HEALTHINDIA NEWSKERALA NEWSTOP NEWS

ക്ഷയരോഗ പരിശോധന വ്യാപകമാക്കി ക്ഷയരോഗ മുക്ത ജില്ലയാക്കാനുള്ള നടപടികൾ വേഗത്തിലാക്കും

ആലപ്പുഴ: ശൈലി സർവ്വേ, നൂറുദിനക്ഷയ രോഗ നിവാരണ കർമ്മപരിപാടി, ഐ ആം എ ടിബി വാരിയർ ജനകീയ ക്യാമ്പയിൻ, തൊഴിലിടങ്ങൾ മറ്റ് സാമൂഹ്യ കൂട്ടായ്മകൾ എന്നിവിടങ്ങളിൽ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള ആക്ടീവ് കേസുകൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ എന്നിവയിലൂടെ ഊർജിത ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾ ജില്ലയിൽ തുടരുമെന്ന് ജില്ല കളക്ടർ അലൿസ് വർഗീസ് പറഞ്ഞു.

ജില്ല ടിബി എലിമിനേഷൻ ബോർഡ് യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ടര വർഷത്തെ മരണങ്ങളിൽ ടിബി മരണങ്ങൾ എന്ന് പറയപ്പെടുന്ന കേസുകളിൽ 16 ശതമാനം മാത്രമാണ് ടിബി കാരണം മരണപ്പെട്ടതെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവ ഗുരുതരമായ ശ്വാസകോശ രോഗങ്ങൾ, പ്രമേഹം പോലെയുള്ള ജീവിതശൈലി രോഗങ്ങൾ പുകവലി ,മദ്യപാനം, മറ്റു ഗുരുതര രോഗങ്ങൾ എന്നിവ മൂലം ആണെന്നാണ് വിശകലണത്തിലൂടെ മനസ്സിലാകുന്നതെന്ന് അധികൃതർ യോഗത്തിൽ പറഞ്ഞു.

വായുവിലൂടെ പകരുന്ന ക്ഷയരോഗം ആർക്കും വരാം. അതുകൊണ്ടുതന്നെ സാമൂഹ്യ കൂട്ടായ്മകൾ കേന്ദ്രീകരിച്ച് രോഗം തിരിച്ചറിയാനുള്ള പരിശ്രമങ്ങൾ തുടരേണ്ടതുണ്ട്. ഇതിനായി വിവിധ വകുപ്പുകളുടെ ഏകോപനവും സഹകരണവും അത്യാവശ്യമാണെന്ന് കളക്ടർ പറഞ്ഞു. ക്ഷയരോഗ ചികിത്സയിൽ ചികിത്സയ്ക്കൊപ്പം തന്നെ പ്രധാനമാണ് പോഷകാഹാരം ഉറപ്പാക്കുക എന്നത് .
ക്ഷയരോഗികൾക്ക് ചികിത്സാ പിന്തുണയും പോഷകാഹാരം നൽകുന്നതിനുള്ള പദ്ധതിയാണ് നിക്ഷയമിത്ര. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ പോഷകാഹാര കിറ്റ് വിതരണം നടക്കുന്നുണ്ട്. ഇതുകൂടാതെ സന്നദ്ധ സംഘടനകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ, വിദ്യാർത്ഥികളുടെ വോളണ്ടിയർ ഗ്രൂപ്പുകൾ ഇവർക്കൊക്കെ നിക്ഷയമിത്ര ആകാൻ കഴിയും. നിലവിൽ ജില്ലയിൽ 67 നിക്ഷയമിത്രകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിനായി വകുപ്പ് മേധാവികളുടെയും പൊതുജനങ്ങളുടെയും സഹകരണം അത്യന്താപേക്ഷിതമാണെന്ന് യോഗം വിലയിരുത്തി. രോഗ ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് കഫ പരിശോധനയ്ക്ക് വിധേയരായി,തുടർ നടപടി സ്വീകരിക്കണം.

ജില്ലാ ടിബി ഓഫീസർ ഡോ അനന്ത് മോഹൻ, ജില്ല സർവെയിലൻസ് ഓഫീസർ ഡോ ദിലീപ് കുമാർ എസ് . ആർ, ജനപ്രതിനിധികൾ വിവിധ വകുപ്പ് മേധാവികൾ ,ടിബി ചാമ്പ്യൻസ്, പ്രോഗ്രാം ഓഫീസർമാർ ,ജില്ലാ ടിബി കേന്ദ്രം ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

With input from PRD Kerala Alappuzha

Related Articles

Back to top button