ലോക സൗഹൃദ ദിനത്തിൽ വൃക്ഷത്തൈ കൈമാറ്റവുമായി ഹരിതകേരളം മിഷനും പുന്നപ്ര വടക്ക് പഞ്ചായത്തും

‘സൗഹൃദം മഹാവൃക്ഷമായി വളരട്ടെ’ എന്ന ആശയവുമായി ചങ്ങാതിക്കൊരു തൈ കാമ്പയിനുമായി ഹരിതകേരളം മിഷൻ. ഒരു തൈ നടാം ജനകീയ വൃക്ഷവത്ക്കരണ പദ്ധതിയുടെ ഭാഗമായാണ് സൗഹൃദ ദിനത്തിനോടനുബന്ധിച്ച് പുന്നപ്ര വടക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പരിപാടി സംഘടിപ്പിച്ചത്. ചങ്ങാതിയുടെ പേരിൽ വൃക്ഷ തൈ നട്ട് പരിപാലിക്കുന്നതാണ് പദ്ധതി. പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ എസ് രാജേഷിന് തൈ നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾ പരസ്പരം തെങ്ങിൻ തൈകൾ കൈമാറി. തെങ്ങിൻ തൈകൾ, മാവ്, പ്ലാവ്, റംമ്പൂട്ടാൻ, പേര തുടങ്ങിയ ഫലവൃക്ഷ തൈകളാണ് കൂടുതലും കൈമാറിയത്.
പഞ്ചായത്ത് പരിധിയിൽ വരുന്ന ചിന്മയ സ്കൂളിലും വിപുലമായ പരിപാടികളോടെ ചങ്ങാതിക്കൊരു തൈ കാമ്പയിൻ സംഘടിപ്പിച്ചു. സ്കൂളിലെ 755 വിദ്യാർഥികൾ പരസ്പരം വൃക്ഷതൈകൾ കൈമാറി. സെപ്തംബർ 30 നകം ഒരുകോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു തൈ നടാം കാമ്പയിനും സംസ്ഥാനത്ത് പുരോഗമിക്കുകയാണ്.
കാമ്പയിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് ഹരിതകേരളം മിഷൻ കോ ഓർഡിനേറ്റർ കെ എസ് രാജേഷ് വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി സരിത, ഹെൽത്ത് ഇൻസ്പെക്ടർ അനിലാൽ, പഞ്ചായത്തംഗം സുരേഷ്, ഹരിത കേരളം മിഷൻ ബ്ലോക്ക് കോ ഓർഡിനേറ്റർ വിപിനാ ചന്ദ്രൻ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
With input from PRD Kerala