമാരെയും തൊഴിലാളികളെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
എംപിമാർക്കായി പുതുതായി നിർമ്മിച്ച റെസിഡൻഷ്യൽ കോംപ്ലക്സിൽ നിന്നുള്ള ഒരു മാതൃകാ ഫ്ലാറ്റ് സന്ദർശിക്കാൻ തനിക്ക് അവസരം ലഭിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പഴയ എംപി വസതികളുടെ അവസ്ഥ നിരീക്ഷിക്കാനും തനിക്ക് അവസരമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഴയ താമസസ്ഥലങ്ങൾ പലപ്പോഴും അവഗണനയും ജീർണാവസ്ഥയും കാരണം ദുരിതത്തിലായിരുന്നു എന്നും, മുൻ വസതികളുടെ മോശം അവസ്ഥ കാരണം എംപിമാർ പതിവായി ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ ഭവനങ്ങൾ എംപിമാരെ അത്തരം വെല്ലുവിളികളിൽ നിന്ന് മുക്തരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യക്തിപരമായ ഭവന പ്രശ്നങ്ങളിൽ നിന്ന് മുക്തരാകുമ്പോൾ, എംപിമാർക്ക് പൊതുജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കൂടുതൽ ഫലപ്രദമായി അവരുടെ സമയവും ഊർജ്ജവും വിനിയോഗിക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട എംപിമാർ ഡൽഹിയിൽ താമസസ്ഥലം കണ്ടെത്താൻ നേരിടുന്ന വെല്ലുവിളികൾ അംഗീകരിച്ചുകൊണ്ട്, പുതുതായി നിർമ്മിച്ച കെട്ടിടങ്ങൾ ഈ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 180-ലധികം എംപിമാർ ഈ മൾട്ടി സ്റ്റോറി കെട്ടിടങ്ങളിൽ ഒരുമിച്ച് താമസിക്കുമെന്നും അദ്ദേഹം അറിയിച്ചു. പുതിയ ഭവന പദ്ധതിയുടെ സാമ്പത്തിക നേട്ടത്തെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. കർത്തവ്യ ഭവൻ ഉദ്ഘാടനം ചെയ്തതിനെ അനുസ്മരിച്ചുകൊണ്ട്, പല മന്ത്രാലയങ്ങളും വാടകക്കെട്ടിടങ്ങളിൽ നിന്നാണ് പ്രവർത്തിച്ചിരുന്നതെന്നും, ഇതിനായി പ്രതിവർഷം ഏകദേശം ₹1,500 കോടി വാടക ഇനത്തിൽ ചിലവഴിച്ചിരുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത് പൊതുഫണ്ടിന്റെ നേരിട്ടുള്ള പാഴാക്കലായിരുന്നു എന്നും അദ്ദേഹം വിശേഷിപ്പിച്ചു. അതുപോലെ, മതിയായ എംപി ഭവനങ്ങളുടെ അഭാവവും സർക്കാർ ചെലവ് വർധിപ്പിക്കാൻ കാരണമായി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എംപി വസതികളുടെ ക്ഷാമം ഉണ്ടായിരുന്നിട്ടും, 2004-നും 2014-നും ഇടയിൽ ലോക്സഭാ എംപിമാർക്കായി ഒരു പുതിയ ഭവനം പോലും നിർമ്മിച്ചില്ലെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. 2014-ന് ശേഷം, നമ്മുടെ സർക്കാർ ഇതൊരു ദൗത്യമായി ഏറ്റെടുത്തു എന്നും, പുതുതായി ഉദ്ഘാടനം ചെയ്ത ഫ്ലാറ്റുകൾ ഉൾപ്പെടെ, 2014 മുതൽ ഏകദേശം 350 എംപി വസതികൾ നിർമ്മിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വസതികളുടെ നിർമ്മാണം പൂർത്തിയായതോടെ പൊതുപണം ലാഭിക്കപ്പെടുന്നു എന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
