ഉപമുഖ്യമന്ത്രി സ്ഥാനത്തിൽ നിലപാട് വ്യക്തമാക്കി മുനവറലി തങ്ങൾ; ‘ലീഗിന് അർഹതയുണ്ട്, എന്നാൽ ഇപ്പോൾ അവകാശവാദമില്ല’.

മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി മുസ്ലിം ലീഗ് അവകാശവാദം ഉന്നയിക്കുമോ എന്ന വിഷയത്തിൽ നിലപാട് വ്യക്തമാക്കി പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് ലീഗിന് പൂർണ്ണ അർഹതയുണ്ടെന്നും എന്നാൽ നിലവിൽ അത്തരമൊരു അവകാശവാദം മുന്നണിയിൽ ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻപ് സി.എച്ച്. മുഹമ്മദ് കോയയും അവുക്കാദർ കുട്ടി നാഹയും ഉപമുഖ്യമന്ത്രിമാരായ ചരിത്രം അദ്ദേഹം ഓർമ്മിപ്പിച്ചു. ഭാവിയിൽ ചർച്ചകൾ പുരോഗമിക്കുമ്പോൾ ഈ സ്ഥാനം ആവശ്യപ്പെടുമോ എന്ന കാര്യം ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലീഗ് സ്ഥാനാർത്ഥികൾ മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന ആരോപണം പരിശോധിക്കുമെന്ന് മുനവറലി തങ്ങൾ പറഞ്ഞു. അത്തരമൊരു പ്രചാരണം ലീഗ് നടത്തിയിട്ടില്ലെന്നാണ് വിശ്വസിക്കുന്നത്. തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം മാത്രമാണ് ഉണ്ടായതെന്ന് കരുതുന്നില്ലെന്നും എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ടുകൾ യു.ഡി.എഫിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കോൺഗ്രസിനെ റിമോട്ട് കൺട്രോൾ വഴി നിയന്ത്രിക്കുന്നത് മുസ്ലിം ലീഗ് ആണെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ ആരോപണം രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. ഭരണം കിട്ടിയാൽ ഉപമുഖ്യമന്ത്രി പദവും ആറ് മന്ത്രിസ്ഥാനവും ലീഗിന് നൽകാൻ കോൺഗ്രസുമായി ഡീൽ ഉണ്ടോ എന്ന് അദ്ദേഹം ചോദിച്ചിരുന്നു. എന്നാൽ രാജീവ് ചന്ദ്രശേഖർ കോൺഗ്രസിനെ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിരിച്ചടിച്ചു. ഘടകകക്ഷികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കോൺഗ്രസിന് അറിയാമെന്നും സ്വന്തം പാർട്ടിയിലെ കാര്യം നോക്കിയാൽ മതിയെന്നും അദ്ദേഹം പരിഹസിച്ചു. കേരളത്തിലേക്ക് നൂലിൽ കെട്ടി ഇറക്കിയ രാജീവ് ചന്ദ്രശേഖറിന്റെ രാഷ്ട്രീയ പാരമ്പര്യം എന്താണെന്നും അദ്ദേഹം ചോദിച്ചു. (KN)
For more details: The Indian Messenger



