സാത്താൻകുളം കസ്റ്റഡി മരണം: 9 മുൻ പോലീസ് ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചു മധുര കോടതി.

മധുര: തമിഴ്നാടിനെയും ഇന്ത്യൻ മനസ്സാക്ഷിയെയും ഒന്നടങ്കം ഉലച്ച തൂത്തുക്കുടി സാത്താൻകുളം കസ്റ്റഡി കൊലപാതകക്കേസിൽ വിപ്ലവകരമായ വിധി. കൊല്ലപ്പെട്ട ജയരാജിന്റെയും മകൻ ഫെനിക്സിന്റെയും (ബെനിക്സ്) മരണത്തിന് ഉത്തരവാദികളായ ഒമ്പത് മുൻ പോലീസ് ഉദ്യോഗസ്ഥർക്കും മധുരയിലെ സി.ബി.ഐ പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ‘അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ്’ (Rarest of Rare) ആയി പരിഗണിച്ചാണ് കോടതി ഈ വിധി പ്രസ്താവിച്ചത്. തമിഴ്നാടിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ലോക്കപ്പ് മർദ്ദനക്കേസിൽ ഇത്രയധികം പോലീസുകാർക്ക് ഒരുമിച്ച് വധശിക്ഷ ലഭിക്കുന്നത്.
2020 ജൂണിലെ കോവിഡ് ലോക്ക്ഡൗൺ കാലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് രാത്രി 7.45 വരെ മൊബൈൽ കട തുറന്നുവെച്ചു എന്ന് ആരോപിച്ചാണ് ഉടമയായ ജയരാജിനെയും മകനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ എത്തിച്ച ഇരുവരെയും അധികാരത്തിന്റെ ഹുങ്കിൽ ഉദ്യോഗസ്ഥർ അതിക്രൂരമായ ശാരീരിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. ലോക്ക്ഡൗണിലെ വിരസത മാറ്റാൻ ഇരകളെ കിട്ടിയ മനോഭാവത്തോടെ പോലീസ് ഉദ്യോഗസ്ഥർ മാറി മാറി ഇവരെ മർദിച്ചു. ചോര വാർന്ന് ആന്തരിക അവയവങ്ങൾ തകർന്ന് ഇരുവരും യാചിച്ചിട്ടും ലാത്തികൾക്ക് വിശ്രമമുണ്ടായിരുന്നില്ല. ഒടുവിൽ ക്രൂരമായ മർദനത്തെത്തുടർന്ന് മൂന്നാം ദിവസം ജയരാജും പിന്നാലെ മകൻ ഫെനിക്സും മരണത്തിന് കീഴടങ്ങി.
മുൻ ഇൻസ്പെക്ടർ ശ്രീധർ, സബ് ഇൻസ്പെക്ടർമാരായ ബാലകൃഷ്ണൻ, രഘു ഗണേഷ്, ഹെഡ് കോൺസ്റ്റബിൾമാരായ മുരുകൻ, സാമദുരൈ, കോൺസ്റ്റബിൾമാരായ ചെല്ലദുരൈ, തോമസ് ഫ്രാൻസിസ്, വെയ്ലമുത്തു, മുത്തുരാജ് എന്നിവരാണ് ശിക്ഷിക്കപ്പെട്ട ഒമ്പത് പ്രതികൾ. കേസിൽ ആകെ പത്ത് പ്രതികളാണ് ഉണ്ടായിരുന്നതെങ്കിലും ഒരാൾ വിചാരണ കാലയളവിൽ മരണപ്പെട്ടിരുന്നു. ക്രൂരമായ ശാരീരിക പീഡനം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ പ്രതികൾക്കെതിരെ സംശയാതീതമായി തെളിയിക്കപ്പെട്ടു. നിയമം പാലിക്കേണ്ടവർ തന്നെ നിയമത്തെ വെല്ലുവിളിച്ച് നിരപരാധികളെ കശാപ്പ് ചെയ്തതിനുള്ള കടുത്ത മറുപടിയായാണ് കോടതി വിധി വിലയിരുത്തപ്പെടുന്നത്.
With input from KN
For more details: The Indian Messenger



