പുല്ലാങ്കുഴൽ പാടട്ടെ – ജീജ ബുഖാരി-എഴുതിയ കവിത


പുല്ലാങ്കുഴൽ പാടിയത്
മുറിവുകളുടെ അഗാധ കുഴികളിൽ ഊതിയപ്പോഴാണ്…
ശബ്ദമില്ലാതെ കരഞ്ഞിരുന്ന രാത്രികളില്‍
ഒരു ശ്വാസം കേൾക്കുമ്പോൾ വിറച്ച് ഉണർന്നത്…
രക്തത്തിന്റെ ഉണങ്ങിയ വരകൾക്കിടയിൽ
ഒരു പ്രകാശരേഖ മൃദുവായി പിറന്നത്…
ആത്മമുറിവുകളിൽ ഊതിയപ്പോൾ
അക്ഷരങ്ങൾ കണ്ണീരിന്റെ തുള്ളികളായി പെയ്തിറങ്ങി…
ഒറ്റപ്പെടലിന്റെ നീണ്ട വഴികളിൽ മറഞ്ഞിരുന്ന ഭയങ്ങൾ
കരുണയുടെ തണുപ്പിൽ ഉരുകി…
ഹൃദയത്തിന്റെ ഇരുണ്ട ഗുഹയിൽ
വേദനയുടെ കനൽമണ്ണ് നനഞ്ഞ്
സാന്ത്വനത്തിന്റെ കവിതകള്‍ പിറന്നു വീണു…
റൂമിയുടെ പുല്ലാങ്കുഴല്‍ പാടട്ടെ…
വർഷങ്ങളായി മൗനത്തിന്റെ തടവിൽ കഴിയുന്ന ഹൃദയങ്ങൾ
ഒരു സ്വരത്തിന്റെ ചിറകിൽ മോചിതരാകട്ടെ…
ഇരുട്ടിന്റെ മതിലുകൾ വിറച്ച് പൊളിഞ്ഞ്
കരളിന്റെ ആഴങ്ങളിലേക്ക് ഒരു കാറ്റ് ഇറങ്ങട്ടെ…
നിശബ്ദതയിലും വേദനയിലും ഒളിഞ്ഞിരുന്ന
കവിതയുടെ ശ്വാസം വീണ്ടും പ്രാർത്ഥനകളായ് ജനിക്കട്ടെ…
എന്റെ ആത്മലിഖിതങ്ങൾ പെയ്യട്ടെ…
കണ്ണീരിന്റെ ആഴത്തിൽ ജനിച്ചൊരു മുത്ത് പോലെ
ഓരോ തുള്ളിയും പ്രണയത്തിന്റെ വെളിച്ചം ചേർത്തു
മൗനത്തിന്റെ കാട്ടിനുള്ളിൽ തിളങ്ങി കത്തട്ടെ…
നിഴലിൽ മറഞ്ഞിരുന്ന ആത്മാവിന്റെ കുരുക്കുകൾ
മൃദുവായി അഴിഞ്ഞ്
ഒരു പുതിയ ജന്മത്തിന്റെ വഴിയിലേക്ക് ഉണരട്ടെ…
നീണ്ട രാത്രിയെ താങ്ങി നിൽക്കുന്ന ഹൃദയമേ…
നിന്റെ കനൽമണ്ണ് കാറ്റിന്റെ തലയോടലില് നനഞ്ഞ്
സ്നേഹത്തിന്റെ പൂക്കൾ വിരിയട്ടെ…
ഒരു ശ്വാസം മന്ദഗതിയോടെ നീളട്ടെ…
ഒരു സ്പർശനത്താല്‍ ഹൃദയം തളിരണിയട്ടെ…
ഓരോ കണ്ണീർത്തുള്ളികളും ഒാരോ പ്രാർത്ഥനയാകട്ടെ,
ഓരോ നിശബ്ദതയും താരാട്ടാവട്ടെ…
വേദനയുടെ ആഴത്തിൽ നിന്ന് പൊങ്ങുന്ന സ്വരങ്ങൾ
കരുണയുടെ നീരൊഴുക്കായി ലോകം നിറക്കട്ടെ…
റൂമിയുടെ പുല്ലാങ്കുഴല്‍ എന്നും പാടട്ടെ…
എന്റെ ആത്മലിഖിതങ്ങൾ നീര്തുള്ളികളായി പെയ്യട്ടെ…
വേദനയെ ചേർത്തു പിടിച്ച പ്രണയത്തിന്റെ നിശബ്ദ ഗാനമായ്
ഹൃദയത്തിന്റെ ആഴങ്ങളിലേക്കൊഴുകട്ടെ .
For more details: The Indian Messenger



