ജോർജുകുട്ടി കറക്റ്റ് ആണോ?: മോഹൻലാലിൻ്റെ സംശയത്തോടെ ‘ദൃശ്യം 3’ പായ്ക്കപ്പ്!

കൊച്ചി/തൊടുപുഴ: ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിലെ ‘ദൃശ്യം 3’ ചിത്രീകരണം പൂർത്തിയാക്കി. കഴിഞ്ഞ ഡിസംബർ 2-ന് കൊച്ചിയിലെ ലൊക്കേഷനിലാണ് ചിത്രത്തിന്റെ പാക്കപ്പ് നടന്നത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം, പ്രേക്ഷകർക്കിടയിൽ വലിയ സ്വാധീനമുണ്ടാക്കിയ ജോർജുകുട്ടിയുടേയും കുടുംബത്തിൻ്റേയും കഥ തുടരുകയാണ്. സെപ്റ്റംബർ 22-ന് ആരംഭിച്ച ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനുകൾ കൊച്ചിയും തൊടുപുഴയുമായിരുന്നു.
റിലീസിന് മുമ്പേ ചരിത്രം!
റിലീസിന് മുമ്പുതന്നെ 350 കോടി രൂപയുടെ പ്രീ-ബിസിനസ്സ് നേടിക്കൊണ്ട് വൻ ഹൈപ്പ് സൃഷ്ടിച്ച പ്രാദേശിക ചിത്രമെന്ന ഖ്യാതിയും ‘ദൃശ്യം 3’ സ്വന്തമാക്കി കഴിഞ്ഞു. ഫാമിലി ത്രില്ലർ ജോണറിൽ ഒരുപക്ഷേ ഇന്ത്യയിലെ ആദ്യത്തെ ചിത്രമെന്ന സ്ഥാനം ‘ദൃശ്യം’ സീരീസിനുണ്ട്. ആദ്യ ചിത്രത്തിൻ്റെ വിജയമാണ് ‘ദൃശ്യം 2’ വിനും മൂന്നാം ഭാഗത്തിനും വഴി തുറന്നത്.
മോഹൻലാലിൻ്റെ ചിരി ചോദ്യം
ചിത്രത്തിലെ ലാസ്റ്റ് ഷോട്ട് പറയുന്നതിനു മുമ്പുള്ള മോഹൻലാലിൻ്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “ജോർജുകുട്ടി കറക്റ്റ് ആണോ? എല്ലാവരും പറഞ്ഞപ്പോൾ ഒരു ഡൗട്ട്?” എന്ന് അദ്ദേഹം തമാശയായി ചോദിക്കുന്നത് പുറത്തുവിട്ട വീഡിയോയിൽ കേൾക്കാം. പാക്കപ്പിനു ശേഷം മോഹൻലാൽ, നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂർ, സംവിധായകൻ ജീത്തു ജോസഫ് എന്നിവരെ ആലിംഗനം ചെയ്യുന്നതും, കേക്ക് മുറിച്ച് സന്തോഷം പങ്കുവെക്കുന്നതും വീഡിയോയിൽ ദൃശ്യമാകുന്നുണ്ട്.
കഥാപരിണാമം
ദൃശ്യം 2 വിന് ശേഷം നാലര വർഷങ്ങൾക്കിപ്പുറം ജോർജുകുട്ടിയുടെ കുടുംബത്തിലുണ്ടാകുന്ന മാറ്റങ്ങളായിരിക്കും ചിത്രത്തിൻ്റെ കഥാഗതിയിലെ പ്രധാന ഘടകമെന്ന് സംവിധായകൻ ജീത്തു ജോസഫ് സൂചിപ്പിച്ചു. കഴിഞ്ഞ രണ്ട് ഭാഗങ്ങളിലുമെന്നപോലെ, ഇത്തവണയും വലിയ ട്വിസ്റ്റുകളും സസ്‌പെൻസും പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്.
‘ദൃശ്യം 2’ ഇപ്പോഴും അന്യഭാഷകളിൽ റീമേക്ക് ചെയ്യപ്പെടാനൊരുങ്ങുന്ന ഈ സമയത്താണ് ‘ദൃശ്യം 3’ പ്രദർശനത്തിനെത്തുന്നത്. ‘ദൃശ്യം 3’ ചിത്രീകരണം പൂർത്തിയാക്കിയ ഉടൻ മോഹൻലാൽ, ‘ജയിലർ 2’വിൽ അഭിനയിക്കാനായി ഗോവയിലേക്ക് തിരിച്ചു.
News ; Vazhoor Jose
For more details: The Indian Messenger



