വിസ്മയാ മോഹൻലാൽ അഭിനയ രംഗത്തേക്ക് — ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് തുടക്കമായി.


മോഹൻലാലിന്റെ മകൾ വിസ്മയാ മോഹൻലാൽ അഭിനയ രംഗത്തേക്ക് കടന്നു വരുന്ന പുതിയ സിനിമയ്ക്ക് തുടക്കമായി. ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഔദ്യോഗിക ലോഞ്ചിംഗ് ഒക്ടോബർ 30-ന് (വ്യാഴാഴ്ച) കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്നു.
ആശിർവ്വാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമിക്കുന്ന ഈ ചിത്രത്തിന് മോഹൻലാൽ ആദ്യ തിരി തെളിയിച്ചുകൊണ്ട് തുടക്കമിട്ടു. സുചിത്രാ മോഹൻലാൽ സ്വിച്ചോൺ കർമ്മവും, പ്രണവ് മോഹൻലാൽ ഫസ്റ്റ് ക്ലാപ്പും നൽകി.
ചടങ്ങിൽ വിസ്മയയുടെ അഭിനയ അരങ്ങേറ്റത്തോടൊപ്പം മറ്റൊരു നടന്റെ അരങ്ങേറ്റവും പ്രഖ്യാപിച്ചു. ആൻ്റണി പെരുമ്പാവൂരിന്റെ മകനായ ആശിഷ് ജോ ആൻ്റണിയാണ് ഈ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. മോഹൻലാലാണ് ആശിഷിനെ ചടങ്ങിൽ അവതരിപ്പിച്ചത്.
മകളുടെ അഭിനയ തുടക്കം സംബന്ധിച്ച് മോഹൻലാൽ പ്രതികരിച്ചു:
“നാൽപ്പത്തിയെട്ട് വർഷങ്ങൾക്കുമുമ്പ് ഞാൻ അഭിനയ രംഗത്ത് എത്തിയപ്പോൾ ഇത്തരം ചടങ്ങുകളൊന്നും ഉണ്ടായിരുന്നില്ല. വിസ്മയക്ക് അഭിനയിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. അതിനുള്ള അനുയോജ്യമായ കഥ ഇതിലാണ് ലഭിച്ചത്,” എന്ന് മോഹൻലാൽ പറഞ്ഞു.
സുചിത്രാ മോഹൻലാലും മകളുടെ അഭിനയ പ്രവേശനത്തെ കുറിച്ച് സന്തോഷം പ്രകടിപ്പിച്ചു.
ചടങ്ങിൽ സംവിധായകൻ ജോഷി, ദിലീപ്, മേജർ രവി, വൈശാഖ്, തരുൺ മൂർത്തി, ആരുൺ ഗോപി, സാബു ചെറിയാൻ തുടങ്ങിയവരും പങ്കെടുത്തു.
“ഒരു കൊച്ചു കുടുംബ ചിത്രം” എന്ന രീതിയിലാണ് സംവിധായകൻ ജൂഡ് ആൻ്റണി ഈ ചിത്രത്തെ വിശേഷിപ്പിച്ചത്.
ചിത്രത്തിന്റെ തിരക്കഥ ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആൻ്റണി ജോസഫ് എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. സംഗീതം ജെയ്ക്ക് ബിജോയ്സിന്റേതും, ഛായാഗ്രഹണം ജോമോൻ ടി. ജോണിന്റേതുമാണ്.
News: Vazhoor Jose
For more details: The Indian Messenger



