FEATURE ARTICLETOP NEWS

നൃത്തനാടക വേദികളിലെ ഇതിഹാസം: പുതുപ്പള്ളി കാർത്തികേയന്റെ കലാജീവിതം സ്മരിക്കപ്പെടുന്നു.

എസ്. രമേശ് ഓച്ചിറ

ചിട്ടയായ നൃത്തപാഠവവും, രംഗഭാഷയും കൊണ്ട് പ്രേക്ഷകമനസ്സിൽ യാഥാർഥ്യബോധം ഉണർത്തുകയും, അരങ്ങിന്റെ സ്പന്ദനം അണയാതെ സൂക്ഷിക്കുകയും ചെയ്ത അഭിനയ പ്രതിഭയായിരുന്നു പുതുപ്പള്ളി കാർത്തികേയൻ.


സൈനികനായിരുന്ന അയ്യപ്പന്റെയും വെളുമ്പിയുടെയും ഇളയമകനായി മാവേലിക്കരയിൽ ജനിച്ച കാർത്തികേയന് മാതൃവാത്സല്യം ആവോളം അനുഭവിക്കാൻ കഴിഞ്ഞിരുന്നില്ല. അമ്മ ഇല്ലാത്തതിന്റെ കുറവ് അറിയിക്കാതെയായിരുന്നു അച്ഛൻ കാർത്തികേയനെ വളർത്തിയത്. അമ്മയുടെ നാടായ പുതുപ്പള്ളി തെക്കേ ആഞ്ഞിലിമൂട് എൽ. പി. സ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം മാവേലിക്കര ഗവണ്മെന്റ് ഹൈസ്കൂളിലാണ് അദ്ദേഹം പഠിച്ചത്. തുടർന്നു പഠിക്കാൻ മാർഗ്ഗമില്ലാതെ അച്ഛന്റെ നാടായ മാവേലിക്കരയിൽനിന്നും നാടുവിട്ട് പുതുപ്പള്ളിയിൽ വന്ന്, ഒരു ചായക്കടയിൽ സഹായിയായി നിന്നു.


അച്ഛനും അമ്മാവനും കൂടി കാർത്തികേയനെ അന്വേഷിച്ച്‌ പ്രസ്തുത കടയിൽ വന്നപ്പോൾ ഉടമസ്ഥന്റെ വീട്ടിലെ തട്ടിൻപുറത്ത് ആഹാരം പോലുമില്ലാതെ ആ ദിവസം മുഴുവൻ കഴിയേണ്ടിവന്നു കാർത്തികേയന്.


അക്കാലത്ത് മാതുലനായ ഹാർമോണിസ്റ്റ് പുതുപ്പള്ളി വേലായുധൻ ഭാഗവതരും, പുതുപ്പള്ളി കാർത്തികേയൻ്റെ ‘ സഹോദരൻ കൃഷ്ണദേവും, നാടക രംഗത്തെ പ്രതിഭകൾ ആയിരുന്ന ആഗസ്റ്റിൻ ജോസഫ്, സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞ് ഭാഗവതർ, ഓച്ചിറ വേലുക്കുട്ടി എന്നിവരോടൊപ്പം “ഓച്ചിറ പരബ്രഹ്മോദയ നടനസഭ “യിൽ പ്രവർത്തിച്ചിരുന്നു.പുതുപ്പള്ളി കൃഷ്ണദേവിൽ നിന്ന് 17വയസ്സ് വരെ നാടകാഭിനയത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു.തുടർന്ന് എസ്. കെ. ജ്ഞാനമണി ഭാഗവതരിൽനിന്നും ഹരികഥയും അദ്ദേഹം അഭ്യസിച്ചു. ഹരികഥയിൽ നിന്നും കഥാപ്രസംഗലോകത്തെത്തിയ കാർത്തികേയന് , വള്ളികുന്നം തങ്കപ്പൻ ആയിരുന്നു വഴി കാട്ടി. അങ്ങനെ 19 വയസ്സുള്ളപ്പോൾ ഓച്ചിറ ക്ഷേത്രസന്നിധിയിൽ “നീലക്കുയിൽ “എന്ന കഥാപ്രസംഗം അവതരിപ്പിച്ച്‌ അരങ്ങേറ്റം നടത്തുകയും . തുടർന്ന് അര ഡസൻ കഥാപ്രസംഗങ്ങൾ അവതരിപ്പിച്ച്‌ വേദികളിൽ തിളങ്ങുകയും ചെയ്തു.


