ആർമി കോർപ്പറൽ വേജിടെക് അഥവ പട്ടാളക്കാരൻ കരടി.

അജി ചൂരക്കാട് – (പോളണ്ട്)
അമേരിക്കയിലെ ഹൂസ്റ്റണിൽ നിന്നും ചിക്കാഗോ വഴി പോളണ്ടിലെ Wroclaw യിലേക്കുള്ള യാത്രയൂടെ ഇടവേളകളിൽ എയർ പോർട്ടുകളിൽ ലഭിച്ചിരുന്ന ഫ്രീ Internet ൽ പോളണ്ടിലെ രണ്ടാം ലോക മഹായുദ്ധ സ്മാരകങ്ങളെക്കുറിച്ച് തിരയാൻ ശ്രെമിച്ച എൻ്റെ മുൻപിൽ ആദ്യം എത്തിയത് ഒരു പീരങ്കി ഷെല്ലുമായി നിൽക്കുന്ന ഒരു കരടിയുടെ ചിത്രമാണ് .”Wojtek” ,പട്ടാളക്കാരൻ കരടി. പോളിഷ് II കോർപ് ഡിവിഷനിൽ ഒരു private ആയി തുടങ്ങി പടിപടിയായി corporal സ്ഥാനം വരെ ഉയർന്ന ആ കരടിയുടെ കഥ ഒരു അത്ഭുദത്തോടെ ആണ് ഞാൻ വായിച്ചത്.
1939-ൽ കിഴക്കൻ പോളണ്ടിലെ സോവിയറ്റ് അധിനിവേശത്തെത്തുടർന്ന് സോവിയറ്റ് യൂണിയനിലേക്ക് നാടുകടത്തപ്പെട്ട ആയിരക്കണക്കിന് പോളിഷ് സിവിലിയന്മാരോടൊപ്പം,സോവിയറ്റ് യൂണിയനിൽ നിന്ന് ഇറാനിലേക്ക് പുറപ്പെട്ട ആൻഡേഴ്‌സ് ആർമി , 1942-ലെ വസന്തകാലത്ത്, ഏപ്രിൽ 8-ന് ഇറാനിലെ ഹമദാനിലെ ഒരു റെയിൽവേ സ്റ്റേഷനിൽ കയ്യിൽ ഒരു കരടിക്കുട്ടിയും ആയി നിൽക്കുന്ന ഒരു ഇറാനിയൻ യുവാവിനെ കണ്ടുമുട്ടി. ആ വിചിത്രമായ ആ കാഴ്ച കണ്ട സിവിലിയൻ അഭയാർത്ഥികളിൽ ഒരാളായ പതിനെട്ടുകാരിയായ ഐറീന (ഇങ്ക) ബോകിവിക്‌സ് എന്ന ജനറൽ ബോലെസ്‌ലാവ് വീനിയാവ-ഡുഗോസ്സോവ്‌സ്‌കിയുടെ മരുമകൾ, കൂടെ ഉണ്ടായിരുന്ന പട്ടാളക്കാരിൽ ഒരാളോട് ആ കരടികുട്ടിയുടെ വിവരങ്ങൾ തിരക്കി വരൻ ആവശ്യപ്പെട്ടു .വേട്ടക്കാരുടെ വെടിയേറ്റ് മരിച്ച അമ്മക്കരടിയുടെ അടുക്കൽ നിന്ന് കിട്ടിയ അനാഥനായ കരടിക്കുട്ടിയുടെ കഥ അറിഞ്ഞ് അതിനോട് ഇഷ്ടം തോന്നിയ ഐറീന , ആ കരടികുട്ടിയെ വാങ്ങാൻ ലെഫ്റ്റനന്റ് അനറ്റോൾ ടാർനോവിക്കിയെ പ്രേരിപ്പിച്ചു, ടെഹ്‌റാനിനടുത്ത് സ്ഥാപിച്ച പോളിഷ് അഭയാർത്ഥി ക്യാമ്പിൽ അടുത്ത മൂന്ന് മാസകാലത്തോളം ഐറേനയുടെ സംരക്ഷണയിൽ ആ കരടിക്കുട്ടി കഴിഞ്ഞു.ഐറീന പോളണ്ടിലേക്ക് തിരികെ പോകുമ്പോൾ ആ കരടികുട്ടിയെ പിന്നീട് 22-ാo പീരങ്കി ഡിവിഷൻ കമ്പനിയായി മാറിയ 2nd ട്രാൻസ്പോർട്ട് കമ്പനിക്ക് സംഭാവന ചെയ്തു. സൈനികർ ആ കരടിക്കുട്ടിക്ക് ,പഴയ സ്ലാവിക് നാമമായ “വോജ്‌സീച്ച്” (ഹാപ്പി വാരിയർ) എന്നതിന്റെ വിളിപ്പേരായ ” വേജിടെക് ” എന്ന് പേരിട്ടു.
