FILMS

'പുഷ്പ' താരം സുനിലിന്റെ തകർപ്പൻ നൃത്തം; 'കാട്ടാളനിലെ' ആദ്യ ലിറിക്കൽ ഗാനം പുറത്തിറങ്ങി.

കൊച്ചി: ആൻ്റണി വർഗീസ് (പെപ്പെ) കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹൈ-വോൾട്ടേജ് ആക്ഷൻ ചിത്രം ‘കാട്ടാളനിലെ’ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. ‘പുഷ്പ’, ‘ജയിലർ’ എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഹരമായി മാറിയ താരം സുനിൽ നൃത്തച്ചുവടുകളുമായി എത്തുന്ന ‘മജക്കോ മല്ലിക’ എന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ക്യൂബ്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഫോറസ്റ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ അജനീഷ് ലോകനാഥാണ്. വിനായക് ശശികുമാറിൻ്റെ വരികൾക്ക് ആനന്ദ് ശ്രീരാജും ഭദ്രതയും ചേർന്നാണ് ശബ്ദം നൽകിയിരിക്കുന്നത്. വാഗമണ്ണിലെ പടുകൂറ്റൻ സെറ്റിൽ ചിത്രീകരിച്ച ഈ ഗാനത്തിന് ഷെരിഫാണ് കൊറിയോഗ്രാഫി നിർവ്വഹിച്ചിരിക്കുന്നത്. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലാണ് ഗാനം പുറത്തിറങ്ങിയത്.

ലോകപ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർ കെച്ച കെമ്പടിക്കി ഒരുക്കുന്ന സംഘട്ടന രംഗങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണം. കബീർ ദുഹാൻ സിംഗ്, തുഷാര വിജയൻ, ജഗദീഷ്, സിദ്ദിഖ് തുടങ്ങിയ വലിയ താരനിരയ്ക്കൊപ്പം പ്രമുഖ സോഷ്യൽ മീഡിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ‘കാട്ടാളൻ’ മെയ് മാസത്തിൽ ലോകവ്യാപകമായി തിയേറ്ററുകളിലെത്തും.


News: Vazhoor Jose

For more details: The Indian Messenger

Related Articles

Back to top button