നവാഗതർ അണിനിരക്കുന്ന ‘നിധി കാക്കും ഭൂതം’ ചിത്രീകരണം ആരംഭിച്ചു.


ഇടുക്കി: ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ തിരക്കഥാകൃത്ത് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം “നിധി കാക്കും ഭൂതം” ചിത്രീകരണം ആരംഭിച്ചു. ഇടുക്കിയിലെ കീരിത്തോട്, ചെറുതോണി, കഞ്ഞിക്കുഴി എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.
ഇടുക്കിയിലും പരിസരപ്രദേശങ്ങളിലുമുള്ള നിരവധി കലാകാരന്മാരെ കണ്ടെത്തി ഒരു മാസത്തിലേറെ നീണ്ട പരിശീലനത്തിലൂടെയാണ് സിനിമയിലേക്കുള്ള അഭിനേതാക്കളെ തിരഞ്ഞെടുത്തത്. പുതുമുഖ താരങ്ങളാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയോര മേഖലയിലെ അതിസമ്പന്നനായ ഒരാൾ തൻ്റെ ബംഗ്ലാവിൽ വർഷങ്ങളായി സൂക്ഷിച്ചിരിക്കുന്ന ഒരു നിധിയുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് നർമ്മത്തിൽ ചാലിച്ച് സിനിമയുടെ ഇതിവൃത്തമായി അവതരിപ്പിക്കുന്നത്.
രവീന്ദ്രൻ കീരിത്തോട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സാരംഗ് മാത്യു, അനീഷ് ഉപ്പുതോട്, ബിജു തോപ്പിൽ, ജോബി കുന്നത്തുംപാറ, ലിബിയ ഷോജൻ, ജിൻസി ജിസ്ബിൻ, ജയ, ബിഥ്യ. കെ സന്തോഷ്, സജി പി. പി, അഭിലാഷ് വിദ്യാസാഗർ, അനിൽ കാളിദാസൻ, കെ. വി. രാജു, ബിജു വൈദ്യർ, സണ്ണി പനയ്ക്കൽ, സി. കെ. രാജു, സാജൻ മാളിയേക്കൽ, ജോമി വെൺമണി, ജോമോൻ പാറയിൽ എന്നിവരും ഏതാനും ബാലതാരങ്ങളും അഭിനയിക്കുന്നു.
പ്രശസ്ത സംഗീത സംവിധായകൻ റോണി റാഫേലാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ഹരീഷ് വിജു ഗാനരചന നിർവഹിക്കുന്നു. ഋഷിരാജ് ഛായാഗ്രഹണവും ജ്യോതിഷ് കുമാർ എഡിറ്റിംഗും ഷിബു കൃഷ്ണ കലാസംവിധാനവും കൈകാര്യം ചെയ്യുന്നു. അരവിന്ദ് ഇടുക്കി മേക്കപ്പും ജിഷ്ണു രാധാകൃഷ്ണൻ സഹസംവിധാനവും നിർവഹിക്കുന്നു. അജീഷ് ജോർജാണ് ലൊക്കേഷൻ മാനേജർ. ഷിനോജ് സൈൻ ഡിസൈനും സേതു അടൂർ പ്രൊഡക്ഷൻ കൺട്രോളറുമാണ്.
ചിത്രം നവംബർ മാസത്തിൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
വാർത്ത തയാറാക്കിയത്: വാഴൂർ ജോസ്