INDIA NEWSKERALA NEWSTOP NEWS

തദ്ദേശ തിരഞ്ഞെടുപ്പ്; എൽഡിഎഫിന് തിരിച്ചടി, യുഡിഎഫിന് മികച്ച വിജയം; തിരുവനന്തപുരം കോർപ്പറേഷൻ നേടി എൻഡിഎ ചരിത്രമെഴുതി.

026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ പോരാട്ടമായി കണക്കാക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൽഡിഎഫിന് തിരിച്ചടി നേരിട്ടു. നഷ്ടപ്പെട്ട കോർപ്പറേഷനുകൾ തിരിച്ചുപിടിച്ചും, മുനിസിപ്പാലിറ്റികളിൽ വലിയ മുന്നേറ്റമുണ്ടാക്കിയും, ബ്ലോക്ക് പഞ്ചായത്തുകളിൽ ഇരട്ടിയോളം നേട്ടമുണ്ടാക്കിയും, ഗ്രാമപഞ്ചായത്തുകളിൽ അഞ്ഞൂറിലധികം സീറ്റുകൾ കരസ്ഥമാക്കിയും തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടി. അതേസമയം, തിരുവനന്തപുരം കോർപ്പറേഷൻ സ്വന്തമാക്കി എൻഡിഎ കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു കോർപ്പറേഷനിൽ അധികാരം പിടിച്ചെടുത്തു.

കഴിഞ്ഞ തവണ അഞ്ച് കോർപ്പറേഷനുകൾ ഭരിച്ച എൽഡിഎഫിന് ഇക്കുറി കോഴിക്കോട്ട് മാത്രമാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ സാധിച്ചത്. ഇവിടെയും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിട്ടില്ല. 2020-ൽ കണ്ണൂരിൽ മാത്രം ലഭിച്ച യുഡിഎഫിന് ഇത്തവണ കൊച്ചിയും തൃശൂരും വലിയ ഭൂരിപക്ഷത്തോടെ തിരിച്ചുപിടിക്കാനായി. കൊല്ലം കോർപ്പറേഷനിൽ വൻ അട്ടിമറിയാണ് യുഡിഎഫ് നടത്തിയത്. തിരുവനന്തപുരത്തും കോഴിക്കോട്ടും സീറ്റുകൾ കൂട്ടാനും യുഡിഎഫിന് കഴിഞ്ഞു.

മുനിസിപ്പാലിറ്റികളിൽ: 86 മുനിസിപ്പാലിറ്റികളിൽ 54 എണ്ണവും യുഡിഎഫ് സ്വന്തമാക്കി. എൽഡിഎഫിന് 28 എണ്ണം മാത്രമാണ് നേടാനായത്. എൻഡിഎയ്ക്ക് രണ്ട് മുനിസിപ്പാലിറ്റികളിൽ ഭൂരിപക്ഷം ലഭിച്ചു.

ബ്ലോക്ക് പഞ്ചായത്തുകളിൽ: ആകെയുള്ള 143 ബ്ലോക്ക് പഞ്ചായത്തുകളിൽ 81 എണ്ണമാണ് യുഡിഎഫ് പക്ഷത്തേക്ക് നീങ്ങിയത്. 63 എണ്ണം ഇടതുമുന്നണി നേടി.

ഗ്രാമപഞ്ചായത്തുകളിൽ: 500-ൽ അധികം ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫിനാണ് ഭൂരിപക്ഷം. ഇടതുമുന്നണി 342 എണ്ണം നേടിയപ്പോൾ എൻഡിഎയ്ക്ക് 25 പഞ്ചായത്തുകളിൽ അധികാരം ലഭിച്ചു. എട്ടെണ്ണം മറ്റുള്ളവർ നേടി.

തദ്ദേശ തെരഞ്ഞെടുപ്പിൽ ‘ചെങ്കോട്ട’ തകർത്ത് തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി പിടിച്ചെടുത്തതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. “നന്ദി തിരുവനന്തപുരം” എന്നാണ് പ്രധാനമന്ത്രി എക്സിൽ (X) കുറിച്ചത്.

“തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻ‌ഡി‌എ സഖ്യത്തിന് ലഭിച്ച ഭൂരിപക്ഷം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമാണ്. സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങൾ നിറവേറ്റാൻ ബിജെപിക്ക് മാത്രമേ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ട്. കേരളം എൽഡിഎഫിനെയും യുഡിഎഫിനെയും മടുത്തു. എൻഡിഎയിൽ നിന്നാണ് ജനം സദ്ഭരണം പ്രതീക്ഷിക്കുന്നത്. ഊർജ്ജസ്വലമായ നഗരത്തിന്റെ വളർച്ചയ്ക്കായി ബിജെപി പ്രവർത്തിക്കും,” മോദി കൂട്ടിച്ചേർത്തു.

‘വികസിത കേരളം’ എന്ന ഹാഷ്ടാഗ് സഹിതമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ട്വീറ്റ് പങ്കുവെച്ചത്.

(എം.എൻ)

For more details: The Indian Messenger

Related Articles

Back to top button