കായംകുളം ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന് പുതിയ കെട്ടിടം; നിർമ്മാണോദ്ഘാടനം യു. പ്രതിഭ എം.എൽ.എ നിർവ്വഹിച്ചു.

കായംകുളം: ഓണാട്ടുകരയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ കായംകുളം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടത്തിന് കല്ലിട്ടു. നിർമ്മാണോദ്ഘാടനം യു. പ്രതിഭ എം.എൽ.എ നിർവ്വഹിച്ചു. 2018-2019 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി കിഫ്ബിയിൽ (KIIFB) നിന്നും അനുവദിച്ച 1.21 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.
കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കെട്ടിടത്തിന് മുൻഗണന നൽകിയതെന്ന് എം.എൽ.എ പറഞ്ഞു. നിർമ്മാണ പ്രവർത്തികൾ എത്രയും വേഗം ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നഗരസഭ കൗൺസിലർ പ്രമീള ബാബുരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർമാരായ എ. നസീർ, ഷാമില അനിമോൻ എന്നിവർ സംസാരിച്ചു.
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനാണ് (KILA) നിർമ്മാണച്ചുമതല. പി.ടി.എ പ്രസിഡന്റ് അനിഗർ എസ്., വൈസ് പ്രസിഡന്റ് അനസ് ഇല്ലിക്കുളത്ത്, എം.പി.ടി.എ പ്രസിഡന്റ് വിനീത, പ്രിൻസിപ്പാൾ ഡോ. ബിജു ജോൺ, ഹെഡ്മിസ്ട്രസ് ജെസീന ജെ., ആർ. മധു തുടങ്ങിയവർ പങ്കെടുത്തു.
For more details: The Indian Messenger



