അതുല്യ കാഥികൻ വള്ളികുന്നം തങ്കപ്പൻ: കലയും വിപ്ലവവും സമന്വയിച്ച ജീവിതം.

എസ്. രമേശ് ഓച്ചിറ

അചഞ്ചലമായ ഭാവനാവൈഭവം കൊണ്ട് കലാസ്വാദകരുടെ ഹൃദയത്തിൽ നിറഞ്ഞു നിന്നിരുന്ന അതുല്യപ്രതിഭയായിരുന്നു “വള്ളികുന്നം തങ്കപ്പൻ “.
വള്ളികുന്നത്തെ ഒരു കർഷക കുടുംബത്തിൽ ജനിച്ച അദ്ദേഹം ചുനാട് എൽ.പി.സ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം ചൂനാട് സംസ്കൃത സ്കൂളിലാണ് പഠിച്ചത്.തങ്കപ്പൻ്റെ കലാവൈഭവം മനസ്സിലാക്കിയ ശ്രീധരൻപിള്ള എന്ന അധ്യാപകൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും “ഓണത്തുമ്പി ” എന്ന കഥാപ്രസംഗം സ്കൂൾ യുവജനോത്സവ വേദിയിൽ അവതരിപ്പിക്കുവാൻ തങ്കപ്പന് പ്രേരണ നല്കുകയും ചെയ്തു.തുടർന്ന് അദ്ദേഹത്തിൻ്റെ നിർദ്ദേശപ്രകാരം ഞക്കനാൽ ” വേതാളം ചാൽ ” എന്ന ക്ഷേത്രത്തിൽ വള്ളത്തോളിൻ്റെ “കൊച്ചു സീത ” എന്ന കഥാപ്രസംഗം വള്ളികുന്നം തങ്കപ്പൻ വിജയകരമായി അവതരിപ്പിച്ചു.
അദ്ദേഹത്തിൻ്റെ ശബ്ദഗാംഭീര്യവും, കലാരംഗത്തോടുള്ള അടങ്ങാത്ത അഭിനിവേശവും ജനഹൃദയങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ഇsതുപക്ഷ പ്രസ്ഥാനത്തിൽ അകൃഷ്ടനായ അദ്ദേഹം കായംകുളം ഭഗവതിവിലാസം ലോഡ്ജിൽ ബുക്കിംഗ് ഓഫീസ് തുറന്ന് ,കഥാപ്രസംഗം അവതരിപ്പിച്ചു .
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള ,അദ്ദേഹത്തിൻ്റെ അടങ്ങാത്ത അഭിനിവേശം മനസ്സിലാക്കിയ പ്രവർത്തകർ വള്ളികുന്നം തങ്കപ്പനെ ചെത്തുതൊഴിലാളി യൂണിയൻ്റെ സെക്രട്ടറിയാക്കി. കായംകുളത്ത്, യൂണിയനിൽപ്പെട്ട കുറെ തൊഴിലാളികൾ സൃഷ്ടിച്ച ആക്രമണത്തിൽ നിരപരാധിയായ വള്ളികുന്നം തങ്കപ്പനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു.പോലീസിന് പിടികൊടുക്കാതെ തങ്കപ്പൻ ഒളിവിൽ കഴിഞ്ഞു. ഒടുവിൽ സ്വാതന്ത്ര്യ സമര സേനാനിയും ,കൊച്ചുമുറിയിലെ ഗർജ്ജിക്കുന്ന സിംഹവുമായിരുന്ന എ.കെ.കുറുപ്പിനോട് സത്യാവസ്ഥ പറയുകയും, തന്നെ രക്ഷിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ഒരു കാലത്ത് കൊച്ചുമുറി അടക്കി ഭരിച്ചിരുന്ന ആളായിരുന്നു എ.കെ.കുറുപ്പ് .അദ്ദേഹത്തിൻ്റെ വാക്കുകൾക്ക് കാരിരുമ്പിൻ്റെ കരുത്തായിരുന്നു. അദ്ദേഹത്തിൻ്റെ ശ്രമഫലത്താൽ വള്ളികുന്നം തങ്കപ്പൻ പോലീസ് കേസിൽ നിന്നും രക്ഷപ്പെട്ടു.
