STORY & POEMS

പ്രവാസം (കവിത) സുധീരന്‍ പ്രയാര്‍ – എഴുതിയ കവിത.


ചുടു കാറ്റുവീശുമീ മണലാഴിയിൽ കനൽ

നിറയുന്ന നെഞ്ചുമായ് നിധി തേടി വന്നവർ

ഉരുകുന്ന മേനിയിൽ പൊതിയാൻ തണൽ തേടി-

യലയുന്ന കുരുവികൾ മാത്രം വിരുന്നുകാർ

പല കൊച്ചു കനവുകൾ കമ്പിളിക്കുള്ളിലായ്

കുളിരാതെ മൂടി നാം സുപ്തി കൊതിച്ചവർ

വഴിതെറ്റി വീട്ടിലായറിയാതെയേറിയോ-

രയലത്തെയതിഥി പോലെത്തുന്ന മാരിയിൽ

വെറുതെ മുഖം കാട്ടിയൊട്ടു നനഞ്ഞിടവ-

മഴകളില്‍ കൈവിട്ട വർഷ സ്പർശത്തിനായ്

ചിരി തൂകി വീണ്ടുമീ മണലിലായ് കണ്ണെറി-

ഞ്ഞോരു സജല വൃഷ്ടി തുലാച്ചിത്രമോർക്കവേ

ഇളകിപ്പറക്കുന്ന ചുരുൾ മുടിയിൽ മഞ്ഞിന്‍റെ

നിറവും പുരണ്ടുപോയോണങ്ങളറിയാതെ

കലിതുള്ളിയാർക്കുമീ പകലീ പ്രവാസിതൻ

കവിളിൽ കനൽ കൊണ്ടു കരിപുരട്ടീടവെ

ഒരു നോട്ടമെറിയാന്‍ മടിച്ചെന്‍റെ ദർപ്പണ-

പ്രതിബിംബമൊട്ടും ചിരിക്കാത്ത കാരണം

മനസോ ശരീരമോയിവിടെന്നതറിയാതെ

ചരണങ്ങളെന്തോ ചുമന്നു നീങ്ങീടവേ

അറിയുന്നു ഞാനിവിടെയില്ലെന്‍റെ കയ്യിലായ്

കരുതിയ പാഥേയമെങ്ങോ മറന്നപോൽ

ഒരു വർണ്ണ നഭയാത്രയാം മധുര വീഞ്ഞിനാ-

ലറിയാത്ത വഴിയിൽ ഞാനെന്നേ മറന്നുപോയ്‌.

For more details: The Indian Messenger

Related Articles

Back to top button