‘ക്യൂബയിലാണോ 100 സീറ്റ്? കേരളത്തിൽ തൂക്കുസഭ വരും; ബിജെപി നിർണ്ണായക ശക്തിയാകും’: രാജീവ് ചന്ദ്രശേഖർ.

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരത്തിൽ വൻ മാറ്റമുണ്ടാക്കുന്ന നിർണ്ണായക തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വോട്ടെടുപ്പ് ദിനമായ ഇന്ന് രാവിലെ ആറേ മുക്കാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ച് വിജയാശംസകൾ നേർന്നതായും അദ്ദേഹം വെളിപ്പെടുത്തി. വികസിത കേരളം എന്ന സ്വപ്നം ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞെന്നും ബിജെപിക്ക് വലിയ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നൂറ് സീറ്റ് കിട്ടുമെന്ന എൽഡിഎഫിന്റെയും യുഡിഎഫിന്റെയും അവകാശവാദങ്ങളെ രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു. “കേരളത്തിൽ ഇവർക്ക് 100 സീറ്റൊന്നും കിട്ടാൻ പോകുന്നില്ല. പിന്നെ എവിടെയാണ് ഈ സീറ്റ് കിട്ടുമെന്ന് പറയുന്നത്, ക്യൂബയിലാണോ?” എന്ന് അദ്ദേഹം ചോദിച്ചു. ശബരിമലയെ കൊള്ളയടിച്ച സിപിഎമ്മിന് എന്ത് കണ്ടിട്ടാണ് ജനങ്ങൾ മൂന്നാം തവണയും വോട്ട് നൽകേണ്ടതെന്നും ഇത് സാമാന്യ ബുദ്ധിയുള്ള ആരും ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് ഇത്തവണ 50 സീറ്റ് പോലും കടക്കില്ലെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. തിരഞ്ഞെടുപ്പിന് മുൻപ് വിവാദങ്ങൾ ഉണ്ടാക്കുക എന്നത് കോൺഗ്രസിന്റെ സ്ഥിരം ശൈലിയാണെന്നും പാലക്കാട് നടന്നത് അതിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. തെലങ്കാനയിൽ നൽകിയ വാഗ്ദാനങ്ങൾ പോലും പാലിക്കാൻ കഴിയാത്ത കോൺഗ്രസ് നൽകുന്ന ഗ്യാരന്റിയിൽ ജനങ്ങൾക്ക് വിശ്വാസമില്ല. കേരള ചരിത്രത്തിലെ ഏറ്റവും പരാജയപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ജനങ്ങൾക്ക് ആവശ്യം പൊള്ളയായ വാഗ്ദാനങ്ങളല്ല, വികസനമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഇത്തവണ തൂക്കുസഭ വരുമെന്നും ബിജെപി നിർണ്ണായക ശക്തിയായി മാറുമെന്നും അദ്ദേഹം പ്രവചിച്ചു. (Kerala News)
For more details: The Indian Messenger



