നമീബിയയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ “ദി ഓർഡർ ഓഫ് ദ മോസ്റ്റ് ഏൻഷ്യന്റ് വെൽവിറ്റ്സിയ മിറാബിലിസ്” ഏറ്റുവാങ്ങിയ ശേഷം പ്രധാനമന്ത്രി നടത്തിയ പ്രസംഗം.

ബഹുമാനപ്പെട്ട പ്രസിഡന്റ് ,
ബഹുമാനപ്പെട്ട വൈസ് പ്രസിഡന്റ്,
പ്രധാനമന്ത്രി,
നമീബിയയിലെ ബഹുമാനപ്പെട്ട മന്ത്രിമാർ,
വിശിഷ്ട അതിഥികളെ,
നമീബിയയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ “ദി ഓർഡർ ഓഫ് ദ മോസ്റ്റ് ഏൻഷ്യന്റ് വെൽവിറ്റ്സിയ മിറാബിലിസ്” പ്രസിഡന്റിൽ നിന്ന് ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ അതിയായ അഭിമാനവും സന്തോഷവുമുണ്ട്.
പ്രസിഡന്റിനും നമീബിയൻ സർക്കാരിനും ജനങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. 140 കോടി ഇന്ത്യക്കാരുടെ പേരിൽ ഞാൻ ഈ ബഹുമതി വിനയപൂർവ്വം സ്വീകരിക്കുന്നു.
സുഹൃത്തുക്കളേ,
ഈ അവാർഡിന് പേര് നൽകിയിരിക്കുന്ന നമീബിയയിലെ “വെൽവിറ്റ്സിയ” സസ്യം ഒരു സാധാരണ സസ്യമല്ല. കാലഘട്ടങ്ങളെ കണ്ടറിഞ്ഞ ഒരു കുടുംബത്തിലെ കാരണവരെപ്പോലെയാണത്. നമീബിയൻ ജനതയുടെ പോരാട്ടങ്ങൾ, ധൈര്യം, സംസ്കാരം എന്നിവയുടെ പ്രതീകമാണത്. ഇന്ത്യയും നമീബിയയും തമ്മിലുള്ള അചഞ്ചലമായ സൗഹൃദത്തിന് ഇത് സാക്ഷിയാണ്.
ഇന്ന്, അതുമായി ബന്ധപ്പെടാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ അഭിമാനമുണ്ട്. ഈ പുരസ്‌കാരം നമീബിയയിലെയും ഇന്ത്യയിലെയും ജനങ്ങൾക്കായി ഞാൻ സമർപ്പിക്കുന്നു; അവരുടെ തുടർവിജയങ്ങൾക്കും വികസനത്തിനും; നമ്മുടെ തകരാത്ത സൗഹൃദത്തിന്റെ നിലനിൽക്കുന്ന ശക്തിക്കും.
സുഹൃത്തുക്കളേ,
നമ്മുടെ പ്രയാസകരമായ സമയങ്ങളിൽ മാത്രമേ നമ്മുടെ യഥാർത്ഥ സുഹൃത്തുക്കളെ നാം തിരിച്ചറിയാറുള്ളൂ. ഇന്ത്യയും നമീബിയയും സ്വാതന്ത്ര്യസമര കാലഘട്ടം മുതൽ പരസ്പരം പിന്തുണച്ചിട്ടുണ്ട്. നമ്മുടെ സൗഹൃദം രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയുള്ളതല്ല, മറിച്ച് നമ്മുടെ പങ്കിട്ട പോരാട്ടങ്ങൾ, സഹകരണം, ആഴത്തിലുള്ള പരസ്പര വിശ്വാസം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്.
നമ്മുടെ പങ്കിട്ട ജനാധിപത്യ മൂല്യങ്ങളും ശോഭനമായ ഭാവിയെക്കുറിച്ചുള്ള പൊതുവായ സ്വപ്നങ്ങളും നമ്മുടെ ബന്ധം ശക്തിപ്പെടുത്തിയിട്ടുണ്ട്. വരും കാലങ്ങളിലും നാം വികസനത്തിന്റെ പാതയിൽ കൈകോർത്ത് മുന്നോട്ട് പോകും.
സുഹൃത്തുക്കളേ,
ലോകത്തിലെ ഏറ്റവും വലിയ വജ്ര ഉൽപ്പാദകരിൽ ഒന്നാണ് നമീബിയ. ഇന്ത്യക്ക് ഏറ്റവും വലിയ വജ്രം മിനുക്കു വ്യവസായവുമുണ്ട് – അതും എന്റെ ജന്മനാടായ ഗുജറാത്തിൽ! ഭാവിയിൽ നമ്മുടെ പങ്കാളിത്തം ഈ വജ്രങ്ങൾ പോലെ തിളങ്ങുമെന്ന് എനിക്ക് ഉറപ്പുണ്ട്.
അതുകൊണ്ട് നമുക്ക് ഒരുമിച്ച് ചേർന്ന് പ്രസിഡന്റിന് ദീർഘായുസ്സും നല്ല ആരോഗ്യവും നേരാം, നമീബിയയിലെ ജനങ്ങൾക്ക് സന്തോഷവും സമൃദ്ധിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കാം, ഒപ്പം ഇന്ത്യയും നമീബിയയും തമ്മിലുള്ള സൗഹൃദം ദീർഘകാലം നിലനിൽക്കട്ടെ എന്നും പ്രാർത്ഥിക്കാം.
വളരെ നന്ദി.
With input from https://www.pmindia.gov.in/