“21-ാം നൂറ്റാണ്ടിലെ ഇന്ത്യ വികസനത്തിന് അതീവ താല്പര്യമുള്ളതും അതിന്റെ ഉത്തരവാദിത്തങ്ങളോട് സംവേദനക്ഷമവുമാണ്”, പ്രധാനമന്ത്രി പറഞ്ഞു. രാജ്യം കർത്തവ്യ പാതയും കർത്തവ്യ ഭവനും നിർമ്മിക്കുമ്പോൾ, ദശലക്ഷക്കണക്കിന് പൗരന്മാർക്ക് പൈപ്പ് വെള്ളം എത്തിക്കാനുള്ള കടമയും ഒരേസമയം നിറവേറ്റുന്നുവെന്നും അദ്ദേഹം പറഞ്ഞു. എംപിമാർക്കായി രാജ്യം പുതിയ ഭവനങ്ങൾ പൂർത്തിയാക്കുമ്പോൾ, പിഎം ആവാസ് യോജനയിലൂടെ 4 കോടി ദരിദ്ര കുടുംബങ്ങൾക്ക് വീടുകൾ സ്വന്തമാക്കാൻ ഇത് വഴിയൊരുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യം പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുമ്പോൾ, നൂറുകണക്കിന് പുതിയ മെഡിക്കൽ കോളേജുകളും സ്ഥാപിക്കുന്നുണ്ടെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഈ സംരംഭങ്ങളുടെ പ്രയോജനങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും എത്തുന്നുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
പുതുതായി നിർമ്മിച്ച എംപി വസതികളിൽ സുസ്ഥിര വികസനത്തിന്റെ പ്രധാന ഘടകങ്ങൾ ഉൾക്കൊള്ളിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട്, ഈ സംരംഭം രാജ്യത്തിന്റെ പരിസ്ഥിതി സൗഹൃദവും ഭാവി സുരക്ഷിതവുമായ സമീപനത്തിന് അനുസൃതമാണെന്ന് ശ്രീ മോദി പറഞ്ഞു. ഭവന സമുച്ചയത്തിൽ സൗരോർജ്ജ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സൗരോർജ്ജത്തിലെ അതിന്റെ നേട്ടങ്ങളിലും പുതിയ റെക്കോർഡുകളിലും പ്രതിഫലിക്കുന്നതുപോലെ, സുസ്ഥിര വികസനത്തിനായുള്ള അതിന്റെ കാഴ്ചപ്പാട് ഇന്ത്യ തുടർച്ചയായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതിയ റെസിഡൻഷ്യൽ കോംപ്ലക്സിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി പാർലമെന്റ് അംഗങ്ങളോട് നിരവധി കാര്യങ്ങൾ അഭ്യർത്ഥിച്ചു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ള എംപിമാർ ഇനി ഒരുമിച്ച് താമസിക്കുമെന്നും അവരുടെ സാന്നിധ്യം ‘ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്’ എന്ന സ്പിരിറ്റിനെ പ്രതീകമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സമുച്ചയത്തിലെ സാംസ്കാരിക ഊർജ്ജം വർദ്ധിപ്പിക്കുന്നതിനായി പ്രാദേശിക ഉത്സവങ്ങൾ ഒരുമിച്ച് ആഘോഷിക്കാൻ അദ്ദേഹം എംപിമാരെ പ്രോത്സാഹിപ്പിച്ചു. ഈ പരിപാടികളിൽ പങ്കെടുക്കാൻ എംപിമാർ അവരുടെ മണ്ഡലത്തിലെ ജനങ്ങളെ ക്ഷണിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. പരസ്പരം പ്രാദേശിക ഭാഷകളിലെ വാക്കുകൾ പഠിപ്പിക്കാനും പഠിക്കാനും എംപിമാരോട് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. സുസ്ഥിരതയും ശുചിത്വവും ഈ സമുച്ചയത്തിന്റെ നിർവചിക്കുന്ന സവിശേഷതകളായിരിക്കണമെന്നും ഈ പ്രതിബദ്ധത എല്ലാവരും പങ്കിടണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. വസതികൾ മാത്രമല്ല, മുഴുവൻ പരിസരവും വൃത്തിയും വെടിപ്പുമുള്ളതാക്കി നിലനിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ പാർലമെന്റ് അംഗങ്ങളും ഒരു ടീമായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും കൂട്ടായ പരിശ്രമങ്ങൾ രാജ്യത്തിന് ഒരു മാതൃകയായി വർത്തിക്കുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം അവസാനിപ്പിച്ചത്. വിവിധ റെസിഡൻഷ്യൽ കോംപ്ലക്‌സുകൾക്കിടയിൽ ശുചിത്വ മത്സരങ്ങൾ സംഘടിപ്പിക്കാൻ മന്ത്രാലയത്തോടും ഭവന സമിതിയോടും അദ്ദേഹം അഭ്യർത്ഥിച്ചു. ഈ ദൃഢനിശ്ചയത്തോടെ അദ്ദേഹം എല്ലാ എംപിമാർക്കും ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ അറിയിച്ചു.
ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർള, കേന്ദ്രമന്ത്രിമാർ, എംപിമാർ എന്നിവർ ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.
ന്യൂഡൽഹിയിലെ ബാബാ ഖരക് സിംഗ് മാർഗിൽ എംപിമാർക്കായി പുതുതായി നിർമ്മിച്ച 184 ടൈപ്പ്-VII മൾട്ടി സ്റ്റോറി ഫ്ലാറ്റുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റെസിഡൻഷ്യൽ കോമ്പൗണ്ടിൽ സിന്ദൂർ തൈ നട്ടു. ഈ അവസരത്തിൽ പ്രധാനമന്ത്രി തൊഴിലാളികളുമായി സംവദിക്കുകയും ചെയ്തു.
ഈ കെട്ടിടസമുച്ചയം സ്വയംപര്യാപ്തമായാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. പാർലമെന്റ് അംഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി എല്ലാവിധ ആധുനിക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഗ്രീൻ ടെക്നോളജി ഉൾപ്പെടുത്തി, GRIHA 3-സ്റ്റാർ റേറ്റിംഗ് നിലവാരത്തിലും നാഷണൽ ബിൽഡിംഗ് കോഡ് (NBC) 2016-നും അനുസൃതമായാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഈ പരിസ്ഥിതി സൗഹൃദ സവിശേഷതകൾ ഊർജ്ജ സംരക്ഷണം, പുനരുപയോഗ ഊർജ്ജ ഉത്പാദനം, ഫലപ്രദമായ മാലിന്യ സംസ്കരണം എന്നിവയ്ക്ക് സഹായകമാകും. അലുമിനിയം ഷട്ടറിംഗിനൊപ്പം മോണോലിത്തിക് കോൺക്രീറ്റ് എന്ന നൂതന നിർമ്മാണ സാങ്കേതികവിദ്യ ഉപയോഗിച്ചതിനാൽ ഘടനാപരമായ നിലനിൽപ്പ് ഉറപ്പാക്കി സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാൻ സാധിച്ചു. എല്ലാവരെയും ഉൾക്കൊള്ളുന്ന രൂപകൽപ്പനയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് ഈ കെട്ടിടസമുച്ചയം ഭിന്നശേഷി സൗഹൃദവുമാണ്.
എംപിമാർക്ക് ആവശ്യത്തിന് താമസസൗകര്യമില്ലാത്തതുകൊണ്ടാണ് ഈ പദ്ധതി ആവശ്യമായി വന്നത്. ഭൂമി ലഭ്യത കുറവായതിനാൽ, സ്ഥലത്തിന്റെ ഉപയോഗം പരമാവധി പ്രയോജനപ്പെടുത്താനും അറ്റകുറ്റപ്പണി ചെലവുകൾ കുറയ്ക്കാനും ലക്ഷ്യമിട്ട് ലംബമായ ഭവന വികസനത്തിന് ഊന്നൽ നൽകിയിരുന്നു.
ഓരോ റെസിഡൻഷ്യൽ യൂണിറ്റിലും ഏകദേശം 5,000 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്. ഇത് താമസത്തിനും ഔദ്യോഗിക ആവശ്യങ്ങൾക്കും ആവശ്യമായ സ്ഥലസൗകര്യം നൽകുന്നു. ഓഫീസുകൾ, സ്റ്റാഫ് താമസസ്ഥലം, ഒരു കമ്മ്യൂണിറ്റി സെന്റർ എന്നിവയ്ക്കായി പ്രത്യേക സ്ഥലങ്ങൾ ഉൾപ്പെടുത്തിയത് പൊതുപ്രവർത്തകർ എന്ന നിലയിൽ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ പാർലമെന്റ് അംഗങ്ങളെ സഹായിക്കും.
ഈ കെട്ടിടസമുച്ചയത്തിലെ എല്ലാ കെട്ടിടങ്ങളും ആധുനിക ഘടനാപരമായ രൂപകൽപ്പന മാനദണ്ഡങ്ങൾക്കനുസരിച്ച് ഭൂകമ്പത്തെ പ്രതിരോധിക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. എല്ലാ താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സമഗ്രവും ശക്തവുമായ ഒരു സുരക്ഷാ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്.
With input from PIB