'ജനറൽ സീറ്റിൽ വനിതകൾ വേണ്ട'; മുസ്ലീം ലീഗ് സ്ഥാനാർത്ഥികൾക്കെതിരെ സമസ്തയുടെ പരസ്യ നിലപാട്.

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ജനറൽ സീറ്റുകളിൽ വനിതാ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാനുള്ള മുസ്ലീം ലീഗ് തീരുമാനത്തിനെതിരെ കടുത്ത എതിർപ്പുമായി സമസ്ത.
ജനറൽ സീറ്റുകളിൽ വനിതകളെ നിർത്തുന്നതിനോട് സമസ്തയ്ക്ക് യോജിപ്പില്ലെന്ന് മുശാവറ അംഗം ഉമർ ഫൈസി മുക്കം വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സംവരണം നിർബന്ധമായ സാഹചര്യത്തിൽ മാത്രമാണ് വനിതകളെ മത്സരിപ്പിക്കാൻ സമസ്ത അനുവാദം നൽകിയതെന്നും, ആ തീരുമാനത്തിൽ മാറ്റം വരുത്തുന്നത് സമസ്തയുടെ ഫത്വയ്ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീം ലീഗ് സമസ്തയ്ക്കൊപ്പം നിൽക്കുന്നതാണ് പാർട്ടിക്ക് നല്ലതെന്നും ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും മാറ്റിനിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലീം ലീഗ് ചരിത്രത്തിലാദ്യമായി പേരാമ്പ്രയിൽ ഫാത്തിമ തഹ്ലിയയെയും കൂത്തുപറമ്പിൽ ജയന്തി രാജനെയും ജനറൽ സീറ്റുകളിൽ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് സമസ്തയുടെ ഈ പ്രതികരണം. (KN)
For more details: The Indian Messenger



