FILMS

അനൂപ് മേനോൻ ഇൻവെസ്റ്റിഗേറ്റീവ് ഓഫീസറാകുന്ന 'ഈ തനിനിറം' ജനുവരി 16-ന് തിയേറ്ററുകളിലേക്ക്.

തിരുവനന്തപുരം: അനൂപ് മേനോൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ‘ഈ തനിനിറം’ ജനുവരി 16-ന് പ്രദർശനത്തിനെത്തുന്നു. ധനുഷ് ഫിലിംസിന്റെ ബാനറിൽ എസ്. മോഹനൻ നിർമിച്ച് രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മഹാരാജാ ടാക്കീസ്, അഡ്വ. ലക്ഷ്മണൻ ലേഡീസ് ഒൺലി എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷ് ഫിലിംസ് നിർമിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

കെ. മധു, ഹരികുമാർ എന്നിവരുടെ സഹായിയായി പ്രവർത്തിച്ചിരുന്ന രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. ‘ഗുഡ് ബാഡ് അഗ്ലി’, ‘ഡയൽ 100’ എന്നിവയായിരുന്നു അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങൾ. എസ്.ഐ ഫെലിക്സ് ലോപ്പസ് എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും അപ്രതീക്ഷിതമായ തിരിവുകളിലൂടെ കടന്നുപോകുന്ന ഒരു സസ്പെൻസ് ത്രില്ലറായിരിക്കും ചിത്രമെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.

രമേഷ് പിഷാരടി, നോബി, ജി. സുരേഷ് കുമാർ, ദീപക് ശിവരാജൻ, ശൈലജ അമ്പു തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അംബിക കണ്ണൻ ബായ് തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ് നായരും എഡിറ്റിംഗ് അജു അജയും നിർവഹിക്കുന്നു. അനൂപ് മേനോൻ, രാജീവ് ആലുങ്കൽ എന്നിവരുടെ വരികൾക്ക് നിനോയ് വർഗീസും രാജ് കുമാർ രാധാകൃഷ്ണനും സംഗീതം നൽകിയിരിക്കുന്നു. വാഗമൺ, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായത്. (വാർത്ത: വാഴൂർ ജോസ്)

For more details: The Indian Messenger

Related Articles

Back to top button