യുവതയെ തീവ്രവാദത്തിലേക്ക് തള്ളുന്നത് വിനാശകരമായ രാഷ്ട്രീയ സംസ്കാരം; വന്ദേ ഭാരത് കല്ലേറിൽ പ്രതികരണവുമായി രാജീവ് ചന്ദ്രശേഖർ.

തിരുവനന്തപുരം: കണ്ണൂരിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ സി.പി.എമ്മിനും കോൺഗ്രസിനുമെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. പ്രതി അസ്ഹറുദ്ദീന്റെ അറസ്റ്റ് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും കേരളത്തിലെ വിഷലിപ്തമായ രാഷ്ട്രീയ സംസ്കാരത്തിന്റെ ലക്ഷണമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വികസനവിരുദ്ധ നിലപാടുള്ള ഇടത്-വലത് മുന്നണികളുടെ ഗുണ്ടകൾ പലതവണ വന്ദേ ഭാരതിനെ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തിന്റെ പുരോഗതിയിൽ അഭിമാനം കൊള്ളുന്നതിന് പകരം വികസനത്തെ വെറുക്കാനാണ് യുവാക്കളെ ഇവിടെ പഠിപ്പിക്കുന്നത്. ഇത്തരം വിനാശകരമായ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കാൻ കേരളത്തിൽ ബിജെപി/എൻഡിഎ സർക്കാർ അനിവാര്യമാണെന്നും, ഭീകരവാദത്തിന്റെ രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞ് യുവാക്കൾ രാഷ്ട്രനിർമ്മാണത്തിന്റെ പാതയിലേക്ക് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഇപ്രകാരം കുറിച്ചു:
” ഇതുപോലുള്ള സംഭവങ്ങൾ കാണുമ്പോൾ നമ്മുടെ യുവാക്കളുടെ ഭാവിയെക്കുറിച്ചോർത്ത് മനസ്സിൽ ആശങ്ക നിറയുകയാണ്. അതേസമയം അവരെ തീവ്രവാദത്തിലേക്ക് വഴിതിരിച്ചുവിടുന്ന വിനാശകരമായ രാഷ്ട്രീയ സംസ്കാരത്തിന് അവസാനമിുന്നതിനായി മുന്നിട്ടിറങ്ങാനുള്ള കരുത്താണ് ഇത്തരം ഓരോ കാഴ്ചകളും എനിക്ക് നൽകുന്നത്.
കണ്ണൂരിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ അസ്ഹറുദ്ദീന്റെ അറസ്റ്റ് കേവലം ഒരു ഒറ്റപ്പെട്ട സംഭവമല്ല. വിഷലിപ്തമായൊരു രാഷ്ട്രീയ സംസ്കാരത്തിന്റെ ലക്ഷണമാണ് ഇത്.
ഇന്ത്യയുടെ അത്യാധുനിക റെയിൽവേ സംവിധാനത്തിന് നേരെ ആക്രമണം ഉണ്ടാകുന്നത് ഇതാദ്യമല്ല. വികസനവിരുദ്ധ നിലപാടുള്ള സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ഗുണ്ടകൾ പലതവണ വന്ദേ ഭാരതിനെ ലക്ഷ്യമിട്ടിട്ടുണ്ട്.
ഇത്തരം വികസനവിരുദ്ധ ചുറ്റുപാടുകളുടെ ഇരകളാണ് അസ്ഹറുദ്ദീനെപ്പോലെയുള്ള യുവാക്കൾ. രാജ്യത്തിന്റെ പുരോഗതിയിൽ അഭിമാനം കൊള്ളുന്നതിന് പകരം, അതിനെ വെറുക്കാനാണ് അവരെ പഠിപ്പിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ കരുത്തുറ്റ നേതൃത്വത്തിൽ ഇന്ത്യ മുന്നോട്ടു കുതിക്കുമ്പോൾ, കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങളും വിഭജന രാഷ്ട്രീയവും കേരളത്തെ പിന്നോട്ടടിക്കുകയാണ്.
ഭീകരവാദത്തിന്റെ രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞ് നമ്മുടെ യുവാക്കളെ പുതിയ ആശയങ്ങളുടെയും അഭിലാഷങ്ങളുടെയും നൈപുണ്യ വികസനത്തിന്റെയും രാഷ്ട്രനിർമ്മാണത്തിന്റെയും പാതയിലേക്ക് നയിക്കുകയാണ് വേണ്ടത്.
ഇന്ത്യയുടെ വളർച്ചയിൽ നിന്ന് ഒറ്റപ്പെട്ടു നിൽക്കുന്നതിന് പകരം ആ വളർച്ചയുടെ ഭാഗമാവുകയാണ് കേരളം ചെയ്യേണ്ടത്.
ആ മാറ്റം യാഥാർത്ഥ്യമാക്കാൻ ഒരു ബിജെപി/എൻഡിഎ സർക്കാർ അനിവാര്യമാണ്. “
For more details: The Indian Messenger



