കാട്ടാളന് ഗംഭീര തുടക്കം: ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ പുതിയ ചിത്രം അണിയറയിൽ.


കൊച്ചി: ക്യൂബ്സ് എൻ്റർടൈൻമെൻ്റ് നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘കാട്ടാളൻ’-ന് കൊച്ചിയിൽ തുടക്കമായി. കൊച്ചി കളമശ്ശേരി ചാക്കോളാസ് പവലിയനിൽ നടന്ന ഔദ്യോഗിക ലോഞ്ചിംഗ് ചടങ്ങുകൾ പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി ശ്രദ്ധ നേടി. ആഗസ്റ്റ് 22 വെള്ളിയാഴ്ച നടന്ന ചടങ്ങിൽ പ്രശസ്ത സിനിമാ പ്രവർത്തകർ, അഭിനേതാക്കൾ, അണിയറ പ്രവർത്തകർ, സാമൂഹിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു.
വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച ചടങ്ങിന് മിഴിവേകി ‘കാട്ടാളൻ’ എന്ന ടൈറ്റിൽ പതിപ്പിച്ച നെറ്റിപ്പട്ടം കെട്ടിയ ഗജവീരനും നാടൻ വാദ്യമേളങ്ങളും ഉണ്ടായിരുന്നു. ചിത്രത്തിൻ്റെ അഭിനേതാക്കളും അണിയറപ്രവർത്തകരും ഒരുമിച്ച് ഭദ്രദീപം തെളിയിച്ചാണ് തുടക്കമിട്ടത്. മലയാള സിനിമയിൽ ഇത് ആദ്യ സംഭവമാണെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
ചിത്രത്തിൻ്റെ തുടക്കത്തിൽ തന്നെ അതിലെ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും പുരസ്കാരങ്ങൾ നൽകി ആദരിച്ചത് ചടങ്ങിനെ കൂടുതൽ വ്യത്യസ്തമാക്കി. ഒരു സിനിമയുടെ വിജയാഘോഷങ്ങളിൽ പുരസ്കാരങ്ങൾ നൽകുന്ന പതിവ് രീതി മാറ്റിക്കൊണ്ടാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്.
ആന്റണി വർഗീസ് (പെപ്പെ) നായകനാവുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ പോൾ ജോർജ് ആണ്. ഇദ്ദേഹം തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിൻ്റെ ചിത്രീകരണം വിദേശങ്ങളിലും ഇന്ത്യയിലുമായി 150 ദിവസത്തോളം നീണ്ടുനിൽക്കും.
രജീഷ വിജയനാണ് ചിത്രത്തിലെ നായിക. ജഗദീഷ്, സിദ്ദിഖ്, കബീർ ദുഹാൻ സിംഗ്, ആൻസൺ പോൾ എന്നിവർക്കൊപ്പം മലയാളത്തിലെയും ബോളിവുഡിലെയും മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിലെയും അഭിനേതാക്കളും ചിത്രത്തിലുണ്ട്.
ഇന്ത്യൻ സിനിമയിൽ വലിയ സ്വാധീനമുള്ള വ്യക്തിത്വങ്ങൾ ചിത്രത്തിൻ്റെ ഭാഗമാവുന്നുണ്ട്. പ്രശസ്ത കന്നഡ സംഗീത സംവിധായകൻ അജിനീഷ് ലോക്നാഥ് ആണ് സംഗീതമൊരുക്കുന്നത്. ലോകപ്രശസ്തനായ കെച്ച കെംബഡിക്കെ ആക്ഷൻ കോറിയോഗ്രാഫറായി എത്തുന്നു.
ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ:
സംഭാഷണം: ഉണ്ണി. ആർ.
ഛായാഗ്രഹണം: രണ ദേവ്
എഡിറ്റിംഗ്: ഷമീർ മുഹമ്മദ്
കലാസംവിധാനം: സുനിൽ ദാസ്
മേക്കപ്പ്: റോണക്സ് സേവ്യർ
കോസ്റ്റ്യൂം ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ
സ്റ്റിൽസ്: അമൽ സി. സദർ
ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽദേവ്
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്
പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ
‘മാർക്കോ’ എന്ന ചിത്രം നിർമ്മിച്ച ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ രണ്ടാമത്തെ ചിത്രമാണ് ‘കാട്ടാളൻ’. മാർക്കറ്റിംഗ് തന്ത്രങ്ങളിലൂടെ ‘മാർക്കോ’ വൻ വിജയം നേടിയിരുന്നു.
വാഴൂർ ജോസ്.
For more details: The Indian Messenger
				


