ഇറാന്റെ റെയിൽവേ നിലയങ്ങളും പാലങ്ങളും തകർത്തു; യുദ്ധം പശ്ചിമേഷ്യ കടന്ന് വ്യാപിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്.

ടെഹ്റാൻ: ഇറാന്റെ റെയിൽവേ ശൃംഖലകൾക്കും പാലങ്ങൾക്കും നേരെ ചൊവ്വാഴ്ച വ്യാപകമായ വ്യോമാക്രമണം ഉണ്ടായി. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം ശക്തമാക്കിയതോടെ, രാജ്യത്തുടനീളമുള്ള ട്രെയിൻ യാത്രകൾ ഒഴിവാക്കണമെന്ന് ഇസ്രായേൽ ഇറാൻ ജനതയ്ക്ക് മുന്നറിയിപ്പ് നൽകി. ഇതിനിടെ, അമേരിക്കയുമായും അവരുടെ സഖ്യകക്ഷികളുമായും ബന്ധപ്പെട്ട ഊർജ്ജ നിലയങ്ങൾ തങ്ങൾ ലക്ഷ്യമിടുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് തിരിച്ചടിച്ചു. ഇറാന്റെ തിരിച്ചടി പശ്ചിമേഷ്യൻ മേഖലയ്ക്ക് പുറത്തേക്കും വ്യാപിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെയും ആക്രമണമുണ്ടായതായും അവിടെ വലിയ സ്ഫോടനങ്ങൾ നടന്നതായും ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന്റെ സിവിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നത് വലിയ പ്രാദേശിക യുദ്ധത്തിന് വഴിതെളിക്കുമെന്ന് ഫ്രാൻസ് മുന്നറിയിപ്പ് നൽകി. അതേസമയം, ഇറാനിലെ ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടിട്ട് ഇപ്പോൾ 39 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ ഇറാനെ ശിലായുഗത്തിലേക്ക് മടക്കി അയക്കുമെന്ന വൈറ്റ് ഹൗസിന്റെ ഭീഷണിക്ക് പിന്നാലെയാണ് ആക്രമണങ്ങൾ രൂക്ഷമായത്.
ഇറാന്റെ മേൽ താൻ നിശ്ചയിച്ച സമയപരിധി അവസാനിക്കാനിരിക്കെ, ലോകചരിത്രത്തിലെ തന്നെ ഏറ്റവും നിർണ്ണായകമായ നിമിഷങ്ങളിൽ ഒന്നാണ് ഇന്ന് രാത്രിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിൽ എന്ത് സംഭവിക്കുമെന്ന് ഇന്ന് രാത്രിയോടെ ലോകം അറിയുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യൽ’ (Truth Social) വഴിയാണ് ട്രംപ് ഈ മുന്നറിയിപ്പ് നൽകിയത്.
“ലോകത്തിന്റെ ദീർഘവും സങ്കീർണ്ണവുമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒന്ന് ഇന്ന് രാത്രി നാം കാണും,” ട്രംപ് കുറിച്ചു. ഒരു സമ്പൂർണ്ണ നാഗരികത തന്നെ ഇന്ന് രാത്രി നശിപ്പിക്കപ്പെട്ടേക്കാം എന്നും അത് ഒരിക്കലും തിരികെ വരാത്ത രീതിയിലായിരിക്കും എന്നും അദ്ദേഹം ഭീഷണി മുഴക്കി. ഇറാനിൽ ‘സമ്പൂർണ്ണ ഭരണമാറ്റം’ (Regime Change) ഉണ്ടാകാനുള്ള സാധ്യതയിലേക്കാണ് അദ്ദേഹം വിരൽ ചൂണ്ടുന്നത്. പതിറ്റാണ്ടുകളായി തുടരുന്ന അഴിമതിയും മരണങ്ങളും ഇന്ന് രാത്രിയോടെ അവസാനിച്ചേക്കാം എന്നും, വിപ്ലവകരമായ മാറ്റങ്ങൾ ഇറാനിൽ സംഭവിക്കുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ട്രംപ് നൽകിയ അവസാന സമയപരിധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവനകൾ.
(Iranintl)
For more details: The Indian Messenger