ഇടതുപക്ഷ രാഷ്ട്രീയ സഹയാത്രികനായി, മഹാകവി കുമാരനാശാന്റെ “ദുരവസ്ഥ “എന്ന കവിതയെ ആധാരമാക്കി “മാറ്റുവിൻ ചട്ടങ്ങളെ “എന്ന കഥാപ്രസംഗം അവതരിപ്പിച്ചപ്പോൾ , കഥ കേട്ട, മുൻ മന്ത്രി ശ്രീമതി ഗൗരിയമ്മ കാർത്തികേയനെ അഭിനന്ദിച്ചത് മറക്കാൻ കഴിയാത്ത അനുഭവമായിരുന്നു .


പിന്നീട് ഹരികഥ അധ്യാപകനായി, നിരവധി കലാകാരൻമാരെ അദ്ദേഹം മലയാളത്തിനു സമ്മാനിച്ചു. ആദിനാട് ശശി അദ്ദേഹത്തിന്റെ പ്രിയ ശിഷ്യനായിരുന്നു. സുപ്രസിദ്ധ നർത്തകൻ കലാനിലയം പി. കെ. ഗോപാലിൽനിന്നും ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം എന്നിവയിൽ പ്രാവിണ്യം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 1959 ൽ സ്വന്തമായി “ഓച്ചിറ കേരള നൃത്ത സംഘം “എന്ന നൃത്തനാടക സമിതി രൂപീകരിച്ച് പുതിയ ബാലെകൾ അവതരിപ്പിക്കാൻ തുടങ്ങി. പ്രഥമ കഥ “ശ്രീമണികണ്ഠൻ “ആയിരുന്നു. തുടർന്ന് നിരവധി നൃത്തനാടകങ്ങൾ മലയാളത്തിന് അദ്ദേഹം സമ്മാനിച്ചു.


ഓച്ചിറ രാമചന്ദ്രൻ, കോടമ്പള്ളി ഗോപി, മൈനാഗപ്പള്ളി ആനന്ദൻ, വലിയകുളങ്ങര ഗോപാലനാശാൻ,പാട്ടത്തിൽ ദാമോദരൻ, ആർ. ശങ്കു, വള്ളികുന്നം തങ്കപ്പൻ, അഡ്വ.കെ.ഭാർഗ്ഗവൻ തുടങ്ങിയവർ സമിതി രൂപീകരിക്കുന്നതിൽ നിർണായകപങ്ക് വഹിച്ചവരാണ്.


അരവിന്ദാക്ഷൻ ഭാഗവതർ തെക്ക് കൊച്ചുമുറി, ജാക്സൺ ചവറ (ഗിറ്റാറിസ്റ്റ് ) ,ചവറ തുളസി ( ഹാർമോണിസ്റ്റ് ), ചവറ അനിൽ (വയലിനിസ്റ്റ് ), കൊല്ലം രാധാകൃഷ്ണൻ (ഗിറ്റാറിസ്റ്റ് ) ,ജോസ് (തബല ), തങ്കൻ (തബല ), രാധാകൃഷ്ണൻ (തബല ) ,കൊട്ടാരക്കര രാമചന്ദ്രൻ നായർ, ചെന്നിത്തല ഭാസ്ക്കരൻനായർ ,മങ്കുഴി ഗോപാലകൃഷ്ണൻ, പ്രയാർ അരവിന്ദാക്ഷൻപിള്ള, ശിവാനന്ദൻ പുതുപ്പള്ളി, പുള്ളിക്കണക്ക് ഗോപാൽജി, സത്യൻ വള്ളികുന്നം, ധർമ്മരാജ് മദ്രാസ്, രാജീവ്‌ കോടമ്പള്ളി, കെ. ആർ. വിശ്വംഭരൻ ഐ. എ. എസ്, വെള്ളനാട് നാരായണൻ, ഇ. വി. കലേശൻ, ആലപ്പി വിവേകാനന്ദൻ, അഞ്ചൽ വേണു, അമരപുരം ഭാസ്ക്കർ, ആർട്ടിസ്റ്റ് സുജാതൻ, നൂറനാട് പ്രദീപ്, അജയ് സരിഗമ, പെരുമൺ ലാൽ ,പ്രയാർ രവി, ശാന്തിനികേതനം ആനന്ദൻ, അബ്ബാ മോഹൻ, കബീർ എൻസൈൻ, വരവിള ശ്രീനി, അമ്പിളി ഗോപി, ഓച്ചിറ അബ്ദുൽ സത്താർ, തഴവ ഗിരിജ തുടങ്ങിയവർ അദ്ദേഹത്തിന്റെ സമിതിയിൽ പ്രവർത്തിച്ചവരാണ്.


