വിരുന്നുകാർ കവിത-സുധീരൻ പ്രയാർ എഴുതിയത്.


യാമിമൊന്നിലൊരേകാന്ത പാതയിൽ
കാറ്റടിച്ചു മുളംതണ്ടു പാടുന്നു
ദൂരെ നിന്നും വിരുന്നെത്തിടാം, നാളെ
ഈ ദിനം കാത്തു നിൽക്കുന്നതെന്ത് നീ ?
അസ്തമിച്ചർക്ക ദീപം, വഴികളിൽ
നക്തമാകെ ഇഴഞ്ഞു കയറുന്നു
അർത്ഥ രാത്രിയിന്നകുമോയെത്തിടാൻ
കൊച്ചു ചൂട്ടിന്റെ വെട്ടം കെടാറായി
രാത്രി മൈനകൾ പാടും വഴിയിലെ
നേർത്ത രൂപങ്ങൾ ദൂരത്തു കണ്ടുഞാൻ
വേഗമൊന്നങ്ങടുത്തെത്തി നോക്കവേ
അന്യരാരോ തുറിച്ചു നോക്കുന്നതാ
പിൻ തിരിഞ്ഞു നടക്കവേ കാതിലായ്
പിൻ വിളികൾ മുഴങ്ങുന്ന മാതിരി
ഏതു ദിക്കിൽ തിരിയേണ്ടു? കണ്ടതാം
അന്യരോ എന്റെ സ്വന്തം വിരുന്നുകാർ?
അഭ്ര പാളികൾ തള്ളി തുറന്നു പൊ-
ന്നമ്പിളി വന്നു വെട്ടം വിതറവെ
കണ്ടറിഞ്ഞവരെന്റെ വിരുന്നുകാർ,എങ്കിലും
അവർക്കന്യനാണിന്നു ഞാൻ
കൂട്ടു ചേർന്നു ചിരിച്ചും കളിച്ചുമാ-
ക്കൂട്ടമങ്ങനെ മെല്ലവേ നീങ്ങവേ
കാട്ടു പാതയിൽ നിന്നു വിളിച്ചു ഞാൻ
കൂട്ടരേയെന്നതിഥിയെ കണ്ടുവോ
ഞെട്ടിയേവരും പിന്തിരിഞ്ഞെൻറെയീ
രക്തമില്ലാ മുഖത്തേക്കു നോക്കിയും
പുച്ഛ ഭാവേന കാലിനാൽ പൂഴിയെൻ
കണ്ണിലാകെയെറിഞ്ഞും കടന്നുപോയ്
ഖേദമില്ല ഈ ഭൂവിൽ പലപ്പോഴും
കാത്തുനിൽക്കും വിരുന്നുകാർക്കായിനാം
ചൂട്ടു വെട്ടം പിടിച്ചിരുൾ പാതയിൽ
കാത്തു നിന്നിടാം കാലങ്ങൾ പോകിലും
പൂവരശിലെ പൂക്കൾ പോൽ കാണാത്ത
ദൂരെ വാനിൽ വിരിഞ്ഞു നശിക്കുമീ
ജീവിതം ചൂട്ടു വെട്ടവും കത്തിച്ചു
കാത്തിരിക്കുകിൽ കാലം പഴിക്കുമോ .
പിൻവിളി നിൻ പ്രതിസ്വനം മാത്രമായ്
കേട്ടറിഞ്ഞിട്ടുമെന്തേ തിരയുന്നു
ഈ ഇരുൾവഴി താണ്ടിയെത്തീടുവാ-
നില്ല നിന്നെ തിരയുമഭ്യാഗതർ.
For more details: The Indian Messenger



