GULF & FOREIGN NEWSTOP NEWS

ഇറാനിലെ മലനിരകളിൽ ഒളിവിലായിരുന്ന അമേരിക്കൻ പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി. എങ്ങനെ ?

Sponsored

ഇറാൻ സൈന്യത്തിന്റെയും സായുധ സംഘങ്ങളുടെയും കണ്ണുവെട്ടിച്ച് രണ്ടുദിവസത്തോളം പർവതനിരകളിലെ ഇടുക്കുകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുഎസ് വൈമാനികനെ അതിസാഹസികമായ നീക്കത്തിലൂടെ അമേരിക്ക രക്ഷപ്പെടുത്തി. പരിക്കേറ്റ് ഒറ്റപ്പെട്ട അവസ്ഥയിലായിരുന്ന ഇദ്ദേഹത്തെ കണ്ടെത്താൻ ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ സൈന്യം വലയുന്നതിനിടെയായിരുന്നു അമേരിക്കയുടെ ഈ അതീവ രഹസ്യ ദൗത്യം. ഒരു ഉയർന്ന മലനിരയിൽ എത്തിയപ്പോൾ “ദൈവം വലിയവനാണ്” (God is good) എന്ന് എയർഫോഴ്സ് കേണൽ റേഡിയോ സന്ദേശം അയച്ചിരുന്നു. എന്നാൽ ശത്രുക്കൾ ഒരുക്കിയ കെണിയാണോ ഇതെന്ന സംശയത്തിലായിരുന്നു വാഷിംഗ്ടണിലെ ഉദ്യോഗസ്ഥർ. ഒടുവിൽ വൈമാനികൻ ജീവനോടെ ഉണ്ടെന്ന് സ്ഥിരീകരിച്ചതോടെ ശത്രുരാജ്യത്തിന്റെ ഉള്ളിലേക്ക് കടന്നുകയറി അമേരിക്കൻ സേന ഇദ്ദേഹത്തെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.

ഇറാൻ സേന വെടിവെച്ചിട്ട എഫ്-15ഇ സ്‌ട്രൈക്ക് ഈഗിൾ വിമാനത്തിലെ രണ്ട് പൈലറ്റുമാരെ രക്ഷപ്പെടുത്താനുള്ള അതീവ സാഹസികമായ ദൗത്യത്തിനിടെ, അമേരിക്കയ്ക്ക് തങ്ങളുടെ അത്യാധുനിക വിമാനങ്ങൾ തന്നെ ബലികഴിക്കേണ്ടി വന്നു. ഇറാൻ മണ്ണിൽ കുടുങ്ങിപ്പോയ ഒരു കേണൽ ഉൾപ്പെടെയുള്ളവരെ രക്ഷിക്കാനായി അയച്ച ഗതാഗത വിമാനങ്ങളാണ് ഒടുവിൽ അമേരിക്കയ്ക്ക് തന്നെ തകർക്കേണ്ടി വന്നത്.

ഇറാനിലെ മണൽ നിറഞ്ഞ ഉൾപ്രദേശത്ത് ഇറങ്ങിയ യുഎസ് സൈനിക വിമാനങ്ങളിൽ ഒന്ന് അല്ലെങ്കിൽ രണ്ട് എണ്ണം സാങ്കേതിക തകരാർ മൂലമോ മണലിൽ പൂണ്ടുപോയത് മൂലമോ പറന്നുയരാൻ കഴിയാത്ത അവസ്ഥയിലായി. ഇറാൻ സൈന്യം വളയുന്നു എന്ന് മനസ്സിലാക്കിയ അമേരിക്കൻ സേന, പൈലറ്റുമാരെ മറ്റൊരു വിമാനത്തിൽ രക്ഷപ്പെടുത്തിയ ശേഷം ബാക്കിയായ വിമാനങ്ങൾ സ്ഫോടനത്തിലൂടെ നശിപ്പിക്കുകയായിരുന്നു.

ഇറാനിലെ ഇസ്ഫഹാൻ പ്രവിശ്യയിൽ തകർന്നു കിടക്കുന്ന വിമാനങ്ങളുടെ അവശിഷ്ടങ്ങൾ ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ടു. ഏകദേശം 100 ദശലക്ഷം ഡോളർ വിലമതിക്കുന്ന ലോക്ഹീഡ് മാർട്ടിൻ സി-130 വിഭാഗത്തിൽപ്പെട്ട എംസി-130ജെ കമാൻഡോ II വിമാനങ്ങളാണിതെന്ന് കരുതപ്പെടുന്നു. സ്പെഷ്യൽ ഓപ്പറേഷൻ ദൗത്യങ്ങൾക്കായി ഉപയോഗിക്കുന്ന അത്യാധുനിക വാർത്താവിനിമയ-നാവിഗേഷൻ സംവിധാനങ്ങൾ ഇറാൻ സൈന്യത്തിന് ലഭിക്കാതിരിക്കാനാണ് ഈ കനത്ത സാമ്പത്തിക നഷ്ടം സഹിച്ചും വിമാനങ്ങൾ തകർത്തത്.

തങ്ങളുടെ ആകാശവാഹനങ്ങൾ ശത്രുക്കളെ നശിപ്പിച്ചുവെന്നും അമേരിക്കയ്ക്ക് വൻ തിരിച്ചടിയുണ്ടായെന്നും ഇറാൻ വിപ്ലവ ഗാർഡ് അവകാശപ്പെട്ടു. എന്നാൽ ട്രംപ് ഭരണകൂടത്തിന്റെ നാണക്കേട് ഒഴിവാക്കാനാണ് അമേരിക്ക സ്വന്തം വിമാനങ്ങൾ ബോംബിട്ട് തകർത്തതെന്ന് ഇറാൻ സൈനിക കമാൻഡ് പരിഹസിച്ചു. ബിൻ ലാദൻ ദൗത്യത്തിനിടയിലും സമാനമായ രീതിയിൽ സാങ്കേതിക വിദ്യ ചോരാതിരിക്കാൻ യുഎസ് തങ്ങളുടെ ഹെലികോപ്റ്റർ തകർത്തിരുന്നു.

അതേസമയം, പരിക്കേറ്റ പൈലറ്റുമാരെ അതീവ സാഹസികമായി രക്ഷപ്പെടുത്തിയ സൈനികരെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിനന്ദിച്ചു. പർവതനിരകൾക്ക് ഉള്ളിൽ കുടുങ്ങിയ വൈമാനികനെ രക്ഷിക്കാൻ ഡസൻ കണക്കിന് സായുധ വിമാനങ്ങളാണ് പങ്കെടുത്തത്. ഇറാൻ സൈന്യത്തെ വഴിതെറ്റിക്കാൻ സിഐഎ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. (WSJ & TNIE)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button