ഓച്ചിറ രാമചന്ദ്രൻ, എ. കെ. കുറുപ്പ് ( തെക്ക് കൊച്ചുമുറി ), അഡ്വ. കെ. ഗോപിനാഥൻ തുടങ്ങിയവരുടെ സംഭാവനകൾ വളരെ വിലപ്പെട്ടതായിരുന്നു. പുതുപ്പള്ളി സുകു, പുതുപ്പള്ളി ബാലകൃഷ്ണൻ എന്നിവർ ആത്മാർത്ഥതയോടെയും അർപ്പണ ബോധത്തോടെയും,സമിതിയുടെ വിജയത്തിനുവേണ്ടി പ്രയത്നിച്ചവരിൽ പ്രധാനപ്പെട്ടവരായിരുന്നു.


സംഗീതകുലപതി നെയ്യാറ്റിൻകര വാസുദേവൻ, മൃദംഗ വിദ്വാൻ മാവേലിക്കര ശങ്കരൻ കുട്ടി,കെടാമംഗലം സദാനന്ദൻ, എം. ജി. രാധാകൃഷ്ണൻ, കലാമണ്ഡലം ഗംഗാധരൻ , എം. ജി. സോമൻ തുടങ്ങിയവർ ഓച്ചിറ ക്ഷേത്രത്തിൽ വെച്ച് അദ്ദേഹത്തിന്റെ നൃത്ത നാടകം കാണുകയും, അദ്ദേഹത്തിനെ പൊന്നാട അണിയിച്ച്‌ ആദരിക്കുകയും ചെയ്തിട്ടുണ്ട്. അഡ്വ. കെ. ഗോപിനാഥൻ ഗുരുവായൂർ ക്ഷേത്ര ഭരണസമിതി അംഗമായിരുന്നപ്പോൾ മുതൽ അവാർഡുകളും പൊന്നാടകളും അദ്ദേഹത്തിന് അവിടെ നിന്നും ലഭിച്ചിരുന്നു. അഡ്വ. കെ. ഗോപിനാഥന്റെ ശ്രമഫലമായി ഇരുപത്തൊന്നോളം നൃത്തനാടകങ്ങൾ ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ നടത്തുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.


മറക്കുവാൻ കഴിയാത്ത ഒത്തിരി അനുഭവങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഒരു ശിവരാത്രി ദിവസം കായംകുളം കരീലക്കുളങ്ങരയിലുള്ള ശിവക്ഷേത്രത്തിലായിരുന്നു ആദ്യപരിപാടി. അന്നു തന്നെ ആറ്റിങ്ങലിലുള്ള ശിവക്ഷേത്രത്തിൽ സെക്കന്റ് പരിപാടിയുണ്ടായിരുന്നു. ആദ്യപരിപാടി രാത്രി 8 മണിയ്ക്കാണ് നടത്താനിരുന്നത്. പരിപാടി തുടങ്ങുന്നതിനു മുൻപായി സംഘാടകർ തമ്മിൽ വാക്കുതർക്കമുണ്ടാവുകയും ഒരാൾ കുത്തേറ്റു മരിക്കുകയും ചെയ്തു.

