INDIA NEWSTOP NEWS

ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷാ ക്രമക്കേട്: പി.എസ്.സി ചെയർമാനെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് എസ്.ഐ.ടി.

Sponsored

തിരുവനന്തപുരം: ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷാ ക്രമക്കേടിൽ പി.എസ്.സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം (SIT) എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ചെയർമാന് പുറമെ ചില പി.എസ്.സി അംഗങ്ങളെയും മുതിർന്ന ഉദ്യോഗസ്ഥരെയും കേസിലെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തട്ടിപ്പിലൂടെ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അർഹമായ നിയമന അവസരങ്ങൾ നഷ്ടപ്പെടുത്തിയെന്ന് ക്രൈംബ്രാഞ്ച് സമർപ്പിച്ച എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.

പ്ലാനിംഗ് ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉയർന്ന കടുത്ത ആരോപണങ്ങൾക്ക് പിന്നാലെയാണ് പ്രധാനപ്പെട്ട മറ്റ് മൂന്ന് തസ്തികകളിലെയും പരീക്ഷകളിൽ വ്യാപക ക്രമക്കേട് നടന്നതായി പരാതി ഉയർന്നത്. ഖാദി ബോർഡ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, എം.വി.ഡി അസിസ്റ്റന്റ് ഇൻസ്പെക്ടർ എന്നീ തസ്തികകളിലെ വിജ്ഞാപനങ്ങളിലും പരീക്ഷകളിലുമാണ് തട്ടിപ്പ് ആരോപിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ രണ്ടു സംഭവങ്ങളിൽ എസ്.ഐ.ടി ഉടൻ കേസെടുക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് പി.എസ്.സി ചെയർമാനെ ഉൾപ്പെടെ പ്രതിയാക്കി എഫ്.ഐ.ആർ തയാറാക്കിയിരിക്കുന്നത്.

അതേസമയം, സംസ്ഥാന പ്ലാനിംഗ് ബോർഡ് പരീക്ഷാ ക്രമക്കേടിലെ ഉന്നതതല ഗൂഢാലോചനയിലേക്ക് അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിരിക്കുകയാണ്. കേസിന്റെ ഭാഗമായി പി.എസ്.സി സെക്രട്ടറി സാജു ജോർജിനെ ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് തന്നെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് സാജു ജോർജിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഗൂഢാലോചനയിൽ ഉന്നത വ്യക്തികളുടെ പങ്ക് പുറത്തുകൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button