സി..ജി.ഗോപിനാഥിൻ്റെ കായംകുളം പീപ്പിൾസ് തിയറ്റേഴ്സിൽ അഭിനയിക്കുവാനെത്തിയപ്പോഴായിരുന്നു എം.ജി.സോമനേയും, ഓച്ചിറ രാമചന്ദ്രനേയും അദ്ദേഹം പരിചയപ്പെടുന്നത്. അന്ന് പീപ്പിൾസ് തിയറ്റേഴ്സിൽ തിളങ്ങി നിൽക്കുന്ന അത്ഭുത പ്രതിഭയായിരുന്നു ഓച്ചിറ രാമചന്ദ്രൻ .പിന്നീട് വള്ളികുന്നം തങ്കപ്പനും, ഓച്ചിറ രാമചന്ദ്രനും ആത്മ സ്നേഹിതരായി മാറി.
വള്ളികുന്നം തങ്കപ്പൻ ഓച്ചിറയിൽ നിന്നും വിവാഹം കഴിച്ചതിനെ തുടർന്ന് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. ആളും ആരവവുമില്ലാതെ തോപ്പിൽ ഭാസിയുടേയും, കേശവൻ പോറ്റിയുടേയും സാന്നിദ്ധ്യത്തിൽ കെ.പി.എ.സി.യിൽ വെച്ചായിരുന്നു വള്ളികുന്നം തങ്കപ്പൻ്റെ വിവാഹം.”നാരായണി” എന്നാണ് സഹധർമ്മിണിയുടെ പേര് .
അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ നയങ്ങളെ ശക്തമായി എതിർത്തു കൊണ്ട് “രക്ത സുന്ദരി “എന്ന കഥ ഒരു ഗ്രാമത്തിൽ അവതരിപ്പിച്ചപ്പോൾ രോഷാകുലരായ ഇന്ദിരാഗാന്ധിയുടെ ആരാധകർ സ്റ്റേജ് തകർക്കുകയും വാദ്യോപകരണങ്ങൾ അടിച്ചു തകർക്കുകയും ചെയ്തു.സംഭവം അറിഞ്ഞ് അവിടെയെത്തിയ യുവജന സംഘടനയുടെ നേതാവായ സഖാവ് ജീ.സുധാകരനും ഏതാനും പാർട്ടി അംഗങ്ങളും കൂടി ആർത്തിരമ്പുന്ന ജനക്കൂട്ടത്തിൽ നിന്നും വള്ളികുന്നം തങ്കപ്പനെ രക്ഷിച്ച് ഓച്ചിറയിലെ വീട്ടിലെത്തിച്ചു.
കഥാപ്രസംഗ രംഗത്ത് തിളങ്ങി നിൽക്കുന്ന സമയത്ത് ഓച്ചിറ പരബ്രഹ്മസത്രത്തിൽ കലാപരിപാടികളുടെ ഒരു ബുക്കിംഗ് ഓഫീസ് വള്ളികുന്നം തങ്കപ്പൻ നടത്തിയിരുന്നു. വർഷങ്ങൾക്ക് മുൻപ് പുതുപ്പള്ളി ദേവികുളങ്ങര ക്ഷേത്രത്തിൽ “കോട്ടയം ദൃശ്യ വേദി ” യുടെ ഒരു നാടകം ബുക്ക് ചെയ്യാൻ വേണ്ടി ഓച്ചിറ രാമചന്ദ്രൻ്റെ സഹോദരനായ ഗോപാലകൃഷ്ണപിള്ളയും. പുത്തൂർ ശിവദാസനും കൂടി ബുക്കിംഗ് ഓഫീസിൽ എത്തിയപ്പോൾ ബഹുമാനപൂർവ്വം തങ്കപ്പൻ ബുക്കിംഗ് കാര്യങ്ങൾ എഴുതുന്ന ബുക്ക് ഗോപാലകൃഷ്ണ പിള്ളയുടെ കൈയ്യിൽ കൊടുക്കുകയും, അദ്ദേഹത്തിനെ കൊണ്ട് അതിലെഴുതിക്കുകയും ചെയ്തു.
ഉത്സവ ദിനത്തിൽ നാടകം അവതരിപ്പിക്കാൻ സമിതിക്കാർ എത്താതിരിക്കുകയും, രോഷാകുലരായ ജനങ്ങളോട് സത്യാവസ്ഥ പറഞ്ഞിട്ടും അതു കേൾക്കാതെ ജനങ്ങൾ സ്റ്റേജിൽ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. എന്നിട്ടും കലിയടങ്ങാത്ത ജനങ്ങൾ ” ഇതിനെല്ലാം കാരണക്കാരൻ വള്ളികുന്നം തങ്കപ്പനാണെന്ന് തെറ്റിദ്ധരിച്ച് അദ്ദേഹത്തിൻ്റെ വീട് അഗ്നിക്കിരയാക്കുവാനായി ചെന്നു.