പിന്നീട് വളരെ താമസിച്ചാണ് പരിപാടി തുടങ്ങിയത്. അന്ന് കാറുകളിലായിരുന്നു സമിതിക്കാരുടെ ഉത്സവ പറമ്പിലേക്കുള്ള യാത്ര. സെക്കന്റ് പരിപാടിക്കായി ആറ്റിങ്ങലിൽ എത്തിയപ്പോൾ വെളുപ്പിനെ 4,30, പ്രേക്ഷകർ മുഴുവൻ പിരിഞ്ഞു പോയിട്ടുണ്ടായിരുന്നു. സംഘാടാകർ അക്ഷമരായി കാത്തിരിക്കുകയായിരുന്നു. ചിലരുടെ കൈയിൽ ആയുധങ്ങൾ ഉണ്ടായിരുന്നു. കാർത്തികേയൻ ആളിനെ അറിയാതിരിക്കാൻ തോർത്തു കൊണ്ട് മുഖം കാണാതിരിക്കത്തക്കവിധം മറച്ചു കൊണ്ട് മുൻപിൽ നടന്നു.

കമ്മിറ്റിക്കാർ “ഇതിൽ ആരാ പുതുപ്പള്ളി കാർത്തികേയൻ”എന്ന് ചോദിച്ച്‌ അസഭ്യം പറയാൻ തുടങ്ങി. മുൻ പ്ലാൻ അനുസരിച്ച്‌ കോടമ്പള്ളി ഗോപി അവരോട് പറഞ്ഞു “പുതുപ്പള്ളി കാർത്തികേയൻ മറ്റൊരു കാറിൽ വരുന്നതേയുള്ളൂ. ഉടനെത്തും. ഞാൻ കോടമ്പള്ളിയാണ് “.
“ഇനി ഒരിക്കലും അവൻ ഒരമ്പലത്തിലും പരിപാടി നടത്തരുത് “.


വടിവാളുമായിനിൽക്കുന്ന ആളിന്റെ ഉദ്ദേശം കാർത്തികേയനെ വക വരുത്തുക എന്നതായിരുന്നു. അമ്പലത്തിലെ ഒരു മുറിയിൽ എല്ലാവരെയും അവർ പൂട്ടിയിട്ടപ്പോൾ, കോടമ്പള്ളി ആദ്യ പരിപാടി സ്ഥലത്തുണ്ടായ സംഭവങ്ങളെക്കുറിച്ച് പറഞ്ഞിട്ടും അവർ വിശ്വസിക്കാൻ തയാറായില്ല. ഒടുവിൽ, പിറ്റേ ദിവസത്തെ പത്രം കണ്ടിട്ട് എന്തുവേണമെങ്കിലും ചെയ്തോ എന്ന് പറഞ്ഞപ്പോൾ അവർ ശാന്തരാകുകയും, ആഹാരം കൊടുക്കുകയും ചെയ്തു. പിറ്റേ ദിവസം പത്രത്തിലൂടെ സത്യം അറിയുകയും, അന്ന് പരിപാടി ഗംഭീരമായി അവതരിപ്പിക്കുകയും ചെയ്തു.


രണ്ട് പരിപാടി ഉണ്ടായിരുന്ന ഒരു ദിവസം, ആദ്യ പ്രോഗ്രാം നടക്കുന്ന ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് “സുനാമി ദുരന്തത്തിൽ നിരവധി ജീവനുകൾ പൊലിഞ്ഞുപോയ വിവരം “അറിയുന്നത്. സമിതിയിലെ പ്രധാന നടനായിരുന്ന പുള്ളിക്ക ണക്ക് ഗോപാൽജി സംഭവം അറിഞ്ഞപ്പോൾ പറഞ്ഞു “ജനങ്ങൾക്ക് വേണ്ടാത്ത ചിലരെ ദൈവം കൊണ്ടു പോയി “എന്ന്.


