INDIA NEWSTOP NEWS

ഗാസിയാബാദിൽ വാളുകൾ വിതരണം ചെയ്ത ആറ് ഹിന്ദു രക്ഷാ ദൾ പ്രവർത്തകർ പിടിയിൽ.

ഗാസിയാബാദ്: ശാലിമാർ ഗാർഡൻ കോളനിയിൽ രണ്ട് ഡസനിലധികം വാളുകൾ വിതരണം ചെയ്ത സംഭവത്തിൽ ഹിന്ദു രക്ഷാ ദൾ സംഘടനയിലെ ആറ് അംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. സംഘടനയുടെ പ്രസിഡന്റ് ഭൂപേന്ദ്ര ചൗധരി എന്ന ‘പിങ്കി’ ഉൾപ്പെടെയുള്ള 17 ഭാരവാഹികൾക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഭൂപേന്ദ്ര നിലവിൽ ഒളിവിലാണ്.

കൂടാതെ, പേര് വെളിപ്പെടുത്താത്ത ഇരുപതിലധികം പേർക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ട്രാൻസ് ഹിൻഡൻ) നിമിഷ പാട്ടീൽ അറിയിച്ചു. ഭാരതീയ ന്യായ സംഹിതയിലെ ലഹളയുണ്ടാക്കൽ (191-2), മാരകായുധങ്ങളുമായി ലഹളയിൽ ഏർപ്പെടൽ (191-3), അന്യായമായി തടഞ്ഞുവെക്കൽ (127-2) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കോളനിയിൽ ജാഥ നടത്തിയ സംഘം മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുകയും വീടുവീടാന്തരം കയറി ആയുധങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ക്രമസമാധാനവും സാമുദായിക സൗഹാർദ്ദവും തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും ഡിസിപി പറഞ്ഞു.

അതേസമയം, ഹിന്ദു കുടുംബങ്ങളെ ആക്രമിക്കുന്ന മുസ്ലിംകളെ നേരിടാൻ 250 ആയുധങ്ങൾ വിതരണം ചെയ്തിട്ടുണ്ടെന്ന് ഭൂപേന്ദ്ര വീഡിയോയിലൂടെ അവകാശപ്പെട്ടു. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ അവസ്ഥ ഇന്ത്യയിൽ ഉണ്ടാകാൻ അനുവദിക്കില്ലെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. പ്രദേശം പോലീസ് നിരീക്ഷണത്തിലാണ്. (TNIE)

For more details: The Indian Messenger

Related Articles

Back to top button