INDIA NEWSTOP NEWS

ഡൽഹി തുർക്ക്മാൻ ഗേറ്റിൽ കയ്യേറ്റം ഒഴിപ്പിക്കലിനിടെ സംഘർഷം: 5 പോലീസുകാർക്ക് പരിക്ക്, 10 പേർ കസ്റ്റഡിയിൽ.

ന്യൂഡൽഹി: ഡൽഹി തുർക്ക്മാൻ ഗേറ്റിലെ ഫൈസ് ഇ ഇലാഹി മസ്ജിദിന് സമീപം മുനിസിപ്പൽ കോർപ്പറേഷൻ (MCD) നടത്തിയ കയ്യേറ്റം ഒഴിപ്പിക്കൽ നടപടിക്കിടെ വ്യാപക അക്രമം. നാട്ടുകാർ നടത്തിയ കല്ലേറിൽ അഞ്ച് പോലീസുകാർക്ക് പരിക്കേറ്റു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സംഭവുമായി ബന്ധപ്പെട്ട് പത്തുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഡൽഹി ഹൈക്കോടതി ഉത്തരവ് പ്രകാരം ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്. രാംലീല മൈതാനത്തിന് സമീപമുള്ള 38,940 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കയ്യേറ്റങ്ങൾ നീക്കം ചെയ്യാൻ 2025 നവംബറിൽ കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനായി 17 ബുൾഡോസറുകളുമായാണ് അധികൃതർ എത്തിയത്. റോഡ്, നടപ്പാത, വിവാഹ മണ്ഡപം, പാർക്കിംഗ് ഏരിയ, ഡയഗ്നോസ്റ്റിക് സെന്റർ എന്നിവയുടെ ഭാഗങ്ങൾ ഈ ഒഴിപ്പിക്കൽ പരിധിയിൽ ഉൾപ്പെടുന്നു.

സമാധാനപരമായ ഒഴിപ്പിക്കലിനായി പോലീസ് നേരത്തെ പ്രാദേശിക അമൻ കമ്മിറ്റി അംഗങ്ങളുമായി ചർച്ച നടത്തിയിരുന്നുവെങ്കിലും പുലർച്ചെ നാട്ടുകാർ സംഘടിച്ചെത്തി പോലീസിനും ഉദ്യോഗസ്ഥർക്കും നേരെ കല്ലെറിയുകയായിരുന്നു. ഡ്രോൺ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. നിലവിൽ പ്രദേശം പോലീസിന്റെ നിയന്ത്രണത്തിലാണ്. (TV9)

For more details: The Indian Messenger

Related Articles

Back to top button