തിലകത്തിനും ബിന്ദിക്കും വിലക്കില്ല; മാപ്പ് പറഞ്ഞ് ലെൻസ്കാർട്ട് സിഇഒ പിയൂഷ് ബൻസാൽ.

ന്യൂഡൽഹി: ലെൻസ്കാർട്ട് ജീവനക്കാരുടെ ഗ്രൂമിംഗ് ഗൈഡ്ലൈനുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ ഖേദം പ്രകടിപ്പിച്ച് സഹസ്ഥാപകനും സിഇഒയുമായ പിയൂഷ് ബൻസാൽ. കമ്പനിയുടെ സ്റ്റൈൽ ഗൈഡ് പ്രകാരം ഹിജാബും തലപ്പാവുമാകാം എന്നും എന്നാൽ തിലകം, ബിന്ദി, കലാവ എന്നിവ പാടില്ലെന്നും ഉള്ള പ്രചാരണം തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ രേഖകൾ കൃത്യമല്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച രേഖകൾ പ്രകാരം മുസ്ലിം സ്ത്രീകൾക്ക് കറുത്ത ഹിജാബും സിഖ് മതവിശ്വാസികൾക്ക് കറുത്ത തലപ്പാവുമാകാം എന്നുണ്ടായിരുന്നു. എന്നാൽ ഹൈന്ദവ വിശ്വാസപ്രകാരമുള്ള പൊട്ട്, തിലകം, ചരട് എന്നിവ പാടില്ലെന്ന് ഇതിൽ രേഖപ്പെടുത്തിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. ഹിന്ദുക്കളോട് കമ്പനി വിവേചനം കാണിക്കുന്നുവെന്നാരോപിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.
ഇതിനോട് എക്സിലൂടെ (X) പ്രതികരിക്കുകയായിരുന്നു പിയൂഷ് ബൻസാൽ. പ്രചരിക്കുന്നത് കാലഹരണപ്പെട്ടതും തെറ്റായതുമായ ഒരു രേഖയാണെന്ന് അദ്ദേഹം പറഞ്ഞു. ജീവനക്കാർക്ക് അവരുടെ വിശ്വാസപ്രകാരമുള്ള ബിന്ദിയോ തിലകമോ ധരിക്കാൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ മത ചിഹ്നങ്ങളെയും പാരമ്പര്യങ്ങളെയും കമ്പനി ബഹുമാനിക്കുന്നുവെന്നും അതിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈറലായ രേഖ ഒരു പഴയ ആന്തരിക പരിശീലന രേഖ മാത്രമായിരുന്നുവെന്നും അതൊരു ഔദ്യോഗിക എച്ച്ആർ പോളിസി അല്ലെന്നും ബൻസാൽ വിശദീകരിച്ചു. അതിൽ ബിന്ദി/തിലകം എന്നിവയെക്കുറിച്ച് തെറ്റായ ഒരു വരി കടന്നുകൂടിയിട്ടുണ്ട്. അത് എഴുതാൻ പാടില്ലാത്തതായിരുന്നു. ഫെബ്രുവരി 17-ന് തന്നെ ഈ തെറ്റ് ശ്രദ്ധയിൽപ്പെട്ടപ്പോൾ അത് നീക്കം ചെയ്തിരുന്നു. എങ്കിലും ഇത് നേരത്തെ കണ്ടെത്താത്തതിൽ സിഇഒ എന്ന നിലയിൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. ആരുടെയും മതവിശ്വാസങ്ങളെ ലെൻസ്കാർട്ട് നിയന്ത്രിക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. (The print & IN)
For more details: The Indian Messenger



