INDIA NEWS

എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രവാസികള്‍ക്കായി കരുനാഗപ്പള്ളിയില്‍ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു

തിരികെയെത്തിയ പ്രവാസികളുടെ പുനറധിവാസത്തിനായുളള നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റസ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടെ ഭാഗമായി സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റിന്റെ (സി.എം.ഡി) സഹകരണത്തോടെ കൊല്ലം കരുനാഗപ്പള്ളിയില്‍ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. നോര്‍ക്ക റൂട്ട്സ് തിരുവനന്തപുരം സെന്റര്‍ മാനേജര്‍ എസ്. സഫറുള്ള ഉദ്ഘാടനം ചെയ്തു. സ്വയം തൊഴിലും സംരംഭങ്ങളും ആരംഭിക്കാനും നിലവിലുള്ളവ വിപുലീകരിക്കാനുമുള്ള പദ്ധതി ശില്പശാലയില്‍ വിശദീകരിച്ചു. നടപ്പു സാമ്പത്തികവര്‍ഷം 1500 പുതിയ സംരംഭകരെ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടെ ഭാഗമായി സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ശില്പശാലയില്‍ 105 പ്രവാസികള്‍ പങ്കെടുത്തു. സി.എം.ഡി അസോസിയേറ്റ് പ്രൊഫസര്‍ പി.ജി. അനില്‍ ക്ലാസ് നയിച്ചു.
ഓണാട്ടുകര പ്രവാസി സംഘം സാമൂഹ്യ ക്ഷേമ സഹകരണ സംഘം പ്രസിഡന്റ് രാജേന്ദ്രന്‍ കുളങ്ങര, കരുനാഗപ്പള്ളി പ്രവാസി സംഘം ഏരിയ സെക്രട്ടറി എ.ആര്‍. സൈനുദ്ദീന്‍, പ്രവാസി സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം സന്തോഷ് മാനവ് ചാത്തന്നൂര്‍, പ്രവാസി പ്രവാസി ഫെഡറേഷന്‍ ജില്ലാ എക്സിക്യൂട്ടീവ് അംഗം അജിത്ത് എബ്രഹാം, സിഎംഡി പ്രോജക്ട് ഓഫീസര്‍ എസ്.ജെ. നന്ദകുമാര്‍, സിഎംഡി റിസര്‍ച്ച് ഓഫീസര്‍ ബി.എല്‍. അനന്തു, നോര്‍ക്ക റൂട്ട്സ് അസിസ്റ്റന്റ് വി. ഷിജി എന്നിവര്‍ പ്രസംഗിച്ചു. രാവിലെ നടന്ന ഉദ്ഘാടന ചടങ്ങില്‍ സി.എം.ഡി പ്രോജക്ട് ഓഫീസര്‍ സ്മിത ചന്ദ്രന്‍അധ്യക്ഷത വഹിച്ചു. എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയിലേയ്ക്ക് www.norkaroots.org വെബ്ബ്‌സൈറ്റ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൃത്യമായ വായ്പാ തിരിച്ചടവിന് മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വര്‍ഷം) പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും. പദ്ധതി സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

നോർക്ക ഡിപ്പാർട്ട്മെൻ്റ് പ്രോജക്റ്റ് ഫോർ റിട്ടേൺഡ് എമിഗ്രൻ്റ്സ് (NDPREM) എന്നത് കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സ്വയംതൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിനായി സർക്കാർ നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ്. ഈ പദ്ധതി പ്രകാരം, പരിപാടിയിൽ പങ്കെടുക്കുന്ന ബാങ്കുകൾക്ക് കാർഷികം, മത്സ്യബന്ധനം, മൃഗസംരക്ഷണം, വാണിജ്യം, ചെറുകിട വ്യവസായം, സേവന മേഖല, നിർമ്മാണ മേഖല, ബിസിനസ്സ് എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ വായ്പകൾ നൽകുന്നു. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി 30 ലക്ഷം രൂപ വരെയുള്ള പ്രോജക്റ്റുകൾക്ക് സംരംഭകർക്ക് 15% മൂലധന സബ്സിഡിയും ആദ്യത്തെ 4 വർഷത്തേക്ക് 3% പലിശ സബ്സിഡിയും ലഭിക്കും. അടിസ്ഥാന പരിശീലനം, പ്രോജക്ട് രേഖകൾ തയ്യാറാക്കുന്നതിനുള്ള സഹായം, ഒരു സർക്കാർ ഏജൻസിയായ CMD വഴി വായ്പകൾ ലഭ്യമാക്കുന്നതിനുള്ള പിന്തുണ എന്നിവ സംരംഭകർക്ക് നൽകുന്നു. പ്രവാസി പുനരധിവാസ പദ്ധതിയുടെ വിപുലീകരണത്തിൻ്റെ ഭാഗമായി, 19 ധനകാര്യ സ്ഥാപനങ്ങളുമായി ധാരണാപത്രങ്ങൾ ഒപ്പുവെച്ചതിലൂടെ വായ്പ ലഭ്യത വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ ധനകാര്യ സ്ഥാപനങ്ങളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്ത ശേഷം, ഗുണഭോക്താവ് സമർപ്പിക്കുന്ന അപേക്ഷ ശുപാർശ സഹിതം ധനകാര്യ സ്ഥാപനത്തിലേക്ക് അയക്കുകയും, ധനകാര്യ സ്ഥാപനങ്ങൾ അതിൻ്റെ സാധ്യത പരിശോധിച്ച ശേഷം വായ്പ അംഗീകരിക്കുകയും ചെയ്യുന്നു.

ധനകാര്യ സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ താഴെ പറയുന്നവയാണ്:

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
കാനറ ബാങ്ക്
ബാങ്ക് ഓഫ് ബറോഡ
ഫെഡറൽ ബാങ്ക്
സൗത്ത് ഇന്ത്യൻ ബാങ്ക്
ഇന്ത്യൻ ഓവർസീസ് ബാങ്ക്
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
ബാങ്ക് ഓഫ് ഇന്ത്യ
യൂക്കോ ബാങ്ക്
ധനലക്ഷ്മി ബാങ്ക്
ഇന്ത്യൻ ബാങ്ക്
കേരള ബാങ്ക്
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ റൂറൽ ഡെവലപ്‌മെൻ്റ് ബാങ്ക്
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ
കേരള സ്റ്റേറ്റ് ബാക്ക്‌വേർഡ് ക്ലാസ്സസ് ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ
കേരള സ്റ്റേറ്റ് എസ്.സി/എസ്.ടി കോർപ്പറേഷൻ
കേരള സ്റ്റേറ്റ് വിമൻ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ
കേരള സ്റ്റേറ്റ് പ്രവാസി വെൽഫെയർ ഡെവലപ്‌മെൻ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (മലപ്പുറം)
ട്രാവൻകൂർ പ്രവാസി ഡെവലപ്‌മെൻ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (തിരുവനന്തപുരം)

With input from PRD KERALA & NORKA

Related Articles

Back to top button