ഈ സമയം ഇതൊന്നുമറിയാതെ വള്ളികുന്നം തങ്കപ്പനും കൂട്ടരും എറണാകുളത്തു നിന്നും കഥാപ്രസംഗം കഴിഞ്ഞ് ഹരിപ്പാട് എത്തിയപ്പോൾ അദ്ദേഹത്തിൻ്റെ പരിചയക്കാരായ ഏതാനും മത്സ്യതൊഴിലാളികൾ അദ്ദേഹത്തിനോട് സംഭവം വിവരിക്കുകയും ,അവരുടെ കൈയ്യിലകപ്പെട്ടാൽ ജീവൻ പോലും തിരിച്ചു കിട്ടില്ലെന്നും ,സാംബശിവൻ വന്നിട്ട് പരിപാടി അവതരിപ്പിക്കാൻ കഴിയാതെ തിരിച്ചുപോയി ” എന്നും പറഞ്ഞു.
സംഘാംഗങ്ങളെ പറഞ്ഞു വിട്ടിട്ട് കരീലകുളങ്ങരയിലുള്ള ഒരു സ്നേഹിതൻ്റെ വീട്ടിൽ അദ്ദേഹവും മകൻ ശിവകുമാറും രാത്രി കഴിച്ചുകൂട്ടി. പിറ്റേന്ന് മകൻ ശിവകുമാർ വീട്ടിലെത്തിയപ്പോൾ ഒരു യുദ്ധം കഴിഞ്ഞ പ്രതീതിയായിരുന്നു അവിടെ.
അന്ന് വള്ളികുന്നം തങ്കപ്പനും, ഗോപാലകൃഷ്ണപിള്ളയും, പുത്തൂർ ശിവദാസനും കുടി കോട്ടയം ദൃശ്യവേദിയുടെ ഓഫീസിൽ ചെന്നപ്പോഴാണ് അറിഞ്ഞത് “,അന്ന് ഒഴിവാക്കാൻ പറ്റാത്ത ഒരിടത്ത് പ്രോഗ്രാം അവതരിപ്പിക്കാനുണ്ടായിരുന്നു. അതിനാൽ അവരുടെ ബുക്കിംഗ് റിപ്പോർട്ട് എഴുതുന്ന ബുക്കിൽ തിയതി തിരുത്തിയെഴുതുകയായിരുന്നു “എന്ന്. അവരുടെ ഭാഗത്തുനിന്നുണ്ടായ തെറ്റിന് അവർ ക്ഷമ ചോദിക്കുകയും യാതൊരു പ്രതിഫലവും വാങ്ങാതെ മറ്റൊരു ദിവസം നാടകം ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തു. മാത്രമല്ല.അന്നു തന്നെ പകുതി പ്രതിഫലം സ്വീകരിച്ചു കൊണ്ട് സാംബശിവനും കഥാപ്രസംഗം ഗംഭീരമായി അവതരിപ്പിച്ചു.
അതിനുശേഷം ജനങ്ങൾ വള്ളികുന്നം തങ്കപ്പൻ്റെ നിരപരാധിത്വം മനസ്സിലാക്കുകയും അദ്ദേഹത്തിൻ്റെ താരമൂല്യം വർദ്ധിക്കുകയും ചെയ്തു.
ഉത്സവവേദികളിലും പാർട്ടി യോഗങ്ങളിലും വള്ളികുന്നം തങ്കപ്പൻ്റെ കഥാപ്രസംഗം ഒഴിച്ചുകൂടാനാവാത്ത ഘടകമായിരുന്നു.ആലപ്പുഴ ജില്ലയിലെ കള്ളിക്കാട്ടു സമരവുമായി ബന്ധപ്പെട്ട് ശുപ്രൻ എന്ന പേരിൽ തങ്കപ്പൻ കഥ പറഞ്ഞ് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു ബ്രഹ്മാസ്ത്രം, ജയിലറയിൽ ഒരു കല്യാണം ,ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ,കൊച്ചു സീത തുടങ്ങിയ കഥാപ്രസംഗങ്ങൾ ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നവയാണ്.
ഓച്ചിറ രാമചന്ദ്രൻ്റെ നിർദ്ദേശപ്രകാരം ഓച്ചിറ ദീപാഞ്ജലി എന്ന നൃത്തനാടക സമിതി അദ്ദേഹം രൂപികരിക്കുകയും ചോറ്റാനിക്കര അമ്മ, അംശാവതാരം, ഗന്ധർവ്വസംഗീതം ശ്രീ നാരായണ ഗുരു, പറച്ചി പെറ്റ പന്തിരുകുലം തുടങ്ങിയ 25 ൽ പരം നൃത്തനാടകങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.
