ഖത്തർ കലാഞ്ജലി ഇന്ത്യൻ സ്കൂൾ കലോത്സവത്തിന് ദോഹയിൽ തുടക്കം; 3000 മത്സരാർഥികൾ

ദോഹ: പ്രവാസി വിദ്യാർഥികളുടെ കലാപ്രതിഭകൾക്ക് വേദിയൊരുക്കി അഞ്ചാമത് മീഡിയ പെൻ ഇന്റർ സ്കൂൾ കലാഞ്ജലി കലോത്സവത്തിന് ദോഹയിൽ തുടക്കമായി. കേരള സംസ്ഥാന യുവജനോത്സവ മാതൃകയിൽ സംഘടിപ്പിക്കുന്ന ഈ അഞ്ചു ദിന കലാമാമാങ്കത്തിന് ഐഡിയൽ ഇന്ത്യൻ സ്കൂളാണ് വേദിയാകുന്നത്. ഒക്ടോബർ 26-ന് ആരംഭിച്ച കലോത്സവം നവംബർ ഒന്നിനാണ് സമാപിക്കുക.
20 സ്കൂളുകളിൽനിന്ന് 3000 പേർ
ഖത്തറിലെ പ്രധാനപ്പെട്ട ഇരുപതോളം ഇന്ത്യൻ സ്കൂളുകളിൽ നിന്നായി മൂവായിരത്തോളം മത്സരാർഥികൾ വിവിധ ഓൺസ്റ്റേജ്, ഓഫ്സ്റ്റേജ് ഇനങ്ങളിൽ കഴിവുതെളിയിക്കാനായി രംഗത്തുണ്ട്. ഇൻഡോ -ഖത്തർ സാംസ്കാരിക തനിമ വിളിച്ചോതുന്ന നിശ്ചലദൃശ്യങ്ങളും കലാരൂപങ്ങളും അണിനിരക്കുന്ന വർണാഭമായ ഘോഷയാത്രയോടെയാണ് ഉദ്ഘാടന ചടങ്ങുകൾക്ക് നാന്ദികുറിച്ചത്. കലോത്സവ നഗരിയിൽ പതാക ഉയർന്നതോടെ മത്സരങ്ങൾ ഔദ്യോഗികമായി ആരംഭിച്ചു.
ഒക്ടോബർ 26 മുതൽ 28 വരെ രാവിലെ ഒമ്പതുമുതൽ രാത്രി 11 വരെയാണ് ഓൺസ്റ്റേജ്, ഓഫ്സ്റ്റേജ് മത്സരങ്ങൾ നടക്കുക. കലോത്സവത്തിനായി മയൂരി (നൃത്തം), അമൃതവർഷണി (സംഗീതം), സാഹിതി (സാഹിത്യം), രംഗോലി (ചിത്രരചന) എന്നിങ്ങനെ നാല് പ്രധാന വേദികൾ ഒരുക്കിയിട്ടുണ്ട്.
കലാമത്സരങ്ങൾക്ക് പുറമെ സന്ദർശകരെ ലക്ഷ്യമിട്ട് വിവിധ തരം വിഭവങ്ങളുള്ള ഫൂഡ് പവിലിയനും കലോത്സവ നഗരിയിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ, വിഷ്വൽ ആർട്ട് ഫോറം ഇന്ത്യയിൽ (VAFI) നിന്നുള്ള പ്രമുഖ കലാകാരന്മാരുടെ ചിത്രങ്ങളുടെ പ്രദർശനവും മേളയുടെ മുഖ്യ ആകർഷണമാകും.
കലാതിലകവും കലാപ്രതിഭയും
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിധികർത്താക്കളാണ് മത്സരങ്ങൾ വിലയിരുത്തുക. കലാതിലകം, കലാപ്രതിഭ പട്ടം എന്നിവക്ക് പുറമെ ഏറ്റവും കൂടുതൽ പോയന്റുകൾ നേടുന്ന ഒന്നും രണ്ടും സ്ഥാനക്കാരായ സ്കൂളുകൾക്ക് പ്രത്യേക പുരസ്കാരങ്ങളും നൽകും. നവംബർ ഒന്നിന് നടക്കുന്ന സമാപന സമ്മേളനത്തിൽ വെച്ചായിരിക്കും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുക.
ഖത്തർ ഇന്ത്യൻ അംബാസഡർ വിപുൽ, ഖത്തർ സാംസ്കാരിക -വിദ്യാഭ്യാസ മന്ത്രാലയ പ്രതിനിധികൾ, സിനിമ, സാഹിത്യം, സാംസ്കാരിക മേഖലകളിലെ വിശിഷ്ട അതിഥികൾ എന്നിവർ സമാപന സമ്മേളനത്തിൽ പങ്കെടുക്കും.
NM Qatar
For more details: The Indian Messenger



