GULF & FOREIGN NEWSINDIA NEWSKERALA NEWSTOP NEWS

സ്‌കൂൾ കായികോത്സവം : ഗൾഫ് മേഖലയിലെ വിദ്യാർത്ഥികളുടെ പങ്കാളിത്തം ശ്രദ്ധേയം

സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ ഗൾഫ് മേഖലയിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുക്കുന്നത് ശ്രദ്ധേയമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിലൊന്നാണ് കേരള സംസ്ഥാന സ്‌കൂൾ കായികമേള. കായികോത്സവത്തിന് ആഗോളശ്രദ്ധ ലഭിക്കുന്നതിന് ഗൾഫ് മേഖലയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ പങ്കാളിത്തം കൂടുതൽ സഹായകമാകും.

സ്‌കൂൾ കായികോത്സവത്തിൽ പങ്കെടുക്കുന്നതിനായി ഗൾഫ് മേഖലയിൽ നിന്നും എത്തിച്ചേർന്ന വിദ്യാർത്ഥികളെ കെ ടി ഡി സി ചൈത്രം ഹോട്ടലിൽ സ്വീകരിച്ചശേഷം അവരോട് സംസാരിക്കുകയായിരുന്നു മന്ത്രി.


മുൻവർഷത്തെ പോലെ ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ കായികമേളയും ഒളിമ്പിക്‌സ് മാതൃകയിലാണ് നടത്തുന്നത്. ഇത്തവണ 22,000 കുട്ടികളാണ് മേളയിൽ പങ്കെടുക്കുന്നത്. ഭിന്നശേഷിയുള്ള 2500 ഓളം കുട്ടികളും സാധാരണ കുട്ടികളോടൊപ്പം മേളയിൽ പങ്കെടുക്കുന്നു എന്നത് ഈ മേളയുടെ പ്രധാന സവിശേഷതയാണ്.

പ്രതിഭകളെ സൃഷ്ടിക്കുന്നത് അവസരങ്ങളാണ് എന്ന കാഴ്ചപ്പാടിലാണ് ഒളിമ്പിക്‌സ് മാതൃകയിൽ മേള നടത്താൻ തീരുമാനിച്ചത്. ഏറ്റവും നല്ല അവസരം കൊടുക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സ്‌ക്കൂൾ കലോത്സവത്തിലും ഗൾഫ് കുട്ടികളുടെ പങ്കാളിത്തം പരിഗണിക്കണമെന്ന കുട്ടികളുടെ ആവശ്യം ആലോചന നടത്തിയ ശേഷം അറിയിക്കാമെന്ന് വിദ്യാർത്ഥികൾക്ക് മന്ത്രി ഉറപ്പ് നൽകി.


ഗൾഫ് മേഖലയിൽ നിന്നുള്ള അഞ്ച് കേരള സിലബസ് സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് കായികോത്സവത്തിൽ പങ്കെടുക്കുന്നത്. 34 ആൺകുട്ടികളും അഞ്ച് പെൺകുട്ടികളും എട്ട് അധ്യാപകരുമുൾപ്പടെ 47 പേരാണ് സംഘത്തിലുള്ളത്.

ജൂനിയർ, സബ് ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഫുട്‌ബോൾ, ബാസ്‌കറ്റ് ബോൾ, ബാഡ്മിന്റൺ, അത്‌ലറ്റിക്‌സ് എന്നീ മത്സരയിനങ്ങളിലാണ് കുട്ടികൾ പങ്കെടുക്കുന്നത്.

With input from Keralanews.gov

For more details: The Indian Messenger

Related Articles

Back to top button