FILMS

‘കാട്ടാളൻ’: ആഗസ്റ്റ് ഇരുപത്തിരണ്ടിന് തുടക്കം.

മാർക്കോയുടെ വമ്പൻ വിജയത്തിന് ശേഷം ക്യൂബ്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച്, നവാഗതനായ പോൾ വർഗീസ് സംവിധാനം ചെയ്യുന്ന ‘കാട്ടാളൻ’ എന്ന ചിത്രത്തിന് ആഗസ്റ്റ് ഇരുപത്തിരണ്ടിന് തിരിതെളിയും. കൊച്ചിയിൽ നടക്കുന്ന പൂജാ ചടങ്ങുകളോടെയാണ് ചിത്രത്തിൻ്റെ ആരംഭം.

മാർക്കോ എന്ന ചിത്രത്തിൽ പ്രേക്ഷകർക്ക് ലഭിച്ച കൗതുകം പോലെ കാട്ടാളനിലും നിരവധി ആകർഷകമായ ഘടകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പാൻ-ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന കാട്ടാളൻ 45 കോടി രൂപയുടെ വലിയ ബജറ്റിൽ ആണ് നിർമ്മിക്കുന്നത്. മാർക്കോയെപ്പോലെയോ അല്ലെങ്കിൽ അതിലും ഉയർന്ന നിലവാരത്തിലോ ഉള്ള സാങ്കേതിക മികവോടെയായിരിക്കും ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.

മാർക്കോയിൽ രവി ബസ്രൂർ എന്ന സംഗീത സംവിധായകനെ അവതരിപ്പിച്ച ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്, ഇത്തവണ പ്രശസ്ത കന്നഡ സംഗീത സംവിധായകനായ അജനീഷ് ലോക്നാഥിനെയാണ് കൊണ്ടുവരുന്നത്. ‘കാന്താര ചാപ്റ്റർ 2’-ന് ശേഷം അജനീഷ് സംഗീതം നിർവഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും കാട്ടാളനുണ്ട്. ലോകമെമ്പാടും തരംഗമായി മാറിയ ‘കാന്താര’യിലെ സംഗീതം ഏറെ ജനശ്രദ്ധ നേടിയിരുന്നു.

‘പൊന്നിയിൻ സെൽവൻ 1’, ‘ബാഹുബലി 2’, ‘ജവാൻ’, ‘ഓങ് ബാക്ക് 2’ തുടങ്ങിയ വൻ വിജയ ചിത്രങ്ങൾക്ക് ആക്ഷൻ ഒരുക്കിയ ലോകപ്രശസ്ത ആക്ഷൻ കോറിയോഗ്രാഫർ കൊച്ച കെംബഡി കെ. ആണ് കാട്ടാളൻ്റെ ആക്ഷൻ കൈകാര്യം ചെയ്യുന്നത്.

പെപ്പെ എന്ന പേരിൽ അറിയപ്പെടുന്ന ആൻ്റണി വർഗീസാണ് ചിത്രത്തിലെ നായകൻ. അദ്ദേഹത്തിൻ്റെ യഥാർത്ഥ പേരായ ആൻ്റണി വർഗീസ് തന്നെയാണ് ഈ ചിത്രത്തിലെ കഥാപാത്രത്തിൻ്റെയും പേര്. മാർക്കോയെ പോലെതന്നെ പൂർണ്ണമായും ഒരു ആക്ഷൻ ത്രില്ലർ ഗണത്തിലാണ് ‘കാട്ടാളൻ’ ഒരുങ്ങുന്നത്. രജിഷ വിജയനാണ് ചിത്രത്തിലെ നായിക.

മലയാളത്തിനു പുറമേ ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തെലുങ്ക് നടൻ സുനിൽ (പുഷ്പ ഫെയിം), മാർക്കോയിലൂടെ മലയാളത്തിലെത്തിയ കബീർ ദുഹാൻ സിംഗ്, വ്ലോഗറും സിംഗറുമായ ഹനാൻ ഷാ, റാപ്പർ ബേബി ജീൻ, തെലുങ്ക് താരം രാജ് തിരംഗഡുസു എന്നിവരും മലയാളത്തിൽ നിന്ന് ജഗദീഷ്, സിദ്ദിഖ് എന്നിവരും പ്രധാന താരങ്ങളാണ്.

പ്രശസ്ത കഥാകൃത്തും തിരക്കഥാകൃത്തുമായ ഉണ്ണി ആർ. ആണ് ചിത്രത്തിൻ്റെ സംഭാഷണം രചിക്കുന്നത്. ഷമീർ മുഹമ്മദ് എഡിറ്റിംഗും ദീപക് പരമേശ്വരൻ പ്രൊഡക്ഷൻ കൺട്രോളറും നിർവഹിക്കുന്നു. മറ്റ് അഭിനേതാക്കളുടെയും അണിയറ പ്രവർത്തകരുടെയും പേരുകൾ പൂജാവേളയിൽ പ്രഖ്യാപിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി നടക്കും.

വാർത്ത: വാഴൂർ ജോസ്

For more details: The Indian Messenger

Related Articles

Back to top button