INDIA NEWSKERALA NEWS

കരുനാഗപ്പള്ളിയിൽ നാടക വസന്തം: ടാഗോർ ഗ്രന്ഥശാല നാടകോത്സവത്തിന് ഇന്ന് തിരശ്ശീല ഉയരും.

കരുനാഗപ്പള്ളി: കോഴിക്കോട് ടാഗോർ ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ നാടകോത്സവത്തിന് ഇന്ന് തുടക്കമാകും. ജനുവരി 4 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ഡോ. സുജിത്ത് വിജയപിള്ള എംഎൽഎ നാടകോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നഗരസഭ ചെയർമാൻ പി. സോമരാജൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും.

വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പോച്ചയിൽ നാസർ, റഹ്മാൻ മുനമ്പത്ത്, ആര്യ പി. ജിത്ത്, ആയുഷ് എന്നിവരെ ചടങ്ങിൽ ആദരിക്കും. ഉദ്ഘാടനത്തിന് പിന്നാലെ കൊല്ലം ചൈതന്യയുടെ ‘അങ്കം ജയിക്കാൻ ഒരമ്മ’ എന്ന നാടകം അരങ്ങേറും. തുടർന്നുള്ള ദിവസങ്ങളിൽ ഡ്രീം കേരളയുടെ ‘അകത്തേക്ക് തുറന്നിട്ട വാതിൽ’ (ജനുവരി 5), കൊല്ലം അനശ്വരയുടെ ‘ആകാശത്തേക്ക് ഒരു കടൽ’ (ജനുവരി 6), അമ്പലപ്പുഴ സാരഥിയുടെ ‘നവജാതശിശു വയസ്സ് 84’ (ജനുവരി 7) എന്നീ നാടകങ്ങൾ പ്രദർശിപ്പിക്കും.

ജനുവരി 8-ന് നടക്കുന്ന സമാപന സമ്മേളനം സി.ആർ. മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തും. സമാപനത്തോടനുബന്ധിച്ച് അജന്ത തിയേറ്റർ ഗ്രൂപ്പിന്റെ ‘വംശം’ എന്ന നാടകം അരങ്ങേറും. ഗ്രന്ഥശാല ഭാരവാഹികളായ ജി. ജോൺകുട്ടി, എസ്. ഉത്തമൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. (Malayalam News)

For more details: The Indian Messenger

Related Articles

Back to top button