FEATURE ARTICLEINDIA NEWSKERALA NEWSTOP NEWS

ഓണാട്ടുകരയുടെ നടന വിസ്മയം അരങ്ങൊഴിഞ്ഞു; ഷൺമുഖനാശാന് കണ്ണീർ പ്രണാമം.

എസ്. രമേശ് ഓച്ചിറ

ഓച്ചിറ: മലയാള നാടകവേദിയെ നെഞ്ചിലേറ്റിയ അതുല്യ പ്രതിഭ ഷൺമുഖനാശാൻ (ഷൺമുഖൻ) അരങ്ങൊഴിഞ്ഞു. 2026 മാർച്ച് 25 ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം.

അരങ്ങിൻ്റെ സ്നേഹതീരത്ത്, നടനകലയുടെ ആത്മാവിനെ സ്വന്തം ഹൃദയത്തോട് ചേർത്തുനിർത്തിയ അതുല്യ കലാകാരനായിരുന്നു ഷൺമുഖൻ എന്ന “ഷൺമുഖനാശാൻ.” പടിഞ്ഞാറെ കല്ലടയിൽ പരേതരായ പത്മനാഭൻ്റെയും കുഞ്ഞു കൊച്ചിൻ്റെയും ഏക മകനായിരുന്നു അദ്ദേഹം.

നെൽപ്പുരക്കുന്ന് എൽ.പി. സ്കൂളിലെ പഠനത്തിനുശേഷം വള്ളികുന്നം വട്ടയ്ക്കാട്ട് ഹൈസ്കൂളിലായിരുന്നു അദ്ദേഹത്തിൻ്റെ തുടർവിദ്യാഭ്യാസം. പഠനകാലത്ത് സ്കൂളിൽ പാർട്ടിക്കാർ തമ്മിലുണ്ടായ സംഘട്ടനത്തിൽ “ഷൺമുഖൻ കൊല്ലപ്പെട്ടു” എന്നൊരു തെറ്റായ വാർത്ത അദ്ദേഹത്തിൻ്റെ അമ്മയുടെ അടുത്തെത്തി. ഇതേ പേരുള്ള മറ്റൊരു വ്യക്തിയായിരുന്നു അന്ന് മരിച്ചത്. എന്നാൽ ഈ ദുഃഖവാർത്ത അമ്മയുടെ മാനസികനില തകർത്തു. നിരവധി ചികിത്സകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടയിൽ അച്ഛൻ്റെ മരണം കൂടി സംഭവിച്ചതോടെ ഷൺമുഖൻ്റെ ജീവിതം ദാരിദ്ര്യവും കഷ്ടപ്പാടുകളും നിറഞ്ഞതായി മാറി.

അമ്മയുടെ വേർപാടിന് ശേഷം കരീലകുളങ്ങരയിലുള്ള മാതൃസഹോദരിയോടൊപ്പമായിരുന്നു താമസം. തുടർപഠനം കായംകുളം എം.എസ്.എം ഹൈസ്കൂളിലായിരുന്നു. വട്ടയ്ക്കാട്ട് ഹൈസ്കൂളിലെ അധ്യാപകനും പ്രസിദ്ധ കാഥികനുമായിരുന്ന ഇലിപ്പക്കുളം വിശ്വനാണ് അദ്ദേഹത്തെ കലാരംഗത്തേക്ക് കൈപിടിച്ചുയർത്തിയത്. എം.എസ്.എം സ്കൂളിലെ അധ്യാപകൻ പുതുപ്പള്ളി തണ്ടത്ത് ഭാസ്ക്കരപിള്ള നൽകിയ പ്രചോദനം ഷൺമുഖന് നാടക ലോകത്തേക്കുള്ള വഴി തുറന്നു.

ഓച്ചിറ തെക്ക് കൊച്ചുമുറി തട്ടയ്ക്കാട്ട് തെക്കതിൽ സുലോചനയെ ജീവിതസഖിയാക്കിയതോടെ ഷൺമുഖനാശാൻ ഓണാട്ടുകരയുടെ സ്വന്തമായി. നിരവധി അമച്വർ നാടകങ്ങളിലൂടെ ശ്രദ്ധേയമായ വേഷങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. “സഞ്ചരിക്കുന്ന ബാർബർ ഷോപ്പ്”, “ഉമിത്തീ” തുടങ്ങിയ നാടകങ്ങൾ ഏറെ പ്രശസ്തമായിരുന്നു. ഇതിൽ “സഞ്ചരിക്കുന്ന ബാർബർ ഷോപ്പിലെ” ബാർബറുടെ വേഷം പഴയകാല നാടകപ്രേമികൾക്ക് ഇന്നും ഒരു ആവേശമാണ്. തുടർന്ന് വന്ന “കാലനും ചിത്രഗുപ്തനും” എന്ന ഹാസ്യ നാടകവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

കൊച്ചുമുറിയിലെ ഓണം കലാസമിതി, തരംഗിണി, ശ്രീകൃഷ്ണ തുടങ്ങിയ സാംസ്കാരിക സംഘടനകൾ അദ്ദേഹത്തിലെ കലാകാരനെ വളർത്തുന്നതിൽ വലിയ പങ്കുവഹിച്ചു. പുതുപ്പള്ളി ആനന്ദൻ, പുത്തേഴത്ത് ശങ്കരപ്പിള്ള, തോപ്പിൽ ജംഗ്ഷൻ വിജയൻ പിള്ള, സാവിത്രിയമ്മ തുടങ്ങി പ്രമുഖരായ നിരവധി കലാകാരന്മാരോടൊപ്പം അദ്ദേഹം വേദി പങ്കിട്ടിട്ടുണ്ട്.

പുതുപ്പള്ളി വടക്കേ ആഞ്ഞിലിമൂടിന് പടിഞ്ഞാറ് നടന്ന “സൈക്കിൾ യജ്ഞത്തിൻ്റെ” ഭാഗമായി അവതരിപ്പിച്ച നാടകവും, പിന്നീട് രൂപീകരിച്ച “ജനത തിയറ്റേഴ്സും” അദ്ദേഹത്തിൻ്റെ കലാജീവിതത്തിലെ നാഴികക്കല്ലുകളാണ്. ജനത തിയറ്റേഴ്സിൻ്റെ “നീതിപീഠം” എന്ന നാടകം കണ്ട ഓച്ചിറ രാമചന്ദ്രൻ അദ്ദേഹത്തെ തൻ്റെ സമിതിയിലേക്ക് ക്ഷണിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ അത് നിരസിക്കേണ്ടി വന്നു. പ്രശസ്ത നാടകകൃത്ത് അഡ്വ. മണിലാലുമായുള്ള ആത്മബന്ധം അദ്ദേഹം എന്നും കാത്തുസൂക്ഷിച്ചിരുന്നു.

നാടകവേദികളിൽ നിന്ന് പടിയിറങ്ങിയ ശേഷം ഭാഗവത പാരായണ രംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. പുതുപ്പള്ളി വെള്ളിശ്ശേരിൽ ക്ഷേത്ര ഭരണസമിതിയും ഡോ. രഘുരാജൻ അനുസ്മരണ സമിതിയും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. വാർദ്ധക്യസഹജമായ അവശതകൾക്കിടയിലും പുതുപ്പള്ളി മഹിളാ ജംഗ്ഷനിലെ ചെറിയ കടയിൽ വസ്ത്രങ്ങൾ ഇസ്തിരിയിട്ടാണ് അദ്ദേഹം ഉപജീവനം നടത്തിയിരുന്നത്.

For more details: The Indian Messenger

Related Articles

Back to top button