വെടിയൊച്ചനിലയ്ക്കാത്ത താഴ്വര- ഗിരീഷ് കുമാർ ശ്രീലകം എഴുതിയത്.


അതിർത്തി ശാന്തമായിരിക്കുമ്പോഴും
വെടിയൊച്ചകേട്ട് അമ്മ
അർദ്ധരാത്രി ഞെട്ടിയുണരാറുണ്ട്
അടക്കിപ്പിടിച്ച തേങ്ങലിന്റെ
അണപൊട്ടുന്ന പ്രകമ്പനങ്ങൾക്കു നടുവിലും
അച്ഛൻ ഉറക്കം നടിച്ചു കിടക്കാറേയുള്ളൂ;
ഉള്ളിലെ ഉമിത്തീയിൽ
ഉരുകിത്തീരാറേയുള്ളൂ
കാലംതെറ്റിയെത്തുന്ന ഫോൺവിളികളും
കാതടപ്പിക്കുന്ന കാളിംഗ്ബെല്ലൊച്ചയും
വെടിനിർത്തൽ ലംഘിച്ചു തിരയുതിർത്ത്
ചിന്തയിൽ കാട്ടുതീ കൊളുത്തുമ്പോൾ
അശാന്തിയുടെ ഈ താഴ്വാരങ്ങളിൽ
ഒരിക്കലും വെടിയൊച്ച നിലയ്ക്കുന്നേയില്ല
പേരറിയാത്തയിടത്തെ ആഴക്കിടങ്ങിലെ
മനസ്സു മരവിപ്പിക്കുന്ന മഞ്ഞും
കാറ്റുകയ്യേറിയ കൂടാരത്തിൽ നുഴഞ്ഞു കയറി
ഉടലുരുക്കുന്ന വെയിലും,
അറുത്തുമാറ്റിയാലും അകലാൻ വിടാത്ത
പൊക്കിൾക്കൊടിയിലൂടെ അമ്മയറിയുന്നുണ്ട്;
അച്ഛനു പകർന്നു കൊടുക്കുന്നുണ്ട്
അപ്പോഴും,
അവരോളംതന്നെ ആത്മബന്ധമുള്ള
അമ്മനാടിനെ മകൻ കാക്കുന്നുണ്ടെന്നും
അമ്മ അവനെ കാത്തോളുമെന്നും ആശ്വസിച്ച്
ആ ചെറിയ ലോകം
ഉറക്കത്തിൽനിന്നു നടുക്കത്തിലേക്കും
നടുക്കത്തിൽനിന്നു ഉറക്കത്തിലേക്കും
പലായനം ചെയ്യുന്നു;
ഒരിക്കലും വെടിയൊച്ചനിലയ്ക്കാത്ത താഴ്വരകളിലൂടെ.
For more details: The Indian Messenger



