ഉത്തരാഖണ്ഡിലെ ഉത്തർകാശിയിലുണ്ടായ മിന്നൽ പ്രളയത്തിൻ്റെ കാരണം കണ്ടെത്താൻ ISROയെ ചുമതലപ്പെടുത്തി.

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഉത്തർകാശി ജില്ലയിലുണ്ടായ പ്രളയത്തിൻ്റെ കൃത്യമായ കാരണങ്ങൾ കണ്ടെത്താൻ ISRO (ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ) യോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. പ്രളയത്തിൻ്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകാനാണ് ISRO-യോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ കുറയ്ക്കുന്നതിനായി സംസ്ഥാനത്തിൻ്റെ കാലാവസ്ഥാ പ്രവർത്തന പദ്ധതികൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാർ മറ്റൊരു യോഗത്തിൽ ചർച്ച ചെയ്തു. പ്രളയത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മേഘവിസ്ഫോടനം, മഞ്ഞുമലയിലെ തടാകങ്ങൾ പൊട്ടിയുള്ള പ്രളയം (GLOF), അല്ലെങ്കിൽ കനത്ത മഴയും മണ്ണിടിച്ചിലും ഉൾപ്പെടെയുള്ള മറ്റ് കാരണങ്ങളാണോ ദുരന്തത്തിന് പിന്നിലെന്ന് സർക്കാർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഒരു മണിക്കൂറിനുള്ളിൽ 10 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് 100 മില്ലിമീറ്ററോ അതിലധികമോ മഴ ലഭിച്ചാൽ മാത്രമാണ് അതിനെ മേഘവിസ്ഫോടനമായി കണക്കാക്കുക. IMD (ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം) യുടെ കണക്കുകൾ പ്രകാരം അത്തരത്തിൽ ഒരു മേഘവിസ്ഫോടനം നടന്നതിന് തെളിവുകളൊന്നുമില്ല. കഴിഞ്ഞ രണ്ട് ദിവസത്തെ IMD-യുടെ അഞ്ച് സ്റ്റേഷനുകളിലെ മഴയുടെ കണക്കുകൾ പ്രകാരം നേരിയതോ മിതമായതോ ആയ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ദേശീയ ദുരന്തനിവാരണ അതോറിറ്റി, IMD, ഐഐടി റൂർക്കിയിലെ ശാസ്ത്രജ്ഞർ എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനം. 2013-ലെ ഉത്തരാഖണ്ഡ് ദുരന്തത്തിന് സമാനമായ സാഹചര്യമായതിനാൽ, കൃത്യമായ കാരണം കണ്ടെത്തിയാൽ മാത്രമേ ഉചിതമായ നടപടി സ്വീകരിക്കാൻ കഴിയൂ എന്ന് അധികൃതർ അറിയിച്ചു. IMD-യുടെ നിരീക്ഷണത്തിൽപ്പെടാത്തതും എന്നാൽ ഉപഗ്രഹ നിരീക്ഷണത്തിലൂടെ കണ്ടെത്താൻ സാധ്യതയുള്ളതുമായ ചെറിയ രീതിയിലുള്ള മേഘവിസ്ഫോടനങ്ങളാകാം ദുരന്തത്തിന് കാരണമായതെന്നും അവർ കൂട്ടിച്ചേർത്തു.
With input from TNIE