അരവിന്ദാക്ഷൻ ഭാഗവതർ, ജാക്സൺ ചവറ (ഓർക്കസ്ട്രാ ) , ചവറ തുളസി ( ഹാർമോണിസ്റ്റ് ), ചവറ അനിൽ (വയലിനിസ്റ്റ് ), കൊല്ലം രാധാകൃഷ്ണൻ (ഗിറ്റാറിസ്റ്റ് ), ജോസ് (തബല ), തങ്കൻ (തബല), രാധാകൃഷ്ണൻ (തബല ),അമരപുരം ഭാസ്ക്കർ, കെ.കെ.വാസുദേവ്, കണ്ടല്ലൂർ വാസുദേവൻ, കോടമ്പള്ളി ഗോപി,ആലപ്പി ജിമ്മി,ആലപ്പി വിവേകാനന്ദൻ ,ആർട്ടിസ്റ്റ് സുജാതൻ, മങ്കുഴി ഗോപാലകൃഷ്ണൻ, എ.പി..ഗോപാലൻ’ എണ്ണയ്ക്കാട് നാരായണൻകുട്ടി ,കബീർദാസ് ,കബീർ എൻസൈൻ ,അബ്ബാ മോഹൻ, എ.എസ്.നടരാജൻ മദ്രാസ്, ജെ.പി. താനം, എൽ, പി.ആർ വർമ്മ ,വള്ളികുന്നം സത്യൻ, ആലക്കോട് ശശി, വള്ളിക്കാവ് ജനാർദ്ദനൻ, ഓച്ചിറ പ്രഭ, , ദിലീപ് ലാൽ, രുഗ്മിണി കുഞ്ഞമ്മ, വള്ളികുന്നം അംബിക, കൊല്ലം മിനി, കരുനാഗപ്പള്ളി ഷീല ,പുതുപ്പള്ളി അമ്പിളി,ശ്യാമ.അരവിന്ദാക്ഷൻ ഭാഗവതരുടെ മക്കളായ ജലജാകുമാരി, രേണുകാ അരവിന്ദ് തുടങ്ങിയവർ അദ്ദേഹത്തിൻ്റെ നൃത്തനാടക സമിതിയിൽ പ്രവർത്തിച്ചവരാണ്.
വള്ളികുന്നം തങ്കപ്പൻ്റെ സഹോദരനായ വള്ളികുന്നം പീതാംബരനും അദ്ദേഹത്തിൻ്റെ മകനായ കല്ലുമല ബിജുവും നൃത്തരംഗത്തും കഥാപ്രസംഗ വേദികളിലും വള്ളികുന്നം തങ്കപ്പനോടൊപ്പം പ്രവർത്തിച്ചിരുന്നു.
ഒരിക്കൽ തോട്ടപ്പള്ളിയിൽ നൃത്ത നാടകം അവതരിപ്പിക്കാൻ പോകുന്ന സമയത്ത് ഒരു നടി എത്താതിരുന്നതിനെ തുടർന്ന് വലിയ സംസാരവിഷയമാവുകയും, സംഭവമറിഞ്ഞെത്തിയ എസ്.ഐ അവരെ പോലീസ്’ സ്റ്റേഷനിൽ കൊണ്ടുപോവുകയും ചെയ്തു.അന്ന് അവരെ വിടാഞ്ഞതു കാരണം അവർക്ക് ഉത്സവ പറമ്പിൽ ചെല്ലാൻ കഴിയാതെ പോലീസ് സ്റ്റേഷനിൽ രാത്രി കഴിച്ചുകൂട്ടേണ്ടി വന്നു .പിറ്റേ ദിവസം എസ്.ഐ.’ ക്ഷമാപണം നടത്തുകയും അവരോടൊപ്പം ഉത്സവ സ്ഥലത്ത്പോയി സംഘാടകരോട്, കെ.എച്ച്.ബാബുജാൻ, യേശുദാസ് പുതുപ്പള്ളി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ വിവരം പറയുകയും നൃത്തനാടകം അന്ന് ഗംഭീരമായി നടത്തുകയും ചെയ്തു.
തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ പരിപാടി കഴിഞ്ഞ് തിരികെ വരുമ്പോൾ നൃത്തനാടക സമിതിയിലെ വാഹനവും മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടം സമിതിയെ വല്ലാതെയുലച്ചു.
വള്ളികുന്നം തങ്കപ്പനെന്ന കളങ്കമില്ലാത്ത ആ മനുഷ്യസ്നേഹിയോട് ആത്മബന്ധം പുലർത്തിരുന്നവരാണ് വി.സാംബശിവൻ, കെടാമംഗലം സദാനന്ദൻ, ഓച്ചിറ രാമചന്ദ്രൻ അഡ്വ.എം.കെ.ഹേമചന്ദ്രൻ ,അഡ്വ.കെ.ഗോപിനാഥൻ, എൻ.മോഹൻകുമാർ (മുൻ ഡി.സി.സി പ്രസിഡൻ്റ്) ,എസ്.തമ്പി ( ദേവികുളങ്ങര മുൻ പഞ്ചായത്ത് അംഗം), ആർ . ഭാസ്ക്കരക്കുറുപ്പ് കൊച്ചുമുറി, പാട്ടത്തിൽ ദാമോധരൻ തുടങ്ങിയവർ.
പഴയ കാഥികയും, അരവിന്ദാക്ഷൻ ഭാഗവതരുടെ സഹോദരിയുമായ പുതുപ്പള്ളി സരസ്വതിയമ്മ, പുതുപ്പള്ളി കാർത്തികേയൻ തുടങ്ങിയവരെ കഥാപ്രസംഗ ലോകത്തേക്ക് കൈപിടിച്ചുയർത്തിയത് വള്ളികുന്നം തങ്കപ്പനായിരുന്നു.
അദ്ദേഹത്തിൻ്റെ കരങ്ങളിലൂടെ പലരും പ്രശസ്തിയുടെ പടവുകൾ താണ്ടിയെങ്കിലും നന്മയും സ്നേഹവുമുളള ആ അത്ഭുത പ്രതിഭയ്ക്ക് ഒന്നും നേടാൻ കഴിഞ്ഞില്ല എന്നതാണ് മറ്റൊരു സത്യം. പുരോഗമന കലാസാഹിത്യ സംഘാംഗം, ഓച്ചിറ ഭരണ സമിതി അംഗം എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു.
വള്ളികുന്നം തങ്കപ്പൻ്റെ മൂത്ത മകനായ ഓച്ചിറ ശിവകുമാർ അദ്ദേഹത്തിനോടൊപ്പവും, ഓച്ചിറ രാമചന്ദ്രൻ,വസന്തകുമാർ സാംബശിവൻ, കേരളപുരം ചന്ദ്രഭാനു ,ചിറക്കര സലീംകുമാർ, തുടങ്ങിയവരോടൊപ്പം ടൈമിംഗ് ആർട്ടിസ്റ്റായി പ്രവർത്തിച്ചിരുന്നു. അരവിന്ദാക്ഷൻ ഭാഗവതതോടൊപ്പം നിരവധി നൃത്തവേദികളിലും, ഭജനവേദികളിലും ഓച്ചിറ ശിവകുമാർ കഴിവ് തെളിയിച്ചിട്ടുണ്ട്.
പച്ചയായ ജീവിതത്തിൻ്റെ ദുർഘട സമസ്യകൾ ശിവകുമാറിനെ വീർപ്പുമുട്ടിച്ച സമയത്താണ് കൊച്ചുമുറി സാവിത്രിയമ്മയുടെ ശിക്ഷണത്തിൽ ഭാഗവത പാരായണം ആരംഭിച്ചത്. ക്ഷേത്രങ്ങളിലും മറ്റ് ചടങ്ങുകളിലും ഓച്ചിറ ശിവകുമാർ ഭാഗവത പാരായണവുമായി മുന്നേറുന്നു.
വിപ്ലവ വിചിന്തനങ്ങളിൽ ജ്വലിക്കുന്ന മനസ്സുമായ്, കലാലോകത്ത് നിറഞ്ഞു നിന്നിരുന്ന വള്ളികുന്നം തങ്കപ്പൻ എന്ന മനുഷ്യ സ്നേഹി 2005 ജനുവരി 30 ന് ഗന്ധർവ്വ ലോകത്തേക്ക് യാത്രയായി.
കാലം എത്ര കഴിഞ്ഞാലും, ജീവിതത്തിൻ്റെ ഋതുക്കൾ എത്ര മാറിയാലും ഒരിക്കലും നമുക്ക് മറക്കാൻ കഴിയില്ല ആ അതുല്യപ്രതിഭയെ.
For more details: The Indian Messenger