ആഹാരം ചവച്ചു കഴിക്കാൻ പോലും അറിയാതിരുന്ന വേജിടെക് ന് പോളിഷ് പട്ടാളക്കാർ ഒരു പഴയ വോഡ്ക കുപ്പിയിൽ കണ്ടെൻസ്ഡ് മിൽക്ക് പകർന്നു നൽകി. കുറച്ചു കൂടി വളർന്നപ്പോൾ പഴങ്ങളും , തേനും , സിറപ്പും ആഹാരമായി നൽകി തുടങ്ങി.പോളിഷ് പട്ടാളക്കാർക്ക് ഒപ്പം കളിച്ചു വളർന്ന വോജ്ടെക് പതിയെ അവരിൽ ഒരാളായി മാറുകയായിരുന്നു.പട്ടാളക്കാരുടെ കൃത്യനിഷ്ഠയും ,വ്യായാമങ്ങളും പരിശീലിച്ച കൂട്ടത്തിൽ കൂടെ ചില ദുശീലങ്ങളും വോജ്ടെക് ശീലിച്ചു.പോളിഷ് പട്ടാളക്കാർക്കൊപ്പം ബിയർ കുടിക്കുന്നതും ,സിഗരറ്റു വലിക്കുന്നതും നമ്മുടെ വോജ്ടെക് ശീലമാക്കി.പട്ടാളക്കാർ പലപ്പോഴും സമ്മാനമായി നൽകിയിരുന്ന ബിയർ അവൻ്റെ ഇഷ്ട പാനീയം ആയി മാറൻ പിന്നീട് അധികകാലം വേണ്ടിവന്നില്ല.. രാത്രിയിൽ തണുപ്പ് അനുഭവപ്പെടുമ്പോൾ സൈനികരുടെ ഇടയിൽ ചേർന്ന് ക്കിടന്ന് അവൻ തണുപ്പ് അകറ്റി ഉറങ്ങി .സൈനികരുമായി ഗുസ്തി പിടിക്കാനും അഭിവാദ്യം ചെയ്യുമ്പോൾ സല്യൂട്ട് ചെയ്യാനും പഠിച്ചു.സൈനികർക്കൊപ്പം തൻ്റെ പിൻകാലുകളിൽ മാർച്ച് ചെയ്യുകയും ചെയ്തു. സൈനികർക്കും സാധാരണക്കാർക്കും ഒരുപോലെ ആകർഷണമായി മാറിയ അവൻ , താമസിയാതെ സമീപത്തുള്ള എല്ലാ സൈനിക യൂണിറ്റുകളുടെയും അനൗദ്യോഗിക ചിഹ്നമായി മാറി. 22-ാo സൈനിക യൂണിറ്റിനൊപ്പം അവൻ ഇറാഖിലേക്കും അവിടെ നിന്ന് സിറിയ, പലസ്തീൻ, ഈജിപ്ത് എന്നിവിടങ്ങളിലും സഞ്ചരിച്ചു. പരിചരിക്കാൻ യൂണിറ്റിൽ അവന് പരിചാരകർ ഉണ്ടായി. Battle for Rome എന്ന് അറിയപ്പെട്ട , മോണ്ടെ കാസിനോ യുദ്ധം ആകുമ്പഴേക്കും അവൻ്റെ ഭാരം ഏകദേശം 90 കിലോഗ്രാമിൽ എത്തിയിരുന്നു.
ഒരു പീരങ്കി ഷെല്ലും കയ്യിൽ ഏന്തി നിൽക്കുന്ന വേജിടെക് 22-ാo പീരങ്കി പടയുടെ ഔദ്യോഗീക ചിഹ്നമായി മാറാൻ അധിക കാലം വേണ്ടിവന്നില്ല.ഈ സമയം ആണ് ഈജിപ്തിൽ നിന്ന്, ഇറ്റാലിയൻ കാമ്പയിനിൽ ബ്രിട്ടീൻറെ എട്ടാം സൈന്യത്തോടൊപ്പം പോരാടാൻ പോളിഷ് II കോർപ്സ് പുനർനിയോഗിക്കപ്പെടുന്നത്. അവരെ ഇറ്റലിയിലേക്ക് കൊണ്ടുപോകേണ്ട ബ്രിട്ടീഷ് ട്രാൻസ്പോർട്ട് കപ്പലിൻറെ ,വളർത്തുമൃഗങ്ങളെ കയറ്റുന്നത് നിരോധിച്ചിരുന്ന നീയമാവലി മറികടക്കാൻ വേണ്ടി വേജിടെക് നെ പോളിഷ് ആർമിയിൽ ഒരു ഉദ്യോഗസ്ഥനായി ഡ്രാഫ്റ്റ് ചെയ്യുകയും 22-ാo ആർട്ടിലറി സപ്ലൈ കമ്പനിയുടെ സൈനികരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. അങ്ങനെ വേജിടെക് സ്വന്തമായി പേബുക്കും , റാങ്കും , സീരിയൽ നമ്പരുമുള്ള ഒരു ഔദ്യോഗിക പോളിഷ് പട്ടാളക്കാരൻ ആയി മാറുകയും ചെയ്തു. ഒരു പട്ടാളക്കാരൻ എന്ന നിലയിൽ, അദ്ദേഹം മറ്റ് പട്ടാളക്കാരോടൊപ്പം ടെന്റുകളിലോ ട്രക്കിൽ കൊണ്ടുപോകുന്ന ഒരു പ്രത്യേക തടി പെട്ടിയിലോ താമസിച്ചു. മോണ്ടെ കാസിനോ യുദ്ധത്തിൽ, നാല് ആളുകളെക്കൊണ്ട് മാത്രം എടുത്ത് ഉയർത്താൻ കഴിയുന്ന ഭാരമുള്ള പീരങ്കി ഷെല്ലുകളുടെ പെട്ടികൾ സ്ഥിരമായി ഒന്നുപോലും താഴെ വീഴാതെ ലോഡ് ചെയ്ത് വോജ്ടെക് തന്റെ യൂണിറ്റിനെ സഹായിച്ചുകൊണ്ടിരുന്നത് ബ്രിട്ടീഷ് പട്ടാളക്കാരിൽ അതിശയം ജനിപ്പിച്ചു.മോണ്ടെ കാസിനോയിലെ ഈ സ്തുത്യർഹമായ സേവനം അവനെ പെട്ടന്നുതന്നെ കോർപ്പറൽ പദവിയിലേക്ക് ഉയർത്തി.
യുദ്ധാനന്തരം
1945-ൽ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതോടെ , വോയ്‌ടെക് 22-ാo കമ്പനിയുടെ ഒപ്പം സ്കോട്ടിഷ് അതിർത്തിയിലെ ഹട്ടൺ ഗ്രാമത്തിനടുത്തുള്ള സൺവിക്ക് ഫാമിലെ വിൻഫീൽഡ് എയർഫീൽഡിൽ താമസമാക്കി.താമസിയാതെ പ്രാദേശിക സിവിലിയന്മാർക്കും മാധ്യമങ്ങൾക്കും ഇടയിൽ പ്രശസ്തനാകുകയും, പോളിഷ്-സ്കോട്ടിഷ് അസോസിയേഷനിൽ ഓണററി അംഗത്വം നേടുകയും ചെയ്തു. 1947 നവംബർ 15-ന് പോളിഷ് ആർമിയുടെ ഡീമോബിലൈസേഷനെത്തുടർന്ന്, വോയ്‌ടെക്കിനെ എഡിൻബർഗ് മൃഗശാലയിലേക്ക് മാറ്റി , അവിടെ ആണ് അവൻ തൻ്റെ ശിഷ്ടകാലം പിന്നീട് ചെലവഴിച്ചത് , നിത്യ സന്ദർശകർ ആയിരുന്ന പത്രപ്രവർത്തകരും മുൻ പോളിഷ് സൈനികരും, നൽകിയിരുന്ന സിഗരറ്റ് വലിക്കുന്ന കരടി ജനങ്ങൾക്കും ,കുട്ടികൾക്കും കൗതുക കാഴ്‌ച്ചയായി മാറി.തൻ്റെ മുൻ യൂണിറ്റുകളിൽ പെട്ട പലരും പോളിഷ് ഭാഷയിൽ സംസാരിക്കുമ്പോൾ അത് തിരിച്ചറിഞ്ഞുകൊണ്ട് സന്തോഷത്തോടെ വോയ്‌ടെക് പ്രതികരിച്ചു. മാധ്യമശ്രദ്ധ വോയ്‌ടെക്കിന്റെ ജനപ്രീതിക്ക് കാരണമാകുകയും കുട്ടികൾക്കായുള്ള ബിബിസി ടെലിവിഷന്റെ ബ്ലൂ പീറ്റർ പ്രോഗ്രാമിൽ പതിവായി അതിഥിയാക്കുകയും ചെയ്തു .ഏകദേശം 500 കിലോഗ്രാം (1,100 പൗണ്ട്) ഭാരവും 1.8 മീറ്ററിലധികം (5 അടി 11 ഇഞ്ച്) ഉയരവുമുണ്ടായിരുന്ന വോയ്‌ടെക് തൻ്റെ 21-ാം വയസ്സിൽ 1963 ഡിസംബറിൽ ഈ ലോകത്തോട് വിടപറഞ്ഞു.
പടിഞ്ഞാറൻ പോളണ്ടിലെ Zagan പട്ടണത്തിൻറെ നഗര ചത്വരത്തിൽ ഒരു പീരങ്കി ഷെല്ലുമായി നിൽക്കുന്ന ഒരു കരടിയുടെ പ്രതിമ , ഈ കഥകൾ ഒന്നും അറിയാത്ത കാഴ്ചക്കാരുടെ കണ്ണുകൾക്ക് വെറും ഒരു കൗതുകം മാത്രം നൽകി നിലകൊള്ളുന്നു.
For more details: The Indian Messenger



