INDIA NEWSKERALA NEWS

സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ പരാമർശം വിവാദത്തിൽ; ‘പട്ടികജാതി സിനിമാ പ്രവർത്തകർക്ക് പരിശീലനം നൽകണം’

തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തിൽനിന്നുള്ള സിനിമാ പ്രവർത്തകർക്കും സ്ത്രീകൾക്കും സാമ്പത്തിക സഹായം നൽകുന്നതുമായി ബന്ധപ്പെട്ട് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശങ്ങൾ വിവാദമായി. തിരുവനന്തപുരത്ത് നടന്ന കേരള ഫിലിം പോളിസി കോൺക്ലേവിന്റെ സമാപന ചടങ്ങിലായിരുന്നു സംഭവം.

പട്ടികജാതി വിഭാഗത്തിലെ സംവിധായകർക്ക് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെഎസ്‌എഫ്‌ഡിസി) അമിതമായി ഫണ്ട് നൽകുന്നതിനെ അടൂർ വിമർശിച്ചു.

“പട്ടികജാതി വിഭാഗത്തിൽനിന്നുള്ളവർക്ക് സാമ്പത്തിക സഹായം നൽകുന്നതിന് മുമ്പ് പരിചയസമ്പന്നരായ സിനിമാ പ്രവർത്തകരുടെ കീഴിൽ കുറഞ്ഞത് മൂന്ന് മാസത്തെ പരിശീലനം നൽകണം. ഒരു സിനിമയ്ക്ക് 1.5 കോടി രൂപ നൽകുന്നതിനു പകരം മൂന്ന് പേർക്കായി ഈ തുക വീതിച്ച് നൽകണം. ഒരു സൂപ്പർസ്റ്റാർ ഉണ്ട് എന്നതുകൊണ്ടോ അല്ലെങ്കിൽ സംവിധാനം ചെയ്യുന്നത് ഒരു സ്ത്രീയായതുകൊണ്ടോ സർക്കാർ പണം നൽകരുത്,” അടൂർ പറഞ്ഞു. ഈ പദ്ധതിയിലൂടെ ധനസഹായം ലഭിച്ച പല സിനിമകൾക്കും ഗുണമേന്മയും കലാമൂല്യവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ട് ദിവസത്തെ കോൺക്ലേവിന്റെ റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അടൂരിന്റെ പ്രസ്താവനകളെ ഖണ്ഡിച്ചു. കഴിവിന്റെ അടിസ്ഥാനത്തിൽ ഒരു വിദഗ്ദ്ധ സമിതിയാണ് സിനിമാപ്രവർത്തകരെ തിരഞ്ഞെടുത്തതെന്നും അവരുടെ സിനിമകൾക്ക് സാമൂഹിക പ്രതിബദ്ധതയുണ്ടെന്നും മന്ത്രി പറഞ്ഞു.

“ഒരു നൂറ്റാണ്ടോളം പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവരെ മുഖ്യധാരാ സിനിമയിൽനിന്ന് മാറ്റിനിർത്തിയിരുന്നു എന്നതാണ് യാഥാർഥ്യം. അവരെ പിന്തുണക്കാനുള്ള സർക്കാരിന്റെ തീരുമാനം കാലോചിതവും അനിവാര്യവുമാണ്. അവരിൽ പലരും ആദ്യമായിട്ടാണ് ഒരു സിനിമ സംവിധാനം ചെയ്യുന്നത്. കൂടാതെ, സ്ത്രീകളെയും ട്രാൻസ്‌ജെൻഡർ കലാകാരന്മാരെയും മുന്നോട്ട് കൊണ്ടുവരാനും ഞങ്ങൾ നടപടികൾ സ്വീകരിച്ചിട്ടുണ്ട്,” മന്ത്രി പറഞ്ഞു.

തങ്ങളുടെ ഇൻക്ലൂസീവ് ഫിലിം പോളിസിയിൽനിന്ന് സർക്കാർ പിന്നോട്ട് പോകില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. “ചരിത്രപരമായ അസന്തുലിതാവസ്ഥ തിരുത്താനുള്ള ബോധപൂർവമായ തീരുമാനമാണിത്. ഞങ്ങൾ തുടർന്നും പിന്തുണ നൽകും,” മന്ത്രി പറഞ്ഞു.

With input from TNIE

Related Articles

Back to top button