സൗദിയിൽ തൊഴിൽ നിയമങ്ങൾ കർശനമാക്കി; രേഖകളില്ലാത്ത വിദേശികളെ ജോലിക്കെടുത്താൽ 10,000 റിയാൽ പിഴ.
സൗദി അറേബ്യയിൽ തൊഴിൽ നിയമ ലംഘനങ്ങൾക്കുള്ള പിഴ ശിക്ഷകൾ പരിഷ്കരിച്ചു. സാധുവായ വർക്ക് പെർമിറ്റ് ഇല്ലാത്ത വിദേശ തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് 10,000 റിയാൽ പിഴ ചുമത്താൻ ഉത്തരവായി. മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ രാജ്ഹിയാണ് തൊഴിൽ വിപണിയുടെ സ്ഥിരതയും വളർച്ചയും ലക്ഷ്യമിട്ട് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രധാന ശിക്ഷാ നടപടികൾ:
പുതുക്കിയ നിയമമനുസരിച്ച്, 15 വയസ്സിന് താഴെയുള്ള കുട്ടികളെ ജോലിക്കെടുക്കുന്നത് കടുത്ത കുറ്റകൃത്യമായി കണക്കാക്കും. 50-ൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ ഇത്തരത്തിൽ കുട്ടികളെ ജോലിക്കെടുക്കുന്നത് കണ്ടെത്തിയാൽ 2,000 റിയാൽ പിഴ ഈടാക്കും. തൊഴിലാളികളുടെ പാസ്പോർട്ടോ താമരരേഖകളോ (ഇഖാമ) കൈവശം വെക്കുന്ന തൊഴിലുടമകൾ ഓരോ തൊഴിലാളിക്കും 3,000 റിയാൽ വീതം പിഴ നൽകേണ്ടി വരും. കൂടാതെ, തൊഴിൽ കരാറുകൾ ഇലക്ട്രോണിക് രീതിയിൽ രേഖപ്പെടുത്താത്തവർക്ക് ഓരോ തൊഴിലാളിക്കും 1,000 റിയാൽ വീതമാണ് പിഴ.
സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സുരക്ഷ:
സ്ത്രീ തൊഴിലാളികൾക്ക് നിയമപരമായ പ്രസവാവധി നൽകാതിരുന്നാൽ 1,000 റിയാൽ പിഴയൊടുക്കേണ്ടി വരും. 50-ൽ കൂടുതൽ സ്ത്രീ ജീവനക്കാരുള്ളതും ആറ് വയസ്സിൽ താഴെയുള്ള 10 കുട്ടികളെങ്കിലുമുള്ള സ്ഥാപനങ്ങൾ ശിശുപരിചരണ കേന്ദ്രങ്ങളോ നഴ്സറികളോ ഒരുക്കിയില്ലെങ്കിൽ 3,000 റിയാൽ പിഴ ശിക്ഷ ലഭിക്കും.
അംഗീകാരമില്ലാത്ത റിക്രൂട്ട്മെന്റ് പ്രവർത്തനങ്ങൾക്ക് കനത്ത പിഴയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആദ്യത്തെ നിയമലംഘനത്തിന് 2 ലക്ഷം റിയാലും, രണ്ടാമതും ആവർത്തിച്ചാൽ 2.2 ലക്ഷം റിയാലും, മൂന്നാം തവണ 2.5 ലക്ഷം റിയാലുമാണ് പിഴയെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. (Gulf New)
For more details: The Indian Messenger



