'പണം നൽകിയ സ്ത്രീ എന്റെ കൂടെയുള്ളതല്ല, ഇത് തിരക്കഥ'; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ.

പാലക്കാട്: വോട്ടർക്ക് പണം നൽകിയെന്ന ആരോപണം തള്ളി പാലക്കാട് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. ബി.ജെ.പി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണം തന്നെ രാഷ്ട്രീയമായി വേട്ടയാടാനുള്ള തിരക്കഥയുടെ ഭാഗമാണെന്ന് അവർ പറഞ്ഞു. കണ്ണാടി പഞ്ചായത്തിൽ താൻ എത്തിയത് ഒരു ക്യാൻസർ രോഗിയെ സന്ദർശിക്കാനാണെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.
തന്റെ കാർ കോൺഗ്രസ് പ്രവർത്തകർ പിന്തുടർന്നതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്ന് ശോഭ ആരോപിച്ചു. കാർ ഓടിച്ചിരുന്ന വിനേഷ് എന്നയാളിനൊപ്പമുണ്ടായിരുന്ന വ്യക്തി തനിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു. ഒരു സ്ത്രീയെ അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം പ്രവർത്തികൾ ആര് ചെയ്താലും ചോദ്യം ചെയ്യുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയവും വികസനവും പറഞ്ഞാണ് താൻ വോട്ട് ചോദിക്കുന്നതെന്നും ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങളിൽ തളരില്ലെന്നും അവർ കൂട്ടിച്ചേർത്തു.
പണം നൽകിയെന്ന് പറയുന്ന സ്ത്രീ തന്റെ കൂടെയുള്ള ആളല്ലെന്നും ശോഭ വ്യക്തമാക്കി. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ വെറും ‘ഉണ്ടയില്ലാ വെടി’ മാത്രമാണ്. സത്യം തെളിയിച്ച ശേഷം മാത്രമേ ഇതിൽ നിന്ന് പിന്മാറൂ എന്നും നീതിക്കായി പോരാടുമെന്നും അവർ ഉറപ്പിച്ചു പറഞ്ഞു. With input from KN.
For more details: The Indian Messenger