സത്യത്തിൽ അന്ന് സുനാമി ദുരന്തത്തിൽപ്പെട്ട ഏതാനും പേരെ തനിക്ക് രക്ഷപെടുത്തുവാൻ കഴിഞ്ഞു എന്ന സന്തോഷത്തോടെ വീട്ടിലേക്ക് പോയ ഗോപാൽജിയുടെ മകൻ ഒരു ആക്‌സിഡന്റിൽ മരണമടഞ്ഞ വിവരവും സമിതിക്കാർ അറിഞ്ഞിരുന്നു. മരണവിവരം അദ്ദേഹത്തെ അറിയിച്ചാൽ രണ്ടു പരിപാടികളും നടക്കാതെ പോകും എന്നതിനാൽ ഈ വിവരം മറച്ചു വെയ്ക്കുകയായിരുന്നു. “അരങ്ങിൽ അദ്ദേഹം ആടിത്തിമിർക്കുമ്പോൾ കാർത്തികേയന്റെ ഹൃദയം പിടയുകയായിരുന്നു. പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അദ്ദേഹത്തിനോട് വിവരം പറഞ്ഞത്. മറക്കുവാൻ കഴിയാത്തതും, മനസ്സിൽ മുറിവേറ്റതുമായ ഒട്ടേറെ അനുഭവങ്ങൾ അദ്ദേഹത്തിന്റെ നൃത്തനാടക ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.


കർണ്ണപർവ്വം, മതിലേരിക്കന്നി, അനശ്വരമന്ത്രം, ചോറ്റാനിക്കര അമ്മ, ദുരവസ്ഥ എന്നിവ പ്രധാന നൃത്തനാടകങ്ങൾ ആയിരുന്നു. “കൊടുങ്ങല്ലൂർ അമ്മ “മൂന്ന് വർഷത്തോളം അവതരിപ്പിച്ചു. ഇതിൽ നിന്നും കിട്ടിയ പ്രതിഫലം കൊണ്ടാണ് വീട് വെച്ചത്.


ഓച്ചിറ ക്ഷേത്രത്തിൽ വൃശ്‌ചികോത്സവത്തോടനുബന്ധിച്ച്‌ കാർത്തികേയന്റെ നൃത്തനാടകം മുടങ്ങാതെ ഉണ്ടായിരുന്നു. സമിതി പ്രേക്ഷക മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്ന സമയത്താണ്, ഇതിൽ നിന്നും പിരിഞ്ഞവർ ചേർന്ന് മറ്റൊരു സമിതി തുടങ്ങിയത്. ഇതിൽ പരിഭവമോ പരാതിയോ കാർത്തികേയന് ഇല്ലായിരുന്നു. പൂർവ്വാധികം ശക്തിയോടെ ജൈത്രയാത്ര തുടർന്ന സമിതി പിൽക്കാലത്ത് “ഓച്ചിറ കേരള “ആയി.


നാടൻ പാട്ടിലും, നൃത്തത്തിലും, നാടകത്തിലും തിളങ്ങി നിന്നിരുന്ന “ലക്ഷ്മി “ആണ് കാർത്തികേയന്റെ സഹധർമ്മിണി . ബാല്യകാലത്ത് ” ലളിത പത്മിനി രാഗിണി”മാരോട് നൃത്തരംഗത്തിലൂടെ മത്സരിച്ച്‌ സമ്മാനം വാങ്ങിയ ചരിത്രമുണ്ട് അദ്ദേഹത്തിന്റെ പ്രിയ പത്നിയ്ക്ക്.
അനിൽകുമാർ, അജിത് കുമാർ, അമ്പിളി എന്നിവർ മക്കളാണ്.


നൃത്തനാടകം മധുരോദാരമായ ഒരു വികാരമായി ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന പുതുപ്പള്ളി കാർത്തികേയൻ 2014 ഓഗസ്റ്റ് 18ന് എന്നന്നേക്കുമായി തിരശ്ശീലയിൽ
മറഞ്ഞു.


മനസ്സിൽ നിന്നും ഒരിക്കലും പടിയിറങ്ങി പോകാത്ത ചിലരിൽ ഒരാളായി, അദ്ദേഹം എന്നും ജനമനസ്സുകളിൽ ജീവിക്കും. മലയാള നൃത്തനാടകത്തിന്റെ സുകൃതമായി.

For more details: The Indian Messenger

Related Articles

Back to top button