INDIA NEWSKERALA NEWSTOP NEWS

ഓണം വാരാഘോഷത്തിന് തിരുവനന്തപുരത്ത് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം തിരുവനന്തപുരത്ത് കനകക്കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

എല്ലാ മനുഷ്യരും തുല്യരായി ജീവിച്ച ഒരു കാലഘട്ടത്തെയാണ് ഓണം ഓർമ്മിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മാനവികതയുടെയും സാഹോദര്യത്തിന്റെയും നേർ കണ്ണാടിയാണ് ഓണമെന്നും നവ കേരളസങ്കല്പം പഴയ ഓണസങ്കല്പത്തേക്കാൾ ഐശ്വര്യസമൃദ്ധമായ പുതു കേരളത്തെ സൃഷ്ടിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാറിന്റെ ഓണം വാരാഘോഷം നിശാഗന്ധിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒൻപത് വർഷമായി സംസ്ഥാനം ഉയർത്തുന്നത് ക്ഷേമ സങ്കല്പമാണ്. മാവേലിയുടെ ക്ഷേമ സങ്കൽപ്പത്തോട് ചേർന്നു നിൽക്കുന്നതാണ് സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ.

ഭക്ഷ്യ വിഭവ ലഭ്യത ഉറപ്പുവരുത്തി, ഓണം വിപണി സജീവമാക്കി, 60 ലക്ഷം ആളുകൾക്ക് ഓണക്കാലത്ത് പെൻഷൻ വിതരണം ചെയ്തു. 1200 കോടി രൂപയാണ് നീക്കിവെച്ചത്. ഇത് ഓണക്കാലത്തിന്റെ മാത്രം സവിശേഷതയല്ല. ഒൻപത് വർഷക്കാലവും തുടർന്നുകൊണ്ടിരിക്കുന്നതാണ്.

നെൽ കർഷകർക്ക് നെല്ല് സംഭരിച്ചതിന്റെ പണം ഒരു ഭാഗം കൊടുക്കാൻ ബാക്കി ഉണ്ടായിരുന്നു. കേന്ദ്രഫണ്ട് കിട്ടിയിരുന്നില്ല. നിരന്തരമായി കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കേന്ദ്ര ഫണ്ട് ലഭിച്ചുവെന്ന അറിയിപ്പ് വന്നിട്ടുണ്ട്. നെൽകർഷകർക്ക് ഈ ഓണക്കാലത്ത് അത് നൽകാൻ കഴിയും. .

ലൈഫ് പദ്ധതിയിലൂടെ നാലരലക്ഷം വീടുകൾ പണിതു നൽകി. നാലുലക്ഷം പട്ടയങ്ങൾ ഈ കാലയളവിൽ നൽകി. ഇനി ഒരു ലക്ഷം പട്ടയം കൂടി നൽകും. ആരോഗ്യരംഗത്ത് മികച്ച വളർച്ചയാണ് നേടിയത്. കാരുണ്യ ഇൻഷുറൻസ് വഴി 43 ലക്ഷം കുടുംബങ്ങൾക്ക് സഹായം ലഭിച്ചു.

അസാധ്യമായ പലതും സാധ്യമാക്കിയവരാണ് നമ്മൾ. നാടിന്റെ ഐക്യത്തിനു മുന്നിൽ ഒന്നും അസാധ്യമല്ല. എല്ലാ കാര്യങ്ങളിലും നമുക്ക് ഒന്നാം സ്ഥാനം നേടണം. രാജ്യത്തിനാകെ മാതൃക സൃഷ്ടിക്കുന്നതിന് കേരളത്തിന് കഴിയണം. ആഘോഷങ്ങളെ പ്രത്യേക വിഭാഗത്തിന്റെ മാത്രമായി ചുരുക്കാനുള്ള ശ്രമം പലയിടങ്ങളിലും നടക്കുന്നുണ്ട്. അതിനെ പ്രതിരോധിക്കാനും ഓണത്തിന്റെയും ഒരുമയുടെയും സന്ദേശം ഉയർത്തിപ്പിടിക്കാനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾക്ക് നല്ല നിലയിൽ ഓണം ആഘോഷിക്കാനുള്ള സാഹചര്യമാണ് ഇത്തവണ സർക്കാർ ഒരുക്കിയിരിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് പറഞ്ഞു. കോവിഡ് കാലത്ത് ടൂറിസം മേഖല വെന്റിലേറ്ററിലായിരുന്നു. അതിന് ശേഷം ലോകത്ത് യാത്രകൾ വർധിച്ചു. റിവെഞ്ച് ടൂറിസത്തിന്റെ ഭാഗമായി ഏറ്റവുമധികം സഞ്ചാരികൾ വന്നു പോയത് ഈ വർഷമാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് മന്ത്രി വി ശിവൻകുട്ടിയും മുഖ്യാതിഥികളായ ജയം രവിക്കും ബേസിൽ ജോസഫിനും മന്ത്രി പി എ മുഹമ്മദ് റിയാസും ഓണക്കോടി സമ്മാനിച്ചു.

ചടങ്ങിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ, എ എ റഹീം എംപി, എംഎൽഎമാരായ ആൻറണി രാജു, വി. കെ പ്രശാന്ത്, കടകംപള്ളി സുരേന്ദ്രൻ, വി ജോയ്, ഡി കെ മുരളി, ഐ. ബി സതീഷ്, ജി സ്റ്റീഫൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി.സുരേഷ് കുമാർ, മേയർ ആര്യ രാജേന്ദ്രൻ, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

With input from KeralaNews.Gov

For more details: The Indian Messenger

Related Articles

Back to top button