INDIA NEWSKERALA NEWS

ശിവഗിരി തീർത്ഥാടനം കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക ജീവിതത്തിന് നിത്യപ്രചോദനം: മുഖ്യമന്ത്രി പിണറായി വിജയൻ.

വർക്കല: കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക അന്തരീക്ഷത്തിന് ശിവഗിരി തീർത്ഥാടനം എന്നും വലിയ ആവേശവും പ്രചോദനവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരുവിന്റെ കർമനിഷ്ഠയുടെ പ്രതിസ്പന്ദങ്ങളാണ് 93 വർഷം പിന്നിടുന്ന ശിവഗിരി തീർത്ഥാടനത്തിൽ പ്രകടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. 93-ാമത് ശിവഗിരി തീർത്ഥാടന മഹാസമ്മേളനം ശിവഗിരി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശ്രീനാരായണ ഗുരു തന്റെ സമാധിക്ക് മാസങ്ങൾക്കു മുൻപ്, 1928 ജനുവരി 16-നാണ് തീർത്ഥാടന സന്ദേശം നൽകിയത്. ഇത് കേവലം പാപക്കറ കഴുകിക്കളയാനുള്ള ഒരു യാത്രയല്ല, മറിച്ച് സർവമത ദർശനങ്ങളുടെ സമന്വയമാകണമെന്ന് ഗുരു ആഗ്രഹിച്ചു. ഭൗതിക ജീവിതത്തിന്റെ പുരോഗതിയിലേക്ക് മനുഷ്യനെ നയിക്കുക എന്നതായിരുന്നു ഗുരുവിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

തീർത്ഥാടനത്തിന്റെ ലക്ഷ്യങ്ങളായി ഗുരു എട്ട് കാര്യങ്ങൾ നിർദ്ദേശിച്ചു:

വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, ശാസ്ത്ര-സാങ്കേതിക പരിശീലനം

ഈ വിഷയങ്ങളിൽ പ്രാവീണ്യമുള്ളവരെ കൊണ്ട് പ്രഭാഷണം നടത്തിക്കണമെന്നും അത് കേവലം കേട്ടിരിക്കുക മാത്രമല്ല, ജീവിതത്തിൽ പ്രായോഗികമാക്കണമെന്നും ഗുരു നിർദ്ദേശിച്ചിരുന്നു. അത്തരത്തിൽ മാത്രമേ സമൂഹത്തിനും രാജ്യത്തിനും പുരോഗതി ഉണ്ടാകൂ എന്ന് ഗുരു വിശ്വസിച്ചിരുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. (Keralanews.gov)

For more details: The Indian Messenger

Related Articles

